• HOME
 • »
 • NEWS
 • »
 • crime
 • »
 • Murder | ‘സംസാരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ചുട്ടുകൊന്ന പെൺകുട്ടിയുടെ അവസാന മൊഴി

Murder | ‘സംസാരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ചുട്ടുകൊന്ന പെൺകുട്ടിയുടെ അവസാന മൊഴി

ഓഗസ്റ്റ് 23നായിരുന്നു രാജ്യത്തെ തന്നെ നടുക്കിയ കൊലപാതകം. അങ്കിതയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

 • Last Updated :
 • Share this:
  കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ദുംകയിൽ (dumka) പ്രണയാഭ്യർത്ഥന നിരസിച്ച 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തീ കൊളുത്തി കൊന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. ഒരു പൊലീസ് ഓഫീസറാകാനായിരുന്നു അങ്കിത സിംഗ് എന്ന കൊല്ലപ്പെട്ട പെൺകുട്ടിയുടെ ആഗ്രഹം. എന്നാല്‍ ഷാരൂഖ് എന്ന യുവാവ് അവളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതോടെ (fire) അവളുടെ ജീവൻ തന്നെ പൊലിഞ്ഞു. ഓഗസ്റ്റ് 23നായിരുന്നു രാജ്യത്തെ തന്നെ നടുക്കിയ കൊലപാതകം.

  90 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ദുംകയിലെ ഫൂലോ ഝാനോ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവളെ പിന്നീട് റിംസിലേക്ക് മാറ്റി. ഞായറാഴ്ച പെൺകുട്ടി മരണത്തിന് കീഴടങ്ങി. അങ്കിതയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. എന്നാൽ നേരത്തെ പൊലീസ് പ്രായപൂർത്തിയായ പെൺകുട്ടി എന്നാണ് വെളിപ്പെടുത്തിയിരുന്നത്.

  അങ്കിതയുടെ മരണത്തില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് എസ്ഡിപിഒ നൂര്‍ മുസ്തഫയെ കേസന്വേഷണത്തില്‍ നിന്ന് മാറ്റി. ഒരു ഇന്‍സ്പെക്ടര്‍ തലത്തിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കുമെന്നും എസ്പി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണമെന്നും ദുംക എസ്പി ആംബര്‍ ലക്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

  read also : പ്രണയം നിരസിച്ചതിൻറെ പേരിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ കത്തിച്ചു; കസ്റ്റഡിയിലായിട്ടും ചിരിനിർത്താതെ പ്രതി

  ആരാണ് അങ്കിത സിംഗ്?

  ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന അങ്കിതയ്ക്ക് ഒരു പൊലീസ് ഓഫീസറാകാനായിരുന്നു ആഗ്രഹം. ചെറുപ്പത്തില്‍ തന്നെ അങ്കിതയ്ക്ക് അമ്മയെ നഷ്ടപ്പെട്ടിരുന്നു. അമ്മ ഒരു കാന്‍സര്‍ ബാധിതയായിരുന്നു. അമ്മയുടെ ചികിത്സയ്ക്കായി ഭൂമിയും വസ്തുവകകളും മറ്റും വിറ്റതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അങ്കിതയുടെ കുടുംബം നേരിട്ടിരുന്നത്.പ്രതിദിനം വെറും 200 രൂപ മാത്രമായിരുന്നു അവളുടെ പിതാവിന്റെ വരുമാനം. അതിനാല്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്ത് എല്ലാ മാസവും അങ്കിത 1000 രൂപ സമ്പാദിച്ചിരുന്നു. അങ്കിതയും അച്ഛനും ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇളയ സഹോദരനും ദുംകയിലെ രണ്ട് മുറികളുള്ള വീട്ടിലാണ് താമസിച്ചിരുന്നത്.

  അങ്കിത പൊലീസിനോട് അവസാനമായി പറഞ്ഞത്?

  സുഹൃത്താകണമെന്നാവശ്യപ്പെട്ട് 10 ദിവസം മുമ്പ് പ്രതി തന്നെ മൊബൈലില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നാണ് അങ്കിത എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

  'തിങ്കളാഴ്ച രാത്രി 8 മണിയോടെ അവന്‍ എന്നെ വീണ്ടും വിളിച്ചു. അവനോട് സംസാരിച്ചില്ലെങ്കില്‍ എന്നെ കൊല്ലുമെന്ന് പറഞ്ഞു. ഇക്കാര്യം ഞാന്‍ എന്റെ അച്ഛനോട് പറഞ്ഞു. യുവാവിന്റെ വീട്ടുകാരുമായി സംസാരിക്കാമെന്ന് അച്ഛന്‍ ഉറപ്പുനല്‍കി. അത്താഴം കഴിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ പോയി, ഞാന്‍ മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്. ചൊവ്വാഴ്ച രാവിലെ, എന്റെ പുറകില്‍ എന്തോ വേദന തോന്നി. എന്തോ കത്തുന്ന മണം ഉണ്ടായി. ഞാന്‍ കണ്ണുതുറന്നപ്പോറോള്‍ അവന്‍ ഓടിപ്പോകുന്നത് കണ്ടു. വേദനകൊണ്ട് നിലവിളിച്ച് ഞാന്‍ അച്ഛന്റെ മുറിയിലേക്ക് പോയി. അവര്‍ എന്റെ ദേഹത്തെ തീയണച്ചു. എന്നെ ആശുപത്രിയില്‍ കൊണ്ടുപോയി,'' അങ്കിത പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

  അങ്കിതയുടെ പ്രായം എത്ര?

  തീകൊളുത്തി മരിച്ച അങ്കിത പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്നും പോക്‌സോ നിയമപ്രകാരം നടപടിയെടുക്കണമെന്നും ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (CWC) ആവശ്യപ്പെട്ടു. 'ഞങ്ങളുടെ അന്വേഷണ പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ നിയമത്തിലെ വകുപ്പുകള്‍ എഫ്ഐആറില്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടതായി,'' ദുംക സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ അമരേന്ദ്ര കുമാര്‍ പിടിഐയോട് പറഞ്ഞു. കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സിഡബ്ല്യുസി സംഘം തിങ്കളാഴ്ച ഇരയുടെ കുടുംബത്തെ കാണുകയും പെൺകുട്ടിയുടെ പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റ് വാങ്ങുകയും ചെയ്തിരുന്നു.

  'മാര്‍ക്ക് ഷീറ്റ് അനുസരിച്ച്, അങ്കിത ജനിച്ചത് 2006 നവംബര്‍ 26 നാണ്. അതിനാല്‍, പോക്സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ ഈ കേസില്‍ ബാധകമാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മജിസ്ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയില്‍ തനിക്ക് 19 വയസ്സുണ്ടെന്ന് അങ്കിത പറഞ്ഞതായി ദുംക പൊലീസ് നേരത്തെ അവകാശപ്പെട്ടിരുന്നു.

  അങ്കിതയ്ക്ക് നീതി

  ജാര്‍ഖണ്ഡിലെ ദുംകയില്‍ അങ്കിതയുടെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഞായറാഴ്ച ദുംക-ഭഗല്‍പൂര്‍ റോഡ് മൂന്ന് മണിക്കൂറോളം ഉപരോധിച്ചു. രണ്ടാം ദിവസവും നഗരത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് നഗരത്തില്‍ മുഴുവന്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഇരയ്ക്ക് നീതി ലഭിക്കുന്നതിനായി അതിവേഗ കോടതിയില്‍ വാദം കേള്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ രവിശങ്കര്‍ ശുക്ല പറഞ്ഞു.
  Published by:Amal Surendran
  First published: