പുതുക്കോട്ടൈ: ദളിത് യുവാവിനെ ആക്രമിച്ച സംഭവത്തിൽ തമിഴ്നാട്ടിൽ നാല് പേർ അറസ്റ്റിൽ. ജതി പറഞ്ഞ് അപമാനിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് പതിനെട്ട് വയസ്സുള്ള യുവാവിനെ ആക്രമിച്ചത്. തമിഴ്നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലാണ് സംഭവം.
പുതുക്കോട്ടൈയിലെ തനികൊണ്ടൻ ഗ്രാമത്തിൽ കുളത്തിൽ മീൻ പിടിക്കുന്നതിനിടയിലുണ്ടായ വാക് പോരിനൊടുവിലാണ് യുവാക്കൾ ദളിത് യുവാവിനെ ആക്രമിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാനെത്തിയ യുവാവിനെ പ്രദീപ് എന്ന് പേരുള്ള യുവാവിന്റെ നേതൃത്വത്തിലുള്ള സംഘം ജാതി പറഞ്ഞ് അപമാനിച്ചു.
ഇത് ചോദ്യം ചെയ്ത യുവാവിനെ പ്രദീപും മറ്റ് മൂന്ന് പേരും ചേർന്ന് കാറിൽ പിടിച്ചു കയറ്റി ആരുമില്ലാത്ത സ്ഥലത്ത് എത്തിച്ചു. ഇവിടെ വെച്ച് യുവാവിനെ നാലംഗ സംഘം മർദ്ദിച്ചുവെന്നും ദേഹത്ത് മൂത്രമൊഴിച്ചുവെന്നുമാണ് പരാതി.
You may also like:മകനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചു; ബോംബ് പൊട്ടി മരിച്ചത് പിതാവ്
സംഭവത്തിൽ യുവാവ് നൽകിയ പരാതിയിലാണ് പ്രദീപ് അടക്കമുള്ള നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, മറ്റൊരു സംഭവത്തിൽ ഉത്തർപ്രദേശിൽ മുപ്പത്തിയഞ്ചുകാരിയായ ദളിത് യുവതി പീഡനത്തിനിരയായി. പ്രായപൂർത്തിയാകാത്ത അഞ്ച് പേർ ഉൾപ്പെടെ ആറുപേർ ചേർന്നാണ് യുവതി കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന്റെ ദൃശ്യങ്ങളും പ്രതികൾ പ്രചരിപ്പിച്ചിരുന്നു.
You may also like:പ്രായപൂർത്തിയാകാത്ത അഞ്ചുപേർ ചേർന്ന് ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; വീഡിയോ പ്രചരിപ്പിച്ചു
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആറു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ വ്യാപകമായ പ്രചരിച്ചതോടെ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും വ്യാഴാഴ്ച രാത്രിയോടെ പ്രതികളെ പിടികൂടുകയുമായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
You may also like:കണ്ണൂരിൽ പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ
15 ഉം 17ഉം വയസുള്ളവരാണ് കേസിലെ അഞ്ച് പ്രതികൾ. ഇവരെ ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റി. മുതിർന്ന ആറാമനെ ജയിലിലേക്ക് മാറ്റി. ക്രൂരമായ ലൈംഗിക പീഡനത്തിന് പിന്നാലെ യുവതി വീട്ടിലെത്തി കുടുംബാംഗങ്ങളോട് നടന്ന കാര്യം വെളിപ്പെടുത്തിയിരുന്നു.
വീഡിയോ പ്രചരിപ്പിക്കുമെന്ന ഭീതിയിൽ യുവതി സംഭവം പുറത്തു പറഞ്ഞിരുന്നില്ല. എന്നാൽ ബുധനാഴ്ച കേസിലെ 19 വയസുള്ള ആറാമൻ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. ഇക്കാര്യം അറിഞ്ഞതോടെ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് വ്യാഴാഴ്ച രാത്രി തന്നെ ആറു പേരെയും അറസ്റ്റ് ചെയ്തു. - ബദൗൻ അഡീഷണൽ റൂറൽ എസ് പി സിദ്ധാർത്ഥ് വർമ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.