ഇന്റലിജൻസ് ബ്യൂറോ (ഐബി) ഡയറക്ടറുടെ വസതിയിൽ ഡ്യുട്ടിയിലുണ്ടായിരുന്ന സിആർപിഎഫ് ജവാൻ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ. തന്റെ സർവീസ് ആയുധമായ എകെ 47 തോക്കുപയോഗിച്ച് സ്വയം വെടിവച്ചാണ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തത്. രാജ്യത്തെ ഏറ്റവും മുതിർന്ന റാങ്കുള്ള ഐപിഎസ് ഓഫീസറാണ് ഐബി മേധാവി. ആത്മഹത്യ സംബന്ധിച്ച് അടിയന്തിര അന്വഷണം ആരംഭിച്ചിട്ടുണ്ട്.
സുരക്ഷാ സേനാംഗങ്ങളുടെ ആത്മഹത്യകളും കൊലപാതങ്ങളും വർധിച്ച് വരാനുള്ള കാരണങ്ങളെ സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വഷണ റിപ്പോർട്ട് വരാനിരിക്കെയാണ് വീണ്ടും ഒരു സുരക്ഷ സേനാംഗം കൂടി ആത്മഹത്യ ചെയ്തെന്ന വാർത്തകൾ പുറത്തു വരുന്നത്. ഐബി ഡയറക്ടർ തപൻ ദേകയുടെ വസതിയിൽ സുരക്ഷയ്ക്കായി നിയോഗിച്ച 50 വയസുകാരനും മധ്യപ്രദേശ് സ്വദേശിയും സിആർപിഎഫിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുമായ രാജേഷ് കുമാറാണ് ആത്മഹത്യാ ചെയ്തതെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
സ്വന്തം തലയ്ക്ക് നേരെ എകെ 47 തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് മറ്റ് ഉദ്യോഗസ്ഥരും ജവാന്മാരും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ആളെയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരോട് അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതും, ഭീഷണിപ്പെടുത്തുന്നതും, ജോലിസ്ഥലത്ത് അപമാനിക്കാൻ ശ്രമിക്കുന്നതും കർശനമായി നിരോധിക്കണമെന്നും സേനയിലെ ആത്മഹത്യ പ്രവണത തടയാൻ സുതാര്യമായ നയം ആവശ്യമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
അർദ്ധസൈനിക വിഭാഗത്തിന് നൽകിവരുന്ന മോശം അടിസ്ഥാന സൗകര്യങ്ങൾ, കുടുംബങ്ങളിൽ നിന്ന് ദീർഘകാലം വേർപിരിഞ്ഞ് നിൽക്കേണ്ടി വരുന്ന അവസ്ഥ, നിർബന്ധിത ബാച്ചിലർഷിപ്പ് എന്നിവ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ചില കാരണങ്ങളാണെന്ന് ശുപാർശയിൽ പറയുന്നു. എല്ലാ അർദ്ധസൈനിക വിഭാഗങ്ങളുടെയും അസം റൈഫിൾസിന്റെയും കേസുകൾ വിശദമായി അന്വഷിച്ച് തയ്യാറാക്കിയ കരട് റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
“സൈനികർക്ക് ബാരക്കുകൾ, ബാത്ത് പോയിന്റുകൾ, ടോയ്‌ലറ്റുകൾ, വിനോദത്തിനുള്ള സൗകര്യങ്ങൾ , കോമൺ ഹാളുകൾ, കായികവിനോദത്തിനുള്ള സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കണം. അവരുടെ മേലുദ്യോഗസ്ഥരുടെ ഉദ്യോഗാസ്ഥന്റെ സമീപനം വളരെ പ്രധാനമാണ്. ശിക്ഷാ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം അത്തരം പ്രശ്നങ്ങൾ തിരിച്ചറിയാനും തിരുത്തൽ നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് പരിശീലനം നല്കണം.
ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ വളരെക്കാലം നീണ്ടുനിൽക്കുന്ന സേനവിന്യാസം പലർക്കും ക്ഷീണം, രോഗങ്ങൾ, മാനസിക വൈകല്യങ്ങൾ എന്നിവ ഉണ്ടാക്കാൻ ഇടയാക്കുന്നുണ്ട്. വ്യായാമം, സുതാര്യമായ സ്ഥലംമാറ്റ നയം, സോഫ്റ്റ് പോസ്റ്റിംഗ് സംവിധാനം, ശക്തമായ മെഡിക്കൽ സംവിധാനം എന്നിവ ഇതിനുള്ള ഫലപ്രദമായ പരിഹാരങ്ങളാണ്” എന്ന് ആത്മഹത്യകൾക്കെതിരായ പ്രതിരോധ നടപടികൾ നിർദ്ദേശിക്കുന്ന റിപ്പോർട്ടിൽ ഭാഗത്ത് പറയുന്നു.
വാസയോഗ്യമല്ലാത്തതും പ്രതികൂലവുമായ കാലാവസ്ഥയിൽ സുരക്ഷാ ഡ്യൂട്ടിക്ക് വിന്യസിക്കപ്പെടുമ്പോൾ ആരോഗ്യപ്രശ്നങ്ങൾ പരിശോധിക്കുന്നതിനും സൈക്കോട്ടിക് ഡിസോർഡേഴ്സ് പോലെയുള്ള പ്രശ്നങ്ങൾ മുൻകൂട്ടി അറിയാനും സാധിക്കുന്ന സംവിധാനം അത്യാവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു. കൃത്യമായ ഇടവേളകളിൽ ഡ്യൂട്ടികൾ പുനഃക്രമീകരിക്കുക, ശാരീരികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കുക, യോഗ, ധ്യാനം, കളികൾ, ആശയവിനിമയത്തിനുള്ള സൗകര്യം, സമ്മേളനങ്ങൾ എന്നിവ സൈനികരെ ഒറ്റപ്പെടൽ വികാരങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നതിന് പ്രയോജനകരമാണെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
ജൂനിയർ/സീനിയർ ഉദ്യോഗസ്ഥർ അവരുടെ സഹപ്രവർത്തകരുമായി ഔപചാരികവും അനൗപചാരികവുമായ ഇടപെടൽ പതിവായി നടത്തണം. സാധ്യമെങ്കിൽ അവരുടെ കുടുംബങ്ങളെ അവരുടെ ഡ്യൂട്ടി സ്ഥലങ്ങളിൽ നിർത്താൻ സൈനികരെ അനുവദിക്കുന്നതും റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്ന ചില പരിഹാരങ്ങളാണ്.
ജോലിസ്ഥലത്ത് അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും കർശനമായ നിരോധനം ഏർപ്പെടുത്തണം. എല്ലാ തലങ്ങളിലുമുള്ള കമാൻഡർമാർ പെരുമാറ്റത്തിൽ മാന്യത ഉറപ്പാക്കണം. തൊഴിൽ സംബന്ധമായുള്ള പ്രശ്നങ്ങളും, കുടുംബ പ്രശ്നങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് സുതാര്യമായ സ്ഥലംമാറ്റ നയം ആവശ്യമാണെന്ന് റിപ്പോർട്ട് പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.