• HOME
  • »
  • NEWS
  • »
  • crime
  • »
  • Actress Attack case| നടിയെ ആക്രമിച്ച കേസ്ച ചോദ്യം ചെയ്യലിന് വീണ്ടും ഹാജരായി ദിലീപ്

Actress Attack case| നടിയെ ആക്രമിച്ച കേസ്ച ചോദ്യം ചെയ്യലിന് വീണ്ടും ഹാജരായി ദിലീപ്

രാവിലെ 11 മണിയോടെ വോൾസ് വാഗൺ കാറിലാണ് ദിലീപ് എത്തിയത്.

News18

News18

  • Share this:
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack case)രണ്ടാംഘട്ട ചോദ്യം ചെയ്യലിന് നടൻ ദിലീപ് ആലുവാ പൊലീസ് ക്ലബിൽ ഹാജരായി.  രാവിലെ 11 മണിയോടെ വോൾസ് വാഗൺ കാറിലാണ് ദിലീപ് എത്തിയത്. ക്രൈംബ്രാഞ്ച് എ. ഡി. ജി. പി എസ് ശ്രീജിത്ത്, ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ പക്കൽ എത്തിയിരുന്നോ, മുഖ്യപ്രതിയുമായുളള ദിലീപിന്‍റെ അടുപ്പം സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ അടക്കമുള്ളവർ നൽകിയിരിക്കുന്ന മൊഴി, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങൾ എന്നിവ സംബന്ധിച്ചാകും ദിലീപിൽ നിന്ന് ചോദിച്ചറിയുക.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി ഏപ്രിൽ 14 ന് മുൻപായി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടികൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നായിരുന്നു കേസ് പരിഗണിച്ച വേളയിൽ ദിലീപിന്റെ വാദം.
Also Read-നൃത്തപഠനം ഇസ്ലാമിക വിരുദ്ധമെന്ന പേരിൽ ഊരുവിലക്കിയ നർത്തകിയെ അഹിന്ദുവായതിനാൽ ക്ഷേത്രപരിപാടിയിൽ നിന്നൊഴിവാക്കി

കൂടാതെ തുടരന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്നുമാണ് ദിലീപിന്റെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനും പ്രതികൾക്കും ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
Also Read-സിൽവർലൈൻ: ചെങ്ങന്നൂരിൽ വിശദീകരണം നൽകാനെത്തിയ സിപിഎം നേതാക്കൾക്ക് നാട്ടുകാരുടെ ശകാരവർഷം

അതേസമയം ദിലീപിന്‍റെ ഫോണിൽ നിന്ന് നശിപ്പിച്ച വിവരങ്ങളിൽ വിചാരണ കോടതി രേഖകളും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഒരിക്കലും പുറത്ത്പോകാൻ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകൻ പറഞ്ഞതായി ഹാക്കർ സായ് ശങ്കറിന്‍റെ മൊഴി ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. കോടതി രേഖകളിൽ ചിലത് സായ് ശങ്കറിന്‍റെ വീട്ടിൽ നിന്ന് ക്രൈം ബ്രാ‌ഞ്ച് നേരത്തെ കണ്ടെത്തി. ദിലീപിന്‍റെ ഫോണിൽ വിചാരണ കോടതി രേഖ അയച്ചതാരെന്നതിലും ക്രൈം ബ്രാ‌ഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അഭിഭാഷകരുടെ സാന്നിധ്യത്തിൽ ദിലീപിന്‍റെ രണ്ട് ഫോൺ താൻ കോപ്പി ചെയ്ത് നൽകിയെന്നാണ് സായ് നേരത്തെ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. ഇതിൽ ഒരു ഫോണിലായിരുന്നു കോടതി രേഖകൾ. മറ്റൊരു വാട്സ് ആപ് നമ്പറിൽ നിന്നാണ് ഈ രേഖകൾ അയച്ചിട്ടുള്ളത്. ഇത് ഒരിക്കലും പുറത്ത് വരാൻ പാടില്ലാത്ത കോടതി രേഖകളാണെന്ന് അഭിഭാഷകൻ പറഞ്ഞെന്ന് സായ് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് ഈ ഘട്ടത്തിൽ അടുത്തുണ്ടായിരുന്നു. ഫോണിലെ വിവരങ്ങൾ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോൺ രേഖകൾ താൻ സ്വന്തം നിലയിൽ കോപ്പി ചെയ്ത വെച്ചെന്നും ഹാക്കർ മൊഴിനൽകിയിട്ടുണ്ട്. ഇത് എന്തിനാണെന്ന ചോദ്യത്തിന് ഹാക്കർ ഉത്തരം നൽകിയിട്ടില്ല.

സായ് ശങ്കറിന്‍റെ ലാപ്ടോപ്പ് പരിശോധന നടത്തിയപ്പോൾ കോടതി രേഖകളിൽ ചിലത് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികളടക്കമുള്ള രേഖകളാണിത്. ഹാക്കറുടെ കൈവശം ദിലീപിന്‍റെ ഫോണിലെ കൂടുതൽ കോടതി രേഖകളുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.. എന്നാൽ ഇയാൾ ഒളിവിലായതിനാൽ ഇവ കണ്ടെത്താനായിട്ടില്ല. കോടതിയിൽ നിന്ന് അഭിഭാഷകർക്ക് പകർപ്പ് എടുക്കാൻ കഴിയാത്ത രേഖകളും ദിലീപിന്‍റെ ഫോണിൽ എത്തിയെന്നാണ് അനുമാനിക്കുന്നത്. ഇത് ആര് അയച്ചു നൽകി എന്നതിൽ വിശദമായ അന്വേഷണം വേണ്ടിവരും. ക്രൈം ബ്രാ‌ഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഒരു ഫോൺ കൈമാറാൻ ദിലീപ് തയ്യാറായിരുന്നില്ല. ഈ ഫോണിലേക്കാണോ കോടതി രേഖകൾ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.
Published by:Naseeba TC
First published: