• HOME
  • »
  • NEWS
  • »
  • crime
  • »
  • DEFENDANTS ARRESTED FOR DRUG TRAFFICKING IN KOCHI BROUGHT TO PONDICHERRY FOR EVIDENCE JK TV

കൊച്ചി ലഹരിമരുന്ന് കേസ്; എക്‌സൈസ് സംഘം പോണ്ടിച്ചേരിയില്‍; പ്രതികളുമായുള്ള തെളിവെടുപ്പ് തുടങ്ങി

കേസിലെ പ്രധാന പ്രതികളായ മുഹമ്മദ് ഫവാസ്, ശ്രീമോന്‍ എന്നിവരെ ചെന്നൈയിലും പോണ്ടിച്ചേരിയിലുമെത്തിച്ച് തെളിവെടുക്കും

News18 Malayalam

News18 Malayalam

  • Share this:
കൊച്ചി:  കൊച്ചിയില്‍  മയക്കുമരുന്ന് പിടികൂടിയ കേസിന്റെ അന്വേഷണം കേരളത്തിന് പുറത്തേയ്ക്കും വ്യാപിപ്പിച്ചു. അറസ്റ്റിലായ പ്രതികളെ  തെളിവെടുപ്പിനായി പോണ്ടിച്ചേരിയിൽ എത്തിച്ചു. ഇന്നും നാളെയുമായി പോണ്ടിച്ചേരിയിൽ തെളിവെടുപ്പു നടത്തും. ഇവിടെ തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം സംഘം ചെന്നൈയ്ക്ക് തിരിക്കും. ഇടപാടില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും എക്‌സൈസ് സംഘം പരിശോധിയ്ക്കുകയാണ്.

കൊച്ചിയില്‍ പിടികൂടിയ എം ഡി എം എ കൊണ്ടുവന്നത് ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നെന്നായിരുന്നു കേസില്‍ അറസ്റ്റിലായവര്‍ നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി എക്‌സൈസ് സംഘം ഇവിടങ്ങളിലേയ്ക്ക് തിരിയ്ക്കുന്നത്. കേസിലെ പ്രധാന പ്രതികളായ മുഹമ്മദ് ഫവാസ്, ശ്രീമോന്‍ എന്നിവരെ ചെന്നൈയിലും പോണ്ടിച്ചേരിയിലുമെത്തിച്ച് തെളിവെടുക്കും. പ്രതികള്‍ക്ക് മയക്കുമരുന്ന് നല്‍കിയവരെ പിടികൂടാനാകുമെന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.

കേരളത്തിന് പുറത്ത് നിന്ന് എത്തിയ്ക്കുന്ന മയക്കുമരുന്ന് കൊച്ചിയിലെത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു. ഇതിനായി കൊച്ചിയില്‍ തന്നെ വിവിധയിടങ്ങളില്‍ സംഘം വാടകയ്ക്ക് ഫ്ലാറ്റുകള്‍ എടുത്തിരുന്നു. ഇവരെ നിരന്തരം സന്ദര്‍ശിച്ചിരുന്നവര്‍ക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടോയെന്ന് എക്‌സൈസ് പരിശോധിച്ച് വരികയാണ്. കേസില്‍ 6 പേരെയാണ് ഇതുവരെ എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുള്ളത്. നേരത്തെ എക്‌സൈസ് സ്‌പെഷ്യല്‍ ടീം വിട്ടയ്ച്ച ഫവാസിന് മയക്കുമരുന്ന് ഇടപാടില്‍ ബന്ധമുണ്ടായിരുന്നോയെന്നും പരിശോധിയ്ക്കുകയാണ്. നിലവില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്ന് ചോദ്യം ചെയ്ത ശേഷമാകും ഇയാളെ വിളിച്ചുവരുത്തണമോയെന്ന് അന്വേഷണ സംഘം തീരുമാനമെടുക്കുക.

Also Read-ലഹരി മരുന്ന് കടത്ത് കേസിൽ എക്സൈസ് വിട്ടയച്ച യുവതി അറസ്റ്റിൽ; കേസിലെ അട്ടിമറി തെളിയുന്നു

കൊച്ചി കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തിൽ  ത്വയ്ബയെയും മുഹമ്മദ് ഫൈസലിനെയും വെറുതെ വിട്ടതിനെതുടർന്നായിരുന്നു അട്ടിമറി നടന്നുവെന്ന ആരോപണം ഉയർന്നത്. ഇത് ശരിവെക്കുന്നതാണ് എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ കണ്ടെത്തൽ. ത്വയ്ബയും ശബ്‌നയും മുഹമ്മദ് ഫവാസും ശ്രീമോനും ചേർന്നാണ് മയക്കുമരുന്ന് ചെന്നൈയിൽനിന്ന് മയക്കുമരുന്ന് വാങ്ങിയത്. തുടർന്ന് കാർ മാർഗ്ഗം ഇത് കൊച്ചിയിലെത്തിച്ചു. എക്സൈസ് പിടികൂടുമ്പോൾ  ഫ്ലാറ്റിൽ മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്ന് ത്വയ്ബയ്ക്ക് അറിയാമായിരുന്നു.

പിന്നീട് ഉദ്യോഗസ്ഥരുടെ സഹായത്താൽ കേസിൽനിന്ന് ഒഴിവാകുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. മയക്കുമരുന്ന് പിടികൂടുമ്പോൾ അറസ്റ്റിലായ മറ്റ് പ്രതികൾക്കൊപ്പം ത്വയ്ബ നിൽക്കുന്ന സി സി ടി വി ദൃശ്യങ്ങളും എക്സൈസ് പരിശോധിച്ചു. ഇതിനുശേഷമാണ് രാവിലെ  കൊച്ചിയിലെ എക്സൈസ്  ഓഫീസിലേക്ക് ത്വയ്ബയെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയത്. നാല് മണിക്കൂറോളം നീണ്ട  ചോദ്യം ചെയ്യലിനോടുവിൽ ത്വയ്ബ കുറ്റം സമ്മതിച്ചു. ഉച്ചയോടെ   അറസ്റ്റ് രേഖപ്പെടുത്തി. ഫ്ലാറ്റിൽ വന്ന് പോയവർക്കും ഇടപാടിൽ പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി എം കാസിം പറഞ്ഞു. ചെന്നൈയിൽനിന്ന് മരുന്ന് കൊണ്ടുവന്നതിനെക്കുറിച്ച് ത്വയ്ബക്ക് അറിയാമായിരുന്നുവെന്ന് കേസിൽ അറസ്റ്റിലായ ശബ്‌ന അന്വേഷണസംഘത്തിന് മൊഴിനൽകിയിരുന്നു. ത്വയ്ബയെ കേസിൽനിന്ന് ഒഴിവാക്കിയതിനെ ശബ്ന ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എക്സൈസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഫവാസ് നേരത്തെ കോഴിക്കോട് കഞ്ചാവ് കടത്തിയ കേസിലും പ്രതിയാണ്.
Published by:Jayesh Krishnan
First published:
)}