പെട്രോള്‍ പമ്പ് ഉടമയായ അച്ഛനെ കൊല്ലാന്‍ ഗുണ്ടകള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്കിയ മകള്‍ പിടിയില്‍. നാഗ്പൂരിലെ ഭീവാപൂരില് പെട്രോള്‍ പമ്പ് നടത്തിയിരുന്ന ദിലീപ് സോന്റക്കെയുടെ മകള്‍ പ്രിയ മഹുര്തലെ (35) യാണ് നാഗ്പൂര്‍ റൂറല്‍ പോലീസ് അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ മെയ് 17 നാഗ്ഭിദ് ഹൈവേയിലുള്ള പെട്രോള്‍ പമ്പില്‍ വെച്ചാണ് ദിലീപ് സോന്റക്കെയെ മൂന്ന് ഗുണ്ടകള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. പതിനഞ്ചിലധികം തവണ ഇയാള്‍ക്ക് കുത്തേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
പിതാവിന് ഒരു അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും ഇതിന്റെ പേരില്‍ അമ്മയെയും കുടുംബാംഗങ്ങളെയും പിതാവ് നിരന്തരം ഉപദ്രവിച്ചിരുന്നെന്നും ഇക്കാരണത്താലാണ് ഇയാളെ കൊല്ലാന്‍ പണം നല്‍കിയതെന്ന് മകള്‍ പൊലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രിയയെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രിയയുടെ ഭര്‍ത്താവ് കിഷോറും കൊല്ലപ്പെട്ട ദിലീപിന്റെ പെട്രോള്‍ പമ്പിലാണ് ജോലി ചെയ്തിരുന്നത്. പമ്പിലുണ്ടായിരുന്ന 1.34 ലക്ഷം രൂപയും അക്രമികള്‍ തട്ടിയെടുത്തിരുന്നു.പമ്പ് ഉടമയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാരായ രാജ്വേര് നാഹെയ്ക്കും പരിക്കേറ്റു.
കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ നാഗ്പൂര്‍ പോലീസ് പിടികൂടി. ഷെയ്ഖ് അഫ്രോസ് എന്ന ഇമ്രാന് ഹനീഫ്, മുഹമ്മദ് വാസിം ലാല്‍ മുഹമ്മദ്, സുബൈര്‍ ഖാന് എന്നിവരെയാണ് പിടികൂടിയത്. പ്രിയയുടെ ദിഗോരിയിലെ വീട്ടില്‍ ടൈല്‍ പാകുന്ന ജോലി നടക്കുന്നതിനിടെ അച്ഛന് ദിലീപെത്തി മകളുമായി വഴക്കിടുകയും സ്വത്തുക്കളെല്ലാം ഭീവാപൂരിലുള്ള മറ്റൊരു സ്ത്രീയുടെ പേരിലേക്ക് മാറ്റുകയാണെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് ടൈല്‍ പണിക്കുവന്ന തൊഴിലാളികളോട് അച്ഛന്റെ ദുര്നടപ്പിനെ കുറിച്ചും അമ്മയെയും സഹോദരങ്ങളെയും ഉപദ്രവിക്കുന്നതിനെയും പറ്റി പറഞ്ഞു.
പ്രിയയുടെ അവസ്ഥ കേട്ട തൊഴിലാളികളില്‍ ഒരാളാണ് അക്രമികളില്‍ ഒരാളായ അഫ്രോസിനെ പ്രിയക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. തുടര്‍ന്ന് അച്ഛനെ വകവരുത്താന്‍ 5 ലക്ഷം രൂപ നല്‍കാമെന്നും വാഗ്ദാനം ചെയ്തു. ക്വട്ടേഷന്‍ പ്രതിഫലമായി ലഭിച്ച തുക പ്രതികളില്‍ നിന്ന് കണ്ടെത്തിയതായി എസ്.പി വിശാല്‍ ആനന്ദ് പറഞ്ഞു. കേസ് അന്വേഷണം പുരോഗമിക്കുകയാണ് പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങി കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.