തിരുവനന്തപുരം: സിറാജ് ബ്യൂറോ ചീഫ് കെ.എം ബഷീർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ചിരുന്ന കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ അന്വേഷണം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി കോടതി. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും അന്തിമ റിപ്പോര്‍ട്ട് ഡിസംബര്‍ 15 നകം സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.
അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ആവശ്യം കോടതി തള്ളി. ശ്രീറാമിന്റെ രക്ത പരിശോധന നടത്താതെ തെളിവു നശിപ്പിച്ചതിനും എഫ്.ഐ.ആര് വൈകിപ്പിച്ചതിനും മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്.ഐ ജയപ്രകാശിനെ കൂട്ടുപ്രതിയാക്കണമെന്ന സിറാജ് മാനേജ്മെന്റിന്റെ ഹര്‍ജിയില്‍ പ്രത്യേക അന്വേഷണ സംഘത്തോട് വിശദീകരണം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ അഭിഭാഷകന് വഴി നല്കിയ വിശദീകരണത്തിലാണ് ശാസ്ത്രീയ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
ഓഗസ്റ്റ് മാസം ഏഴിനാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. അടുത്ത മാസം 15ന് കേസ് വീണ്ടും പരിഗണിക്കും. അന്നോ അതിനു മുമ്പോ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.
Also Read
ബഷീറിന്റെ മരണം: പൊലീസിന്റെ വിചിത്ര റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നത് ഡോക്ടറെയും പരാതിക്കാരനെയുംബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടു നിന്ന മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ് ഐ ജയപ്രകാശിനെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ഏഴിനാണ് സിറാജ് മാനേജ്മെന്റ് കോടതിയെ സമീപിച്ചത്. അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് ശ്രീറാം വെങ്കിട്ടരാമനു വേണ്ടി മ്യൂസിയം ക്രൈം എസ് ഐ നടത്തിയത്. കേസില്‍ നിര്‍ണായക തെളിവാകേണ്ട രക്തപരിശോധന പോലീസിന്റെ ഒത്താശയോടെ ഒന്‍പതു മണിക്കൂറിന് ശേഷം മാത്രമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.