തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ സൈനികൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കത്തുന്നു. പൊതു കുടിവെള്ള ടാപ്പിന് സമീപം തുണി അലക്കുന്നതുമായി ബന്ധപ്പെട്ട വാക്കു തർക്കത്തെ തുടർന്ന് ഡി എം കെ നേതാവിന്റെയും സംഘത്തിന്റെയും മർദ്ദനമേറ്റാണ് സൈനികൻ മരിച്ചത്. പ്രഭു (28) എന്ന പട്ടാളക്കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരനും പട്ടാളക്കാരനുമായ പ്രഭാകരനും സംഭവത്തിൽ പരിക്കേറ്റിരുന്നു.
നടന്നതെന്ത്?
ഫെബ്രുവരി 8 നാണ് സംഭവം നടന്നത്. നാഗോജനഹള്ളി ടൗൺ പഞ്ചായത്തിലെ ഡിഎംകെ കൗൺസിലറാണ് ആർ ചിന്നസ്വാമി. കുടിവെള്ള ടാപ്പിന് സമീപം നിന്ന് വസ്ത്രങ്ങൾ കഴുകുകയായിരുന്നു പ്രഭാകരന്റെ ഭാര്യ പ്രിയ. പ്രഭുവും സഹോദരൻ പ്രഭാകരനും സമീപത്തു തന്നെ ഉണ്ടായിരുന്നു. ഇവരോട് അവിടെ നിന്നും മാറാൻ ചിന്നസ്വാമി ആവശ്യപ്പെട്ടു. എന്തിനാണ് വെറുതേ വെള്ളം പാഴാക്കുന്നത് എന്നും പ്രിയയോട് ചിന്നസ്വാമി ചോദിച്ചു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് ഇവർ പിന്തിരിഞ്ഞു.
എന്നാൽ അന്നു വൈകുന്നേരം തന്നെ ചിന്നസ്വാമി തന്റെ നാല് ആൺമക്കളെയും മറ്റ് ബന്ധുക്കളെയും കൂട്ടി പ്രഭുവിന്റെ വീട്ടിലെത്തുകയും ഇരുവരെയും ആക്രമിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രഭുവിനെ ഹൊസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഭാകരനും നിസാര പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിൽസയിലിരിക്കേ ഫെബ്രുവരി 14 നാണ് പ്രഭു മരിച്ചത്.
Also read: ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ ഇന്ത്യയിലെത്തിച്ചു; രാജ്യത്ത് ചീറ്റകളുടെ എണ്ണം 20 ആയി
മരിച്ച എം. പ്രഭുവും (28), സഹോദരൻ പ്രഭാകരനും (30) പട്ടാളക്കാരാണെന്നും ശ്രീനഗറിൽ ജോലി ചെയ്യുന്ന ഇവർ അവധിക്ക് നാട്ടിലെത്തിയതായിരുന്നു എന്നും പോലീസ് പറഞ്ഞു.
പ്രഭാകരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിന്നസാമി (50), മക്കളായ രാജപാണ്ടി (30), ഗുരു സൂര്യമൂർത്തി (26), ഗുണനിധി (23), ബന്ധുക്കളായ മണികണ്ഠൻ (32), മത്തയ്യൻ (60), പുലിപാണ്ടി (24), വെടിയപ്പൻ (55), കാളിയപ്പൻ (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിൽ ജോലി ചെയ്യുന്ന സൂര്യമൂർത്തി പോലീസ് കോൺസ്റ്റബിൾ കൂടിയാണ്.
പ്രതിഷേധം
സംഭവത്തിൽ തനിക്ക് അഗാധമായ വേദനയും ദുഃഖവും ഉണ്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു. ഡി.എം.കെ. ഭരണത്തിൽ കീഴിൽ പട്ടാളക്കാർ അവരുടെ ജന്മനാട്ടിൽ പോലും സുരക്ഷിതരല്ലെന്നും അദ്ദേഹം ആരോപിച്ചു. അക്രമികൾക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ആവശ്യപ്പെട്ടു.
സംഭവത്തിൽ ഡി.എം.കെ. സർക്കാരിനെതിരെ പ്രതിഷേധ സൂചകമായി, ഫെബ്രുവരി 21 ന് ചെന്നൈയിൽ തമിഴ്‌നാട് ബി.ജെ.പി. ഘടകം ഒരു ദിവസത്തെ നിരാഹാര സമരവും നിശബ്ദ റാലിയും പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും പ്രതിഷേധ റാലിയിൽ പങ്കെടുക്കും.
അതിനിടെ, കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തങ്ങളെ സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ട് പ്രഭുവിന്റെ കുടുംബവും രംഗത്തെത്തി.
Summary: DMK leader behind the death of an army man for this weird reason
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.