കൊച്ചി: നെടുങ്കണ്ടം കസ്റ്റഡിമരണ കേസിലെ പ്രതികള്‍ വ്യാജ രേഖയുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. മരിച്ച രാജ് കുമാറിനെ വിട്ടയച്ചത് സംബന്ധിച്ചാണ് വ്യാജ രേഖ ചമച്ചത്. സംഭവത്തില്‍ പൊലീസിലെ മേലുദ്യോഗസ്ഥരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സാമ്പത്തിക തട്ടിപ്പു കേസില്‍ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത രാജ്കുമാര് കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് മരിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ വിജയയും മാതാവും മകനും നല്കിയ ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. കഴിഞ്ഞ 16ന് സിബിഐക്ക് കേസ് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയതായും ക്രൈബ്രാഞ്ച് ഡിവൈഎസ്പി ജോണ്സണ് ജോസഫ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
ജൂണ്‍ 12 മുതല്‍ പ്രതികളായ പൊലീസുകാര്‍ രാജ്കുമാറിനെ കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചെന്നും എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ വിട്ടയച്ചതായി വ്യാജരേഖയുണ്ടാക്കിയെന്നും വിശദീകരണത്തില്‍ പറയുന്നു. ജൂണ്‍ 21ന് രാജ്കുമാര് മരിച്ച ശേഷമാണ് വ്യാജരേഖയുണ്ടാക്കിയത്.
റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇയാളെ ജൂണ്‍ 15ന് അറസ്റ്റ് ചെയ്തെന്നാണ് പറയുന്നത്. റിപ്പോര്‍ട്ടിലെ പല വിവരങ്ങളും വാസ്തവവിരുദ്ധമായ കാര്യങ്ങളാണന്നും വിശദീകരണത്തിലുണ്ട്. പ്രതികളുടെ മേലുദ്യോഗസ്ഥരായവരുടെ പങ്കാളിത്തം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.