• HOME
  • »
  • NEWS
  • »
  • crime
  • »
  • ചിട്ടി പൊട്ടി; ഭർത്താവ് ഉപേക്ഷിച്ചു; പൂജയെന്ന പേരിൽ സ്ത്രീകളെ കൊന്ന് കവർച്ച നടത്തിയ സീരിയൽ കില്ലറായ സ്ത്രീ

ചിട്ടി പൊട്ടി; ഭർത്താവ് ഉപേക്ഷിച്ചു; പൂജയെന്ന പേരിൽ സ്ത്രീകളെ കൊന്ന് കവർച്ച നടത്തിയ സീരിയൽ കില്ലറായ സ്ത്രീ

ഇന്ത്യയിലെ തന്നെ ആദ്യ വനിതാ സീരിയല്‍ കില്ലര്‍ എന്ന നിലയില്‍ കുപ്രസിദ്ധി നേടിയയാളാണ് സയനെഡ് മല്ലിക എന്ന കെ.ഡി. കെമ്പമ്മ

  • Share this:

    ബംഗളൂരു: സീരിയല്‍ കില്ലറുകളെക്കുറിച്ചും അവര്‍ നടത്തിയിട്ടുള്ള ക്രൂര കൊലപാതകങ്ങളെപ്പറ്റിയും അൽപ്പം ഞെട്ടലോടെയാകും ലോകം കേട്ടിട്ടുണ്ടാവുക. അത്തരത്തില്‍ ഇന്ത്യയിലെ തന്നെ ആദ്യ വനിതാ സീരിയല്‍ കില്ലര്‍ എന്ന നിലയില്‍ കുപ്രസിദ്ധി നേടിയയാളാണ് സയനെഡ് മല്ലിക എന്ന കെ.ഡി. കെമ്പമ്മ. ഔദ്യോഗിക രേഖകളൊന്നുമില്ലെങ്കിലും ഇന്ത്യയിലെ ആദ്യത്തെ വനിതാ സീരിയല്‍ കില്ലറാണ് കെമ്പമ്മയെന്നാണ് ഇപ്പോഴും വിശ്വസിക്കപ്പെടുന്നത്. എന്താണ് ഇവര്‍ ചെയ്ത ക്രൂരകൃത്യങ്ങള്‍ എന്നല്ലേ? കൂടുതൽ അറിയാം.

    ബംഗളൂരുവിന്റെ പ്രാന്തപ്രദേശമായ കഗ്ഗാലിപ്പുര ഗ്രാമമാണ് കെമ്പമ്മയുടെ സ്വദേശം. അവിടെ ഒരു തയ്യല്‍ക്കാരനെ വിവാഹം ചെയ്ത് ജീവിക്കുകയായിരുന്നു കെമ്പമ്മ. അവര്‍ക്ക് സ്വന്തമായി ചെറിയ ഒരു ചിട്ടി ഫണ്ടുണ്ടായിരുന്നു. ബിസിനസ്സില്‍ നഷ്ടം നേരിട്ടതോടെയാണ് കെമ്പമ്മയുടെ ജീവിതം മാറിമറിഞ്ഞത്. പിന്നീട് ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ചു. തന്റെ കുടുംബ വീട്ടില്‍ നിന്ന് ഇവര്‍ പുറത്താക്കപ്പെടുകയും ചെയ്തു. 1998ന് മുമ്പാണ് ഇതെല്ലാം കെമ്പമ്മയുടെ ജീവിതത്തില്‍ സംഭവിക്കുന്നത്.

    പിന്നീട് ചില വീടുകളില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്താണ് ഇവര്‍ ജീവിച്ചത്. ആ സമയത്ത് ചെറിയ രീതിയില്‍ മോഷണവും നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ലോകത്തെ ഞെട്ടിക്കുന്ന കൊലപാതകങ്ങളാണ് കെമ്പമ്മ ചെയ്തുകൂട്ടിയത്.

    Also read: അങ്ങനെയും ചില മനുഷ്യർ; ‘ഉച്ചഭക്ഷണത്തിനു പണം തികയാതെ വന്നാൽ കയ്യിൽ ഉള്ളതു തന്നാൽ മതി’

    ക്ഷേത്രങ്ങളിലും മറ്റും പതിവായി പോകുന്ന സ്ത്രീകളെയാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. ഇവരുമായി കെമ്പമ്മ സൗഹ്യദം സ്ഥാപിക്കും. പിന്നീട് ഇവരുടെ പ്രശ്‌നങ്ങളും വിഷമങ്ങളും തീര്‍ക്കാൻ ചില പൂജകളും കര്‍മ്മങ്ങളും മറ്റും ചെയ്യണമെന്ന് നിർദേശിക്കും. ഇത് വിശ്വസിച്ച് സ്ത്രീകള്‍ പൂജ നടത്താമെന്ന് സമ്മതിക്കും. തുടര്‍ന്ന് പൂജയ്ക്കായി എത്തുന്ന സ്ത്രീകള്‍ക്ക് വെള്ളത്തിനൊപ്പം സനയനൈഡ് നല്‍കിയാണ് ഇവര്‍ കൊല നടത്തിയിരുന്നത്. ശേഷം സ്ത്രീകളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ കൈക്കലാക്കി കടന്നുകളയുന്നതായിരുന്നു ഇവരുടെ രീതി.

    ഇത്തരത്തില്‍ കെമ്പമ്മ ആദ്യം കൊന്ന സ്ത്രീയാണ് മമത രാജന്‍. 30 വയസ്സുകാരിയായ മമതയെ 1999ലാണ് കെമ്പമ്മ കൊന്നത്.

    തുടർന്ന് 2000ൽ കെമ്പമ്മ മറ്റൊരു കേസിൽ പൊലീസ് പിടിയിലായി. ഒരു വീട്ടില്‍ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്.

    ഈ കുറ്റത്തിന് വെറും ആറ് മാസമാണ് ഇവര്‍ ജയിലില്‍ കിടന്നത്. ശേഷം പുറത്തിറങ്ങിയ ഇവര്‍ വീണ്ടും കൊലപാതകങ്ങള്‍ നടത്തി. 2007ല്‍ അഞ്ച് സ്ത്രീകളെയാണ് കെമ്പമ്മ കൊന്നത്.

    എന്നാല്‍ കൊലപാതക കേസിൽ ഇവരെ 2008ലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീയെ കൊന്നശേഷം അവരുടെ ആഭരണങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കവെയാണ് ഇവരെ പൊലീസ് പിടികൂടിയത്. തുടര്‍ന്നാണ് ഇവര്‍ മുമ്പ് നടത്തിയ കൊലപാതക പരമ്പര പുറത്തായത്.

    കെമ്പമ്മയുടെ സഹായിയായി ഒരു സ്ത്രീ കൂടിയുണ്ടായിരുന്നു. ജയമ്മ എന്നായിരുന്നു ഇവരുടെ പേര്. ജയമ്മയെ 2008 ഡിസംബറിലാണ് പൊലീസ് പിടികൂടിയത്.

    കൊലപാതകങ്ങൾക്ക് പിന്നിൽ മോഷണമായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്ന് കെമ്പമ്മ പിന്നീട് പൊലീസിനോട് വെളിപ്പെടുത്തി. രണ്ട് സ്ത്രീകളെ കൊന്ന കേസില്‍ കെമ്പമ്മയ്ക്ക് കോടതി ഇരട്ട വധശിക്ഷ വിധിയ്ക്കുകയായിരുന്നു. എന്നാല്‍ ഒരു സ്ത്രീയെ കൊന്നക്കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമേ കെമ്പമ്മയ്‌ക്കെതിരെ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ആ കേസില്‍ അവരുടെ വധശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കി കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

    Published by:user_57
    First published: