ന്യൂഡൽഹി: സ്വത്തിനുവേണ്ടി കാമുകനൊപ്പം ചേർന്ന് മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിലായി. ഡൽഹിയിലെ പച്ചിം വിഹാറിലാണ് സംഭവം. ദാവിന്ദർ കൌർ, പ്രിൻസ് ദീക്ഷിത്ത് എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കൊലപാതകത്തിന് സഹായിച്ച രണ്ടുപേർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. രണ്ടു വ്യത്യസ്ത ദിവസങ്ങളിലായാണ് യുവതി മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് ഡൽഹി ഡിസിപി സേജു പി കുരുവിള പറയുന്നു.
ദാവിന്ദർ കൌറിന്റെ അമ്മ ജഗീർ കൌർ സ്വദേശമായ ജലന്ധറിലേക്ക് പോയ ഫെബ്രുവരി പത്തിനാണ് അച്ഛൻ ഗുർമീത് സിങിനെ കൊലപ്പെടുത്തിയത്. ചായയിൽ ഉറക്കഗുളിക ചേർത്ത് നൽകി. ബോധം നഷ്ടമായ ഗുർമീതിനെ കാമുകൻ പ്രിൻസിന്റെ സഹായത്തോടെ ദാവിന്ദർ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സ്യൂട്ട് കേസിലാക്കി ഡ്രെയിനേജ് ടാങ്കിൽ ഉപേക്ഷിച്ചു. മാർച്ച് രണ്ടിന് ഡൽഹിയിൽ മടങ്ങിയെത്തിയ അമ്മയെയും ഇതേ രീതിയിൽ ദാവിന്ദർ വകവരുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം അമ്മയുടെ മൃതദേഹവും സ്യൂട്ട്കേസിലാക്കി ഡ്രെയിനേജ് ടാങ്കിൽ ഉപേക്ഷിച്ചു.
മാർച്ച് എട്ടിനാണ് പൊലീസ് ജാഗീർ കൌറിന്റെ മൃതദേഹം കണ്ടെത്തുന്നത്. പിറ്റേദിവസം ഗുർമീതിന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ മൊഴി നൽകിയതോടെയാണ് ദാവിന്ദറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതൽ ചോദ്യം ചെയ്യലിൽ അവർ കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകനൊപ്പം ജീവിക്കാൻവേണ്ടിയാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് ദാവീന്ദർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്വത്ത് തന്റെ പേരിൽ എഴുതിത്തരുന്നത് സംബന്ധിച്ച് മാതാപിതാക്കളുമായി തർക്കമുണ്ടായിരുന്നതായും അവർ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.