ഡൽഹിയിൽ പ്ലസ് ടു വിദ്യാർത്ഥിക്കു നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളായ ആമസോണിനും ഫ്ലിപ്കാർട്ടിനും നോട്ടീസ് അയച്ച് ഡൽഹി വനിതാ കമ്മീഷൻ. ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ ആസിഡ് പോലുള്ള മാരക വസ്തുക്കൾ എളുപ്പത്തിൽ ലഭിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് വനിതാ കമ്മീഷൻ വ്യക്തമാക്കി. രണ്ട് സ്ഥാപനങ്ങളിൽ നിന്നും വിശദമായ നടപടി സ്വീകരിച്ചതിന്റെ റിപ്പോർട്ട് ഡിസംബർ 20-നകം നൽകണമെന്നാണ് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
പെൺകുട്ടിയെ ആക്രമിക്കാൻ പ്രതികൾ ആസിഡ് വാങ്ങിയത് ഫ്ലിപ്കാർട്ടിൽ നിന്നാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. ഇന്നലെയാണ് ഡൽഹി ദ്വാരകയിൽ രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട പെൺകുട്ടിക്കു നേരെ ബൈക്കിലെത്തിയ പ്രതികൾ ആസിഡ് ഒഴിച്ചത്. സംഭവത്തിൽ മൂന്ന് പേരെ ഇന്നലെ തന്നെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Also Read- പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ ആസിഡ് ഒഴിച്ച് യുവാക്കൾ; സൗഹൃദം ഉപേക്ഷിച്ചതിന്റെ പ്രതികാരം
വീട്ടിൽ നിന്നും രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട പതിനേഴുകാരിയെയാണ് ബൈക്കിലെത്തിയ രണ്ട് പേർ ആക്രമിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സച്ചിൻ, വീരേന്ദ്ര, ഹർഷിത് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ സച്ചിൻ എന്നയാളുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നു. സൗഹൃദം ഉപേക്ഷിച്ചതിന്റെ പ്രതികാരമാണ് ആസിഡ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.
ഹർഷിത് ആണ് ബൈക്ക് ഓടിച്ചിരുന്നത്. സച്ചിനാണ് ആസിഡ് ദേഹത്ത് ഒഴിച്ചത്. ഈ സമയത്ത് മൂന്നാമനായ വീരേന്ദ്ര മറ്റൊരു സ്ഥലത്ത് സച്ചിന്റെ മൊബൈൽ ഫോണും സ്കൂട്ടിയുമായി നിന്നു. സംഭവ സമയത്ത് സച്ചിൻ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്.
അതേസമയം, മകളെ ആക്രമിച്ചവരെ അറിയില്ലെന്നാണ് പെൺകുട്ടിയുടെ പിതാവ് പറയുന്നത്. ആരെങ്കിലും ശല്യപ്പെടുത്തുന്നതായി മകൾ ഒരിക്കൽ പോലും പറഞ്ഞിരുന്നില്ല. ബൈക്കിലെത്തിയ രണ്ടുപേർ ദേഹത്ത് ആസിഡ് ഒഴിച്ചെന്നാണ് മകൾ പറഞ്ഞത്. ആരാണെന്ന് കണ്ടിട്ടില്ലെന്നും മകൾ പറഞ്ഞത്. ആരെങ്കിലും ശല്യപ്പെടുത്തുന്നതായി എന്തെങ്കിലും സൂചനയുണ്ടായിരുന്നെങ്കിൽ താൻ തന്നെ മകളെ സ്കൂളിലേക്ക് കൊണ്ടുപോകുമായിരുന്നുവെന്നും പിതാവ് പറയുന്നു.
ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ചികിത്സയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.