തിരുവനന്തപുരം: പോക്സോ കേസ് പ്രതിയായ യുവാവിനെ ലൈംഗികപീഡനത്തിന് ഇരയാക്കിയ സിഐക്ക് പിരിച്ചുവിടൽ നോട്ടീസ്. അയിരൂർ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്.
ജോലിയിൽനിന്ന് പിരിച്ചുവിടുന്നതിന് മുന്നോടിയായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്. പോക്സോ കേസിലെ പ്രതിയെ പീഡിപ്പിച്ചത് അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ജയസനിൽ.
17 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവാണ് ജയസനിലിനെതിരെ പരാതി നൽകിയത്. സഹോദരനൊപ്പം സ്റ്റേഷനിൽ കാണാനെത്തിയ പ്രതിയോട് സഹകരിച്ചാൽ കേസിൽ നിന്നും ഒഴിവാക്കാമെന്ന് ജയസനിൽ പറഞ്ഞു. സിഐ ആവശ്യപ്പെട്ടതുപ്രകാരം യുവാവ് ക്വാർട്ടേഴ്സിലെത്തി. അവിടെവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കേസ് ഒഴിവാക്കാൻ അമ്പതിനായിരം രൂപ കൈക്കൂലിയും ജയസനിൽ ഇവിടെവെച്ച് കൈപ്പറ്റി.
എന്നാൽ ഇതിനുശേഷം യുവാവിനെതിരെ പോക്സോ കേസുമായി ജയസനിൽ മുന്നോട്ടുപോകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്യുകയും ചെയ്തു. പിന്നീട് ജാമ്യഹർജിയുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പീഡനവിവരം യുവാവ് വെളിപ്പെടുത്തിയത്. തുടർന്ന് അയിരൂർ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഈ സമയം റിസോർട്ട് ഉടമയിൽനിന്ന് കൈക്കൂലി വാങ്ങിയതിന് ജയസനിൽ സസ്പെൻഷനിലായിരുന്നു. വകുപ്പുതല അന്വേഷണത്തിൽ ജയസനിലിനെതിരായ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.
2010 മുതൽ ജയസനിൽ വിവിധ കേസുകളിൽ ആരോപണ വിധേയനും വകുപ്പുതല നടപടികൾ നേരിട്ടയാളുമാണെന്ന് ഡിജിപിയുടെ നോട്ടിസിൽ പറയുന്നു. കുപ്രസിദ്ധ ഗുണ്ട കരാട്ടേ സുരേഷിൽനിന്ന് കൈക്കൂലി വാങ്ങിയതും റിസോർട്ട് ഉടമകൾക്കെതിരെ വ്യാജക്കേസ് റജിസ്റ്റർ ചെയ്തതും അടക്കം വകുപ്പ്തല നടപടികൾ നേരിട്ട 5 കേസുകളുടെ കാര്യം നോട്ടിസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.