കൊച്ചി : നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) അന്വേഷണ ഉദ്യോഗസ്ഥരെ വധിയ്ക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപിനെ (Dileep) വെട്ടിലാക്കി ജോലിക്കാരൻ ദാസന്റെ (Dasan) മൊഴി. ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പൊലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ജോലിക്കാരന്റെ വെളിപ്പെടുത്തൽ. അഡ്വ. ബി രാമൻപിള്ളയുടെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ദിലീപിൻ്റെ സഹോദരൻ അനൂപാണ് തന്നെ അഭിഭാഷകൻ്റെ അടുത്തെത്തിച്ചതെന്നും ദാസൻ മൊഴിയിൽ പറയുന്നു.
ദിലീപിനെതിരായി വാർത്താ സമ്മേളനം നടത്തും മുമ്പ് ഇക്കാര്യം വാട്സ് ആപ്പ് സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. ദിലീപിനെ ഇക്കാര്യം അറിയിക്കണമെന്ന് പറഞ്ഞെങ്കിലും ഭയം മൂലം അറിയിക്കാൻ കഴിഞ്ഞില്ല. വാർത്താ സമ്മേളനം ഒഴിവാക്കാൻ താൻ അഭ്യർത്ഥിച്ചതായും ദാസൻ്റെ മൊഴിയിൽ പറയുന്നു. 2017 മുതൽ 2020 വരെ ദിലീപിൻ്റെ വീട്ടിലെ ജോലിക്കാരനായിരുന്നു ദാസൻ. ഇക്കാലത്ത് നിരവധി തവണ ബാലചന്ദ്രകുമാർ ദിലീപിൻ്റെ വീട്ടിലെത്തിയിരുന്നതായും മൊഴിയിൽ പറയുന്നു.
ദിലീപ് നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നുമുളള നിർണായക വെളിപ്പെടുത്തൽ നടത്തിയത് സംവിധായകൻ ബാലചന്ദ്രകുമാറായിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായ ഇയാൾ സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്നു. ഈ സമയത്ത് ദിലീപ് നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചില നിർണായക കാര്യങ്ങൾ പറയുന്നത് ബാലചന്ദ്ര കുമാർ റെക്കോർഡ് ചെയ്തിരുന്നു. ഇത് പുറത്ത് വന്നതോടെയാണ് ദിലീപിനെതിരെ ഗൂഢാലോചനാ കേസ് എടുത്തതും നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണം നടത്താൻ കോടതി നിർദ്ദേശിച്ചതും.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധഗൂഢാലോചന നടത്തിയ കേസിൽ ഫോണിലെ തെളിവുകൾ നടൻ ദിലീപ് നശിപ്പിച്ചെന്നും കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയിൽ വെച്ച് ഫോണുകൾ ഫോർമാറ്റ് ചെയ്തയെന്നും കണ്ടെത്തി. ലാബിൻ്റെ ഡയറക്ടർ, ജീവനക്കാർ എന്നിവരെയും ക്രൈംബ്രാഞ്ച് ചെയ്തിരുന്നു. ഇതടക്കം തെളിവുകൾ നശിപ്പിക്കാൻ ദിലീപ് മനപൂർവം ശ്രമിച്ചു എന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.
ദിലീപിന്‍റെയും സഹോദരൻ അനൂപിന്‍റെയും സഹോദരീ ഭർത്താവ് സൂരജിന്‍റെയും അടക്കം ആറു ഫോണുകളാണ് സൈബർ ഫോറൻസിക് പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് വിധേയമാക്കിയത്. വധ ഗൂഢാലോചനാക്കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും പങ്കാളിത്തം തെളിയിക്കുന്നതിനുളള പ്രധാന തെളിവായി ഫോണുകൾ മാറും എന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ജനുവരി 29നായിരുന്നു ഈ ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ ഇതേ ദിവസവും തൊട്ടടുത്ത ദിവസവുമായി മുംബൈയിലേക്ക് കൊണ്ടുപോയ നാല് ഫോണുകളിലെ ഡാറ്റ നീക്കം ചെയ്തെന്നാണ് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ നിർണായകമായ മൊബൈൽ ഫോൺ ഡാറ്റകൾ ദിലീപ് നശിപ്പിച്ചതായി അന്വേഷണസംഘം ഇന്നലെ സത്യവാങ്മൂലം നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും അടക്കമുളള പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ് ഐ ആറിൽ ഉളളത്.കേസിൽ ദിലീപിനും കൂട്ടുപ്രതികൾക്കും നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ തെളിവൊന്നുമില്ലെന്ന് വ്യക്തമായതോടെ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ച കേസാണിതെന്നാണ് ദിലീപിന്‍റെ വാദം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actress attack case, Dileep