മുംബൈ: ബന്ധം പുറത്തറിയാതിരിക്കാൻ അമ്മായിഅമ്മയെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ബോറിവാലി സബർബൻ സ്വദേശിയായ സാലു ലാകെ (57) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മരുമകൾ രാധ ലാകെ (28), കാമുകൻ ദീപക് മനെ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇരുവരും കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പാണ് സാലുവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ വീട്ടുകാരെ മുഴുവന്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് പ്രതിയായ ദീപക്, ഇവരുടെ വീട്ടിലെ നിത്യസന്ദർശകനാണെന്ന് മനസിലാക്കി. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക രഹസ്യം പുറത്തറിയുന്നത്.
പൊലീസ് പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി, ദീപകിനെയും തന്‍റെ മരുമകൾ രാധയെയും അരുതാത്ത സാഹചര്യത്തിൽ സാലു കണ്ടിരുന്നു. ജോലി ആവശ്യങ്ങൾക്കായി മറ്റൊരു സ്ഥലത്തായിരുന്ന മകൻ തിരികെ വരുമ്പോൾ ഈ ബന്ധത്തെക്കുറിച്ച് അറിയിക്കുമെന്നും ഇവർ രാധയോട് പറയുകയും ചെയ്തു. ഇതിനെ തുടർന്നാണ് അമ്മായിഅമ്മയെ ഇല്ലാതാക്കാൻ കാമുകനൊപ്പം ചേർന്ന് രാധ പദ്ധതി തയ്യാറാക്കിയത്.
തൊട്ടടുത്ത ദിവസം തന്നെ വലിയൊരു കല്ല് സംഘടിപ്പിച്ച് രാധ വീട്ടിൽ കൊണ്ടു വന്ന് വച്ചു. വൈകിട്ടോടെ ഗർബ ചടങ്ങിൽ പങ്കെടുക്കാനെന്ന വ്യാജേന ഇവർ വീട്ടിൽ നിന്നും പോവുകയും ചെയ്തു. പിന്നാലെ സ്ഥലത്തെത്തിയ ദീപക്, ഉറങ്ങിക്കിടക്കുകയായിരുന്നു സാലുവിനെ ഈ കല്ലുപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്. രാധയാണ് ഇത്തരമൊരു പദ്ധതി തയ്യാറാക്കിയതെന്ന് ഇയാൾ തന്നെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിയും പിടിയിലായത്.
കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.