മഞ്ചേരി അരീക്കോട് കുനിയിൽ ഇരട്ടക്കൊല കേസിൽ കുറ്റക്കാർ എന്ന് കണ്ടെത്തിയ 12 പേർക്കും ഇരട്ട ജീവപര്യന്തം. എല്ലാവരും 50,000 രൂപ വീതം പിഴ അടക്കണം. 21 ൽ 12 പേർ കുറ്റക്കാർ എന്ന് കോടതി കണ്ടെത്തിയിരുന്നു. മഞ്ചേരി അഡീഷനൽ സെഷൻ കോടതി ജഡ്ജി ടി എച്ച് രജിത ആണ് കേസിൽ വിധി പറഞ്ഞത്.
2012 ജൂൺ 10 ന് കുനിയില്‍ അത്തീഖ് റഹ്മാന് വധക്കേസിലെ പ്രതികളായ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന് അബ്ദുൽ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം വെട്ടി കൊല്ലുക ആയിരുന്നു. കേസില്‍ കുറ്റക്കാർ എന്ന് കണ്ടെത്തിയ 12 പേർക്കും എതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച എല്ലാ കുറ്റങ്ങളും തെളിയിക്കാൻ സാധിച്ചു എന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ഇ എം കൃഷ്ണൻ നമ്പൂതിരി പറഞ്ഞു. വിവിധ വകുപ്പുകളിൽ തടവു ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഇരട്ട ജീവപര്യന്തം ഉള്ളത് കൊണ്ട് എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി. ആയുധം കൈവശം വയ്ക്കൽ, ഗൂഢാലോചന ,സംഘം ചേരൽ , അക്രമം തുടങ്ങി വിവിധ വകുപ്പുകൾ പ്രതികൾക്ക് മേൽ ചുമത്തിയിരുന്നു.
Also Read-കർണാടകയിലെ ധർവാഡിൽ BJP നേതാവിനെ കുത്തിക്കൊന്നു
കൊല്ലണം എന്ന് കരുതി അക്രമം നടത്തിയതിനും കൊലപാതകം നടത്തിയതിനും ജീവപര്യന്തം വിധിച്ചതോടെ ആണ് എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം ലഭിച്ചത്.പ്രതികൾ 50,000 രൂപ വീതം പിഴ അടക്കണം.ഈ സംഖ്യ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകണം. 750 പേജിൽ അധികം വരുന്നതാണ് വിധി ന്യായം. കേസിൽ 09 പേരെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ അപ്പീൽ പോകുന്ന കാര്യം വിധി പകർപ്പ് പരിശോധിച്ച ശേഷം തീരുമാനിക്കും.
2012 ജൂണ്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം.കുനിയില്‍ അത്തീഖ് റഹ്മാന് വധക്കേസിലെ പ്രതികളായ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന് അബ്ദുൽ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നാംപ്രതി കുറുമാടൻ മുക്താർ, 16-ാം പ്രതി ഷറഫുദ്ദീൻ എന്നിവർ അതീഖ് റഹ്‌മാന്റെ സഹോദരങ്ങളാണ്. ഇതിൽ ഷറഫുദ്ദീനെ കോടതി വെറുതെവിട്ടു.
Also Read-ലഹരിക്ക് അടിമയായ മകൻ ബലാത്സംഗം ചെയ്ത അമ്മ ജീവനൊടുക്കി; കൊടുംക്രൂരതയ്ക്ക് മരണംവരെ തടവ്
കേസില്‍ 275 സാക്ഷികളെ വിസ്തരിച്ചു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍, മറ്റ് ആയുധങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ എന്നിവ ഉള്‍പ്പെടെ നൂറ് തൊണ്ടിമുതലുകളും ശാസ്ത്രീയമായി തയാറാക്കിയ മൂവായിരത്തോളം രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.
അതീഖ് റഹ്മാൻ കൊലപാതകത്തിൻ്റെ പ്രതികാരം ആയിരുന്നു കുനിയിൽ സഹോദരന്മാരുടെ കൊല. 2012 ജനുവരി 5 നായിരുന്നു അതീഖ് റഹ്മാൻ കൊല്ലപ്പെട്ടത്. അതിന് 6 മാസത്തിന് ശേഷം ആണ് ഈ കേസില്‍ പ്രതികളായ കുനിയിൽ സഹോദരന്മാർ കൊല്ലപ്പെട്ടത്. അതീഖ് റഹ്മാൻ കൊലപാതകത്തെ പറ്റി പ്രകോപനപരമായി പ്രസംഗിച്ചു എന്ന കുറ്റത്തിന് ഏറനാട് എംഎൽഎ പികെ ബഷീറിനെതിരെയും പോലീസ് കേസ് എടുത്തിരുന്നു എങ്കിലും പിന്നീട് ബഷീറിനെ കേസിൽ നിന്നും ഒഴിവാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.