കോഴിക്കോട്: കോടഞ്ചേരി ഭാഗങ്ങളില്‍ നിരവധി മോഷണങ്ങള്‍ (Theft) നടത്തിയ പ്രതിയെ ക്രൈം സ്ക്വാഡ് പിടികൂടി. കോഴിക്കോട് (Kozhikode) റൂറല്‍ എസ്പി ഡോ. എ ശ്രീനിവാസ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഒരു വര്‍ഷമായി നിരവധി ആളില്ലാത്ത വീടുകളില്‍ കവര്‍ച്ച നടത്തിയ തമിഴ്നാട്, ഗൂഡല്ലൂര്‍, ദേവര്‍ഷോല, മാങ്ങാടന്‍ വീട്ടില്‍ സാദിക്കലി എന്ന എരുമ സിദ്ദിഖിനെയാണ് കോട്ടക്കല്‍ വെച്ച് താമരശ്ശേരി ക്രൈം സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്.
കോടഞ്ചേരിയില്‍ വാട്ടര്‍ സര്‍വീസ് സെന്ററില്‍ 3മാസം മുന്‍പ് വരെ ജോലി ചെയ്തിരുന്ന ഇയാള്‍ രാത്രിയില്‍ ബൈക്കില്‍ കറങ്ങി നടന്ന് പൂട്ടിയിട്ടതും ലൈറ്റില്ലാത്തതുമായ വീടുകള്‍ കണ്ടുവെച്ച് കളവ് നടത്തുകയാണ് പതിവ്.
ക്രിസ്തുമസ് ദിനത്തില്‍ വീട് പൂട്ടി വയനാട്ടില്‍ പോയ കൂടത്തായി സ്വദേശിയുടെ കുളമാക്കില്‍ വീട്ടില്‍ 26 ന് രാത്രി വീടിന്റെ സ്റ്റെയര്‍ കേസ് റൂമിന്റെ വാതില്‍ കമ്പിപ്പാര കൊണ്ട് പൊളിച്ച് അകത്തു കടന്ന് ഷോകേസില്‍ സൂക്ഷിച്ച 20 പവന് സ്വര്‍ണഭരണങ്ങള്‍ ഇയാള്‍ കവര്‍ന്നിരുന്നു.
കവര്‍ച്ചക്ക് ശേഷം കോട്ടക്കലുള്ള രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് പോയ പ്രതി മഞ്ചേരിയിലും കോട്ടക്കലും ഉള്ള രണ്ട് ജ്വല്ലറി കളിലായി അഞ്ച് പവന് സ്വര്‍ണം വില്പന നടത്തി ലഭിച്ച ഒന്നര ലക്ഷം രൂപക്ക് മൊബൈല്‍ ഫോണും സ്കൂട്ടറും വാങ്ങി.
Also read: Arrest | ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു; റൗഡിലിസ്റ്റിൽപെട്ട കോടാലി ഷിജു പിടിയില്‍
കളവു നടത്തിയതില്‍ പതിനഞ്ചര പവന് പ്രതിയുടെ ഭാര്യവീട്ടില്‍ നിന്നും കണ്ടെടുത്തു. അടുത്തകാലത്തു താമരശ്ശേരിയില്‍ നടന്ന പത്തോളം കളവുകള്‍ പ്രതി നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ താമരശ്ശേരി മുക്കം റോഡില്‍ എളോ ത്തുകണ്ടി വീട്ടില്‍ നിന്നും സ്വര്‍ണവും മൊബൈല്‍ ഫോണും ടാബും, താമരശ്ശേരി അമ്പലമുക്ക് പുല്പറമ്പില് വീട്ടില്‍ നിന്നും സ്വര്‍ണ്ണവും,12500രൂപയും,താമരശ്ശേരി ചുങ്കത്തുള്ള വീട്ടില്‍ നിന്നും 47,000രൂപയും, മറ്റൊരു വീട്ടില്‍ നിന്ന് സര്‍ണ്ണം, ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, ക്യാമറ, എന്നിവയും, കൂടാതെ കോടഞ്ചേരി രണ്ടു വീട്ടുകളില്‍ നിന്നും സ്വര്‍ണ്ണവും പണവും കവര്‍ച്ച നടത്തിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്.
പ്രതിയെ താമരശ്ശേരി ജെ.എഫ്.സി.എം-2 കോടതി റിമാന്‍ഡ് ചെയ്തു. താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തില്‍ ക്രൈം സ്ക്വാഡ് എസ് ഐ മാരായ രാജീവ് ബാബു, സുരേഷ് വികെ, ബിജു പി, സിപിഒ റഫീഖ് എരവട്ടൂര്‍, കൊടഞ്ചേരി എസ് ഐ അഭിലാഷ്, സജു, ഫിംഗര്‍ പ്രിന്റ് സെല്ലിലെ രഞ്ജിത്ത്. കെ, ജിജീഷ് പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kozhikkode, Robbery case, Theft