• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മലബാര്‍ സിമന്റ്‌സ് അഴിമതിയും അവസാനിക്കാത്ത ദുരൂഹ മരണങ്ങളും


Updated: July 14, 2018, 6:34 PM IST
മലബാര്‍ സിമന്റ്‌സ് അഴിമതിയും അവസാനിക്കാത്ത ദുരൂഹ മരണങ്ങളും

Updated: July 14, 2018, 6:34 PM IST
കൊച്ചി: നിരവധി പേരുടെ ദുരൂഹമരണങ്ങളില്‍ കലാശിച്ച മധ്യപ്രദേശിലെ വ്യാപം അഴിമതിയുമായി ഏറെക്കുറെ സമാനതയുള്ള കേസാണ് മലബാര്‍ സിമന്റ്‌സ് അഴിമതി. 2000 കോടിയുടെ വ്യാപം ഇടപാടില്‍ 26 പേരോളം മരിച്ചപ്പോള്‍ മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് ഒരു കുടുംബം തന്നെ ഇല്ലാതായി.

മലബാര്‍ സിമന്റ്‌സ് മുന്‍കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും കുട്ടികളുടെയും മരണത്തിനു പിന്നാലെയാണ് ഭാര്യ ടീനയും ശനിയാഴ്ച മരിച്ചത്. ടീനയുടെ മരണത്തോടെ ഇല്ലാതായത് ദുരൂഹമായ ഒരു അഴിമതി കേസിലെ നിര്‍ണായക സാക്ഷി. ശശീന്ദ്രനെയും മക്കളെയും പോലെ ഏറെ ദുരൂഹതകള്‍ ബാക്കി വച്ചാണ് ടീനയും യാത്രയായിരിക്കുന്നത്. 2011 ജനുവരി 24നാണ് ശശീന്ദ്രനെയും രണ്ടു മക്കളെയും വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെ രാത്രിയോടെ കഞ്ചിക്കോട്ടെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലബാര്‍ സിമന്റ്‌സിലെ അഴിമതിയുടെ പശ്ചാത്തലത്തില്‍ ഇവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം അക്കാലത്ത് ശക്തമായി. ഇതിനു പിന്നാലെയാണ് ഭര്‍ത്താവിന്റെയും മക്കളുടെയും മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള നിയമ പോരാട്ടവുമായി ടീന രംഗത്തിറങ്ങിയത്. ഇതോടെ ശശീന്ദ്രന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈബ്രാഞ്ച് ഏറ്റെടുത്തെങ്കിലും എങ്ങുമെത്തിയില്ല. ഇതിനു പിന്നാലെയാണ് കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

സി.ബി.ഐയുടെ അന്വേഷണത്തില്‍ ആത്മഹത്യാ പ്രേരണയ്ക്ക് മലബാര്‍ സിമന്റ്‌സിലെ കരാറുകാരനും വ്യവസായിയുമായ വി.എം.രാധാകൃഷ്ണനെ 2013 മാര്‍ച്ച് 19 ന് അറസ്റ്റു ചെയ്തു. മലബാര്‍ സിമന്റ്‌സില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട കേസുകളില്‍ രാധാകൃഷ്ണനെതിരെ ശശീന്ദ്രന്‍ മൊഴി നല്‍കിയിരുന്നു. കോടതിയില്‍ മൊഴി നല്‍കും മുന്‍പു കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കി ശശീന്ദ്രനെ തളര്‍ത്താന്‍ നടത്തിയ നീക്കങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണു സി.ബി.ഐ കണ്ടെത്തിയത്.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും രണ്ടു തവണയും സിബിഐ കോടതി അതു മടക്കി. മാറ്റം വരുത്തിയ കുറ്റപത്രം 2014 സെപ്റ്റംബര്‍ രണ്ടിനു ഫയലില്‍ സ്വീകരിച്ചു. 2015 ജനുവരിയില്‍, ദുരൂഹ മരണം സംബന്ധിച്ചു പുനരന്വേഷണം നടത്തണമെന്നും അഴിമതിക്കേസുകളും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ശശീന്ദ്രന്റെ സഹോദരന്‍ സനല്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Loading...
ശശീന്ദ്രന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ച സി.ബി.ഐ വി.എം രാധാകൃഷ്ണന്റെ വീട്ടില്‍ നിന്ന് 36 രഹസ്യരേഖകള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ കേസ് അന്വേഷിച്ച വിജിലന്‍സിന് ഈ രേഖകള്‍ കണ്ടെത്താന്‍ കഴിയാത്തതു ചൂണ്ടിക്കാട്ടി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ശശീന്ദ്രന്റേയും മക്കളുടേയും ആത്മഹത്യയും മലബാര്‍ സിമന്റ്‌സിലെ അഴിമതിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ രണ്ടു കേസുകളും സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നടപടി. ഈ ഹര്‍ജി സിംഗിള്‍ ബഞ്ച് പരിഗണിക്കാനിരിക്കുന്നതിനിടെയാണ് ഹൈക്കോടതിയില്‍ നിന്ന് മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ കാണാതായത്.

ശശീന്ദ്രന്റെ പിതാവ് കെ. വേലായുധനും ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ജോയ് കൈതാരവും 2012ല്‍ നല്‍കിയ ഹര്‍ജികളിലെ ഇരുപതിലേറെ രേഖകളാണ് കാണാതായത്. ഫയല്‍ കാണാതായതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി വിജിലന്‍സ് റജിസ്ട്രാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മലബാര്‍ സിമന്റ്‌സ് അഴിമതി വീണ്ടും വിവാദമായതിനു പിന്നാലെയാണ് കേസിലെ നിര്‍ണായക സാക്ഷിയായ ടീന മരിക്കുന്നത്. ടീന മൂന്നു ദിവസം മുന്‍പാണ് കോയമ്പത്തൂരിലേക്കു പോയത്. വൃക്കരോഗത്തെ തുടര്‍ന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നത്. എന്നാല്‍ ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് ജനകീയ ആക്ഷന്‍ കൗണ്‍സിലും കുടുംബാംഗങ്ങളും.

പനി ബാധിച്ച് മൂന്നു ദിവസം മുന്‍പാണ് ടീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എങ്ങനെയാണ് ഇരുവൃക്കങ്ങളും ഒരുമിച്ച് തകരാറിലാകുന്നതെന്നാണ് സഹോദരന്‍ സനല്‍ ചോദിക്കുന്നത്. ആശുപത്രില്‍ നിന്നും അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവിടേയ്ക്കുള്ള യാത്രയിലാണ്.

ഭര്‍ത്താവിനെയും മക്കളെയും അപ്രതീക്ഷിതമായി നഷ്ടപ്പെട്ട് ജീവിതത്തില്‍ ഒറ്റപ്പെട്ടപ്പോഴും കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ടീന. എന്നാല്‍ അതൊന്നും കാണാന്‍ നില്‍ക്കാതെ, കൂടുതല്‍ ദുരൂഹത നിലനിര്‍ത്തിയാണ് ടീനയുടെ മരണ വാര്‍ത്തയും പുറത്തു വന്നിരിക്കുന്നത്.

മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ മരിച്ചു

First published: July 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍