• HOME
  • »
  • NEWS
  • »
  • crime
  • »
  • മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒരു കിലോയോളം സ്വർണ മിശ്രിതം; കരിപ്പൂരിൽ രണ്ടു പേർ പിടിയിൽ

മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒരു കിലോയോളം സ്വർണ മിശ്രിതം; കരിപ്പൂരിൽ രണ്ടു പേർ പിടിയിൽ

കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടുന്ന 71-ാമത്തെ സ്വർണക്കടത്ത് കേസാണിത്.

  • Share this:
മലപ്പുറം: കരിപ്പൂരിൽ അധികൃതരുടെ സ്വർണ വേട്ട തുടരുകയാണ്. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം ആണ് പോലീസും കസ്റ്റംസും പിടികൂടിയത്. 50. 52 ലക്ഷം  രൂപയുടെ സ്വർണം ആണ് കസ്റ്റംസ്  പിടിച്ചെടുത്തത്. കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച  ഏകദേശം ഒരു കിലോയോളം സ്വർണ്ണമിശ്രിതം കോഴിക്കോട് കസ്റ്റംസ്‌ പ്രവന്റീവ് വിഭാഗമാണ് പിടികൂടിയത്. ബുധനാഴ്ച രാവിലെ ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന കോഴിക്കോട്  പുത്തൂർ സ്വദേശിയായ ഇരട്ടകുളങ്ങര ജാസിറാണ് പിടിയിൽ ആയത്.

ഇയാളിൽ നിന്നും ആണ്  1082 ഗ്രാം സ്വർണ്ണമിശ്രിതം ആണ് പിടിച്ചെടുത്തത്. സ്വർണ മിശ്രിതം 4 ക്യാപ്സ്യൂളുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ആയിരുന്നു ഇയാളുടെ ശ്രമം.  പിടികൂടിയ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 50.52 ലക്ഷം രൂപ വിലവരുന്ന 992.57 ഗ്രാം 24 കാരറ്റ് സ്വർണം ലഭിക്കുകയുണ്ടായി. 50,000 രൂപയാണ് സ്വർണം കടത്തുന്നതിന് ജാസിറിന് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തിരുന്നത്.  ഇതുമായി  ബന്ധപ്പെട്ട് കസ്റ്റംസ്‌ സമഗ്ര അന്വേഷണം നടത്തിവരുകയാണ്. കസ്റ്റംസ്‌ പ്രവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ  സിനോയി കെ മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ട് പ്രകാശ്  എം, ഇൻസ്‌പെക്ടർ കപിൽ ദേവ് സൂരിറ എന്നിവർ ചേർന്നാണ് ഈ സ്വർണ കള്ളക്കടത്ത് പിടികൂടിയത്.

Also Read-ബെംഗളുരുവിൽ നിന്ന് കൊറിയർ വഴി എംഡിഎംഎ; വിൽപ്പന നടത്തിയ താക്കോൽ ഷോപ്പ് ഉടമ പിടിയിൽ

അതേസമയം കരിപ്പൂർ വിമാനത്താവളം വഴി 42  ലക്ഷം രൂപയുടെ സ്വര്‍ണ്ണം  കടത്താനുള്ള ശ്രമമാണ്  പോലീസ്  പൊളിച്ചത്. സംഭവത്തില്‍  ഒരു യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴികോട് പയ്യോളി  സ്വദേശി റസാഖ്(52) ആണ് പിടിയിലായത്. മലദ്വാരത്തിനകത്ത് 800 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 3 കാപ്സ്യൂളുകളായി  ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 42 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

ബുധനാഴ്ച രാവിലെ 8 മണിക്ക്  ദുബായില്‍  നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്  വിമാനത്തിലാണ്  (IX 344) റസാഖ് കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 8.40 മണിയോടെ വിമാനത്താവളത്തിന്‌  പുറത്തിറങ്ങിയ റസാഖിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു. പുറത്തെത്തിയ റസാഖ് തന്നെ കൊണ്ട് പോവാന്‍ വന്ന സുഹൃത്തുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി  സീറോ പോയിന്‍റില്‍ വെച്ചാണ് റസാഖിനെ  പോലീസ് കസ്റ്റഡിയിലെടുത്തത്.

Also Read-16 കാരിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച 46കാരനും സഹായിയായ 71കാരനും അറസ്റ്റില്‍

മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത്  ദാസ് IPS ന് ലഭിച്ച രഹസ്യ  വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റസാഖിനെ പോലീസ്  കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ റസാഖ് വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണ്ണം കണ്ടെത്താനായില്ല. തുടര്‍ന്ന് റസാഖിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. എക്സറേ പരിശോധനയില്‍ റസാഖിൻ്റെ വയറിനകത്ത്  സ്വര്‍ണ്ണ മിശ്രിതമടങ്ങിയ 3 കാപ്സ്യൂളുകള്‍ കണ്ടെത്തുകയായിരുന്നു.

സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ ആളുകള്‍ വരുമെന്നായിരുന്നു റസാഖിനെ  ദുബായില്‍ നിന്നും സ്വര്‍ണ്ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്. റസാഖിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടുന്ന 71-ാമത്തെ സ്വർണക്കടത്ത് കേസാണിത്.
Published by:Jayesh Krishnan
First published: