• HOME
 • »
 • NEWS
 • »
 • crime
 • »
 • Man Steals iPhone | കാമുകിക്ക് ഐഫോൺ സമ്മാനിക്കാൻ കത്തിമുനയിൽ നിർത്തി മോഷണം; യുവാവും സുഹൃത്തും പിടിയിൽ

Man Steals iPhone | കാമുകിക്ക് ഐഫോൺ സമ്മാനിക്കാൻ കത്തിമുനയിൽ നിർത്തി മോഷണം; യുവാവും സുഹൃത്തും പിടിയിൽ

കാമുകിക്ക് ഒരു ഐഫോണ്‍ സമ്മാനിക്കാന്‍ തീരുമാനിച്ച ആ യുവാവിനെ സംബന്ധിച്ചടത്തോളം ഒരു ഐഫോൺ സ്വന്തമായി വാങ്ങുക എന്നത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു

iPhone

iPhone

 • Last Updated :
 • Share this:
  പ്രണയം മനുഷ്യരെ അന്ധരാക്കുമെന്നാണ് ചൊല്ല്. പല അനുഭവങ്ങളിലൂടെ ലോകത്തിന് അതുബോധ്യമായിട്ടുള്ളതുമാണ്. താന്‍ പ്രണയിക്കുന്ന ആള്‍ക്കു വേണ്ടി ജീവന്‍ ബലി നല്‍കാനും, അതേ ആളുടെ ജീവന്‍ എടുക്കാനും, അവയവം ദാനം ചെയ്യാനും അതിസാഹസികതകള്‍ നടത്താനും 'പ്രണയ'ത്തിന് ശക്തിയുണ്ട്. പ്രണയിക്കാനും പ്രണയിക്കപ്പെടാനും പ്രണയം നിലനിര്‍ത്താനും ആളുകള്‍ കാണിച്ചുകൂട്ടുന്ന ഓരോരോ കാര്യങ്ങള്‍ അതിഭീകരം തന്നെ. ഇവിടെ പ്രണയത്തിന് വേണ്ടി മോഷണവും പിടിച്ചുപറിയും നടത്തിയ രണ്ട് യുവാക്കള്‍ ഒടുവില്‍ പോലീസ് പിടിയിലായിരിക്കുകയാണ്.

  ഒരു ആപ്പിള്‍ ഐഫോണ്‍ സമ്മനമായി നല്‍കുക എന്നത് ഇന്നത്തെ കാലത്ത്, ഇഷ്ടപ്പെടുന്ന വ്യക്തിയോട് സ്‌നേഹം പ്രകടിപ്പിക്കുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്നായാണ് പല ചെറുപ്പക്കാരും കരുതുന്നത്. ഡല്‍ഹിയിലെ ഒരു യുവാവും ഇതേ രീതിയിലാണ് ചിന്തിച്ചത്. കാമുകിക്ക് ഒരു ഐഫോണ്‍ സമ്മാനിക്കാന്‍ തീരുമാനിച്ച ആ യുവാവിനെ സംബന്ധിച്ചടത്തോളം ഒരു ഐഫോൺ സ്വന്തമായി വാങ്ങുക എന്നത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്നാൽ ഇതിനായുള്ള എളുപ്പവഴിയായി യുവാവ് ഒരു ഐഫോണ്‍ മോഷ്ടിക്കാന്‍ തീരുമാനിച്ചു. അതിനായി തന്റെ സുഹൃത്തിനെയും കൂടെ കൂട്ടി.

  അജയ്, കപില്‍ ശര്‍മ്മ എന്നീ യുവാക്കളാണ് ഇതിനായി പദ്ധതി തയ്യാറാക്കിയത്. നവംബര്‍ 23 ന് ഡല്‍ഹിയിലെ ഒരു പാര്‍ക്കിനടുത്ത് നിന്ന് ഒരാളെ ഇരുവരും ചേര്‍ന്ന് കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അയാളുടെ പക്കലുണ്ടായിരുന്ന ഐഫോണ്‍ കൊള്ളയടിച്ചു. ഫോണിന്റെ യഥാര്‍ത്ഥ ഉടമ സംഭവത്തില്‍ പോലീസിന് പരാതി നല്‍കി. തുടര്‍ന്ന് ഇരുവരെയും പിടികൂടാന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു.

  ഒരാഴ്ചയിലേറെ നടത്തിയ അന്വേഷണത്തിനൊടുവില്‍ മോഷ്ടാക്കള്‍ എവിടെയാണെന്നും മറ്റുമുള്ള വിവരം പോലീസിന് ലഭിച്ചു. ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 14ലാണ് അജയിനെയും കപിലിനെയും കണ്ടതെന്നാണ് പോലീസിന് ലഭിച്ച സൂചന. തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ ദ്വാരക മേഖലയില്‍ നിന്ന് തന്നെ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഐഫോണും കണ്ടെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

  ചോദ്യം ചെയ്യലില്‍ മോഷണം നടത്തിയത് തങ്ങള്‍ തന്നെയാണെന്ന് ചെറുപ്പക്കാര്‍ സമ്മതിച്ചു. ഇവരില്‍ ഒരാള്‍ തന്റെ കാമുകിയ്ക്ക് സമ്മാനമായി ഒരു ഐഫോണ്‍ നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും യുവാക്കള്‍ വെളിപ്പെടുത്തി. കാമുകിമാരോടൊപ്പം യാത്ര പോകാനൊരുങ്ങുകയായിരുന്ന ഇവര്‍ വഴിയാത്രക്കാരില്‍ ചിലരെ കൊള്ളയടിച്ച് പണം സമ്പാദിക്കാനും പദ്ധതിയിട്ടിരുന്നു.

  കിഴക്കന്‍ ഡല്‍ഹിയിലെ പ്രീത് വിഹാറില്‍ നിന്ന് ഫോണ്‍ കവര്‍ച്ച ഉള്‍പ്പെട്ട സമാനമായ സംഭവം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കേസിലും കുറ്റകൃത്യത്തിന് പിന്നിലെ ഉദ്ദേശം വളരെ വിചിത്രമായിരുന്നു. ജതിന്‍ നഗര്‍ എന്ന 20 കാരനായ ഈ യുവാവ് മികച്ച ടിക് ടോക്ക് വീഡിയോകള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചാണ് ഫോണ്‍ മോഷ്ടിച്ചത്. ടിക് ടോക്കില്‍ വീഡിയോകള്‍ ഉണ്ടാക്കി പണം സമ്പാദിച്ചിരുന്നതായി അറസ്റ്റിലായതിന് ശേഷം ജതിന്‍ പറഞ്ഞു. അതിനാല്‍, തന്റെ വരുമാനം വര്‍ദ്ധിക്കുന്നതിനായി ഉയര്‍ന്ന നിലവാരമുള്ള വീഡിയോകള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. മികച്ച ഫോണ്‍ സ്വന്തമാക്കുന്നതിനാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്.
  Published by:Karthika M
  First published: