കരിപ്പൂരിൽ കസ്റ്റംസിൻ്റെ സ്വർണ വേട്ട തുടരുന്നു. കഴിഞ്ഞ രാത്രി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലും ആയി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില മതിക്കുന്ന മൂന്നേ കാൽ കിലോഗ്രാമോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. കൂടാതെ വിദേശത്തേക്ക് കടത്തുവാൻ ശ്രമിച്ച ഏകദേശം 15 ലക്ഷം രൂപയ്ക്കു തുല്യമായ വിദേശ കറൻസിയും എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.
സ്‌പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽനിന്നും നിന്നുo വന്ന കോഴിക്കോട് നീലേശ്വരം സ്വദേശിയായ മുഹമ്മദ് അൻവർഷായിൽ (27) നിന്നും 1169 ഗ്രാം സ്വർണ്ണമിശ്രിതവും എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും വന്ന മലപ്പുറം വാരിയങ്കോട് സ്വദേശിയായ കലകണ്ടത്തിൽ പ്രമോദിൽ (40) നിന്നും 1141 ഗ്രാം സ്വർണ്ണമിശ്രിതവും ആണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. പ്രമോദും അൻവർഷായും സ്വർണ്ണമിശ്രിതം അടങ്ങിയ 4 ക്യാപ്സ്യൂളുകൾ വീതമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുവന്നത്.
ഈ രണ്ടു കേസിലും സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്ത ശേഷം പ്രമോദിന്റെയും അൻവർഷായുടെയും അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കുന്നതാണ്. കൂടാതെ ദുബായിൽ നിന്നും വന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ പിൻവശത്തുള്ള ഒരു സീറ്റിന്റെ അടിയിൽ നിന്നും എയർ കസ്റ്റoസ്‍ ഉദ്യോഗസ്ഥർ 1331 ഗ്രാം തൂക്കമുള്ള സ്വർണ്ണമിശ്രിതമടങ്ങിയ ചാര നിറത്തിലുള്ള രണ്ടു പാക്കറ്റുകൾ പിടിച്ചെടുത്തിരുന്നു. ഈ കേസിൽ സീറ്റിനടിയിൽ സ്വർണം ഒളിപ്പിച്ചുകൊണ്ടുവന്ന യാത്രക്കാരനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ കാസർഗോഡ് ബേക്കൽ സ്വദേശിനിയായ ഫാത്തിമ താഹിറ കുഞ്ഞമ്മദിൽ (40) നിന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ 15.36 ലക്ഷം രൂപയ്ക്കു തുല്യമായ 19,200 അമേരിക്കൻ ഡോളർ പിടികൂടിയത്. പിടികൂടിയ കറൻസി തന്റെ കൈവമുണ്ടായിരുന്ന ബാഗേജുകളിലാണ് ഫാത്തിമ വിദഗ്ധമായി ഒളിപ്പിച്ചു വച്ചിരുന്നത്. പിടിച്ചെടുത്ത കറൻസിയുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും ഹാജരാക്കാൻ സാധിക്കാത്തതിനാൽ ഫാത്തിമയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരുകയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.