നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ജോലി വാഗ്ദാനം ചെയ്തു യുവതിയെ ലോഡ്ജിലേക്ക് ക്ഷണിച്ചു; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ

  ജോലി വാഗ്ദാനം ചെയ്തു യുവതിയെ ലോഡ്ജിലേക്ക് ക്ഷണിച്ചു; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ

  ഒരു ദിവസം അബദ്ധത്തില്‍ അനിലിന്‍റെ ഫോൺ കോള്‍ യുവതിയുടെ ഫോണിലെത്തിയതിനെ തുടർന്നാണ് വാട്സാപ്പ് വഴി യുവതിയുമായി അടുപ്പം സ്ഥാപിച്ചത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കൊല്ലം: കെ എസ് എഫ് ഇയില്‍ ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജിലേക്ക് ക്ഷണിച്ച സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെഷൻ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം അശ്ലീല സന്ദേശം അയച്ചെന്ന യുവതിയുടെ പരാതിയില്‍ തേവലക്കര സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ചവറ ഏരിയ കമ്മിറ്റിയംഗവുമായ എസ്. അനിലിനെ പ്രാഥമിക അംഗത്വത്തിൽനിന്നാണ് സിപിഎം സസ്പെന്‍ഡ് ചെയ്തത്.

   ഇടുക്കി തൊടുപുഴ സ്വദേശിനിയായ യുവതിയാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയ്‌ക്കെതിരെ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയത്. ഒരു ദിവസം അബദ്ധത്തില്‍ അനിലിന്‍റെ ഫോൺ കോള്‍ യുവതിയുടെ ഫോണിലെത്തിയതിനെ തുടർന്നാണ് വാട്സാപ്പ് വഴി സൌഹൃദം സ്ഥാപിച്ചത്. ഏറെ കാലം, ഇരുവരും വാട്സാപ്പ് സൌഹൃദം തുടർന്നു. ഇതിനിടെ യുവതിയുടെ വീട്ടിലെ സാഹചര്യം മനസിലാക്കിയ അനിൽ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. പാര്‍ട്ടി നേതാവാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാലിനുമേൽ നല്ല സ്വാധീനമുണ്ടെന്നും കെഎസ്എഫ്ഇയില്‍ ജോലി വാങ്ങി നല്‍കാമെന്നുമാണ് യുവതിയെ അനിൽ അറിയിച്ചത്.

   കൊച്ചിയില്‍ ഒരു കേസിന്‍റെ ആവശ്യവുമായി ഹൈക്കോടതിയില്‍ വരുമ്പോള്‍ ബയോഡേറ്റയുമായി അവിടെ എത്താൻ അനിൽ നിർദേശിച്ചു. എന്നാല്‍ മകനുമായി വരാമെന്നു പറഞ്ഞപ്പോള്‍ തനിച്ച് ലോഡ്ജില്‍ എത്തണമെന്നാണ് അനിൽ ആവശ്യപ്പെട്ടത്. ലോഡ്ജിൽ തനിച്ച് വരണമെന്ന അനിലിന്‍റെ സംസാരം യുവതി റെക്കോർഡ് ചെയ്യുകയും, പാർട്ടി നേതൃത്വത്തിനും മഹിളാ അസോസിയേഷനും പരാതി നൽകുകയുമായിരുന്നു.

   പരാതി ലഭിച്ചതിനെ തുടർന്ന് സി പി എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍കോടി എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് അനിലിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

   വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയ ഏരിയകമ്മിറ്റി അംഗത്തെ സിപിഎം തരംതാഴ്ത്തി

   എൽഡിഎഫ് ഘടകകക്ഷിയിലെ വനിതാ നേതാവിനോട് മോശമായി പെരുമാറി എന്ന പരാതിയിൽ സി പി എം കരുനാഗപ്പള്ളി ഏരിയ സെന്റർ അംഗവും കെഎസ്കെടിയു ഏരിയ സെക്രട്ടറിയുമായ ക്ലാപ്പന സുരേഷിനെ തരംതാഴ്ത്തി. ഏരിയകമ്മിറ്റിയിൽ നിന്നു സി പി എം ക്ലാപ്പന ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. പരാതി വിശദമായി അന്വേഷിക്കാനും ഏരിയകമ്മിറ്റി തീരുമാനിച്ചു.

   Also Read- ലോട്ടറി അടിച്ചതായി പറഞ്ഞ് യുവതിയെ 60 ലക്ഷത്തോളം പറ്റിച്ചയാൾ 10 വർഷത്തിനു ശേഷം പിടിയിൽ

   ഓച്ചിറ സ്വദേശിയായ വനിതാ നേതാവ് സി പി എം ജില്ലാ സെക്രട്ടറിക്കാണ് പരാതി നൽകിയത്. ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി. രാധാമണി എന്നിവർ ക്ലാപ്പന സുരേഷിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ ജില്ലാ സെക്രട്ടറി വനിതാ നേതാവിനോട് ഫോണിൽ സംസാരിച്ച ശേഷമാണ് ഏരിയ കമ്മിറ്റിയിൽ പങ്കെടുത്തത്.

   മുൻപ്രധാനമന്ത്രിമാരെ മോശമായി ചിത്രീകരിച്ചും അശ്ലീല ഉപമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായി വനിതാ നേതാവ് സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു. ക്ലാപ്പന സുരേഷിന്‍റെ വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതോടെ സിപിഎമ്മിനുള്ളിൽ വിഷയം ചർച്ചയായിരുന്നു. ജില്ലാ സെക്രട്ടറിക്ക് പരാതി ലഭിച്ചതോടെ സിപിഎം നടപടിയിലേക്ക് കടക്കുകയായിരുന്നു. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടി ഉണ്ടാകുമെന്നും സി പി എം ജില്ലാ നേതൃത്വം പറയുന്നു.

   സിപിഎമ്മിന്റെ അച്ചടക്ക നടപടി മല എലിയെ പ്രസവിച്ചത് പോലെ; പെരുമ്പാവൂരിലെ എൽഡിഎഫ് സ്ഥാനാർഥി ബാബു ജോസഫ്

   തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം സ്വീകരിച്ച അച്ചടക്ക നടപടിയെ പരിഹസിച്ച് പെരുമ്പാവൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന ബാബു ജോസഫ്. മല എലിയെ പ്രസവിച്ചത് പോലെയായി സിപിഎം സ്വീകരിച്ച നടപടി എന്ന് ബാബു ജോസഫ് പറഞ്ഞു.

   പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ബാബു ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തലിനെ തുടർന്നായിരുന്നു ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എൻ സി  മോഹനനെ പാർട്ടി താക്കീത് ചെയ്യാൻ തീരുമാനിച്ചത്. സിപിഎം നടപടി ഗൗരവത്തിൽ ഉള്ളതല്ല എന്നാണ് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കൂടിയായിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ബാബു ജോസഫിന്റെ വിമർശനം.

   പാർട്ടി നടപടി മല എലിയെ പ്രസവിച്ചതുപോലെ ആയെന്ന് ബാബു ജോസഫ് പറഞ്ഞു. താക്കീത്  എന്നത് കടുത്ത നടപടി ആയാണ് ചിലർ പറയുന്നത്. അങ്ങനെയാണോ എന്ന് അറിയില്ല. തോൽവിക്ക് പിന്നാലെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. അത്തരം വിവരങ്ങൾ ആണ്  മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചത്. എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ലെന്ന് ബാബു ജോസഫ് പറയുന്നു.

   തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ എൻസി മോഹനന് മാത്രമല്ല വീഴ്ച സംഭവിച്ചിരിക്കുന്നത്. ജില്ലയിലെ ചില മുതിർന്ന നേതാക്കൾക്ക് വീഴ്ച ഉണ്ടായിട്ടുണ്ട്. സിപിഎം ഇവരിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഇത് പരിശോധിച്ചശേഷമാണ് ചിലർക്കെതിരെ നടപടി എടുത്തിരിക്കുന്നത്. കേരള കോൺഗ്രസ് പരാതി ഉന്നയിക്കാത്ത സാഹചര്യത്തിൽ കൂടുതൽ നടപടികൾ ആവശ്യപ്പെട്ട് ഇല്ലെന്നും ബാബു ജോസഫ് പറഞ്ഞു.

   Also Read-'ജോസ് കെ. മാണി ജനകീയനല്ല'; ആരു പറഞ്ഞാലും അവലോകന റിപ്പോർട്ടിലെ പരാർശം തിരുത്തില്ലെന്ന് സി പി ഐ

   കേരള കോൺഗ്രസ് എമ്മിന് പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ അടിത്തറയില്ല എന്ന വാദം തെറ്റാണ്. കേരള കോൺഗ്രസിന് മണ്ഡലത്തിൽ പാർട്ടിയുടെതായ വോട്ടുകൾ ഉണ്ട്. തെരഞ്ഞെടുപ്പിൽ മുന്നണി സംവിധാനം എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. എല്ലാ പാർട്ടികളുടെയും വോട്ടുകൾ ലഭിക്കുമ്പോഴാണ് സ്ഥാനാർഥി ജയിക്കുന്നത്. കടന്നപ്പള്ളി രാമചന്ദ്രനും എ കെ ശശീന്ദ്രനുമൊക്കെ തവണകളായി അവരുടെ മണ്ഡലങ്ങളിൽനിന്ന് വിജയിച്ചു കയറുന്നു. പാർട്ടി വോട്ട് കൊണ്ട് മാത്രമാണോ ഇവർ ജയിക്കുന്നതെന്നും ബാബു ജോസഫ് ചോദിച്ചു.
   Published by:Anuraj GR
   First published:
   )}