• HOME
 • »
 • NEWS
 • »
 • crime
 • »
 • MDMA | പഠനത്തിന് ഏകാഗ്രത കിട്ടുമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ ഫുഡിന്റെ മറവില്‍ മയക്കുമരുന്ന് വിറ്റ യുവാവ് പിടിയിൽ

MDMA | പഠനത്തിന് ഏകാഗ്രത കിട്ടുമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ ഫുഡിന്റെ മറവില്‍ മയക്കുമരുന്ന് വിറ്റ യുവാവ് പിടിയിൽ

പഠിക്കുന്നതിന് കൂടുതല്‍ ഏകാഗ്രത കിട്ടുമെന്നും ബുദ്ധി കൂടുതല്‍ ഷാര്‍പ്പ് ആകുമെന്നും പറഞ്ഞ് പഠനത്തിന് അല്‍പം പിന്നില്‍ ഉള്ള വിദ്യാർഥി, വിദ്യാര്‍ത്ഥിനികളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ ഇവരെ മയക്കുമരുന്നിന് അടിമകള്‍ ആക്കിയിരുന്നത്.

നിതിൻ രവീന്ദ്രൻ

നിതിൻ രവീന്ദ്രൻ

 • Last Updated :
 • Share this:
  കോട്ടയം: ഓണ്‍ലൈന്‍ ഫുഡ് (Online Food) എത്തിക്കുന്നതിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന (Drug dealing) നടത്തി വന്ന യുവാവ് എംഡിഎംഎയുമായി (MDMA) എക്സൈസ് (Excise) പിടിയില്‍. കോട്ടയം (Kottayam)കാഞ്ഞിരപ്പള്ളി (Kanjirappally)കപ്പാട് സ്വദേശി ആറ്റിന്‍പുറം വീട്ടില്‍ നിതിന്‍ രവീന്ദ്രനെയാണ് (26) എറണാകുളം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് ഒരു ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

  മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നിരുന്ന ബൈക്കും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. ഓണ്‍ലൈന്‍ ആയി ഭക്ഷണം എത്തിക്കുന്നതിനിടെ അതിവിദഗ്ധമായിട്ടാണ് സമപ്രായക്കരായ യുവതിയുവാക്കളെ ഇയാൾ ലഹരിക്കെണിയില്‍ പെടുത്തിയിരുന്നത്. ഭക്ഷണം എത്തിക്കാന്‍ നല്‍കിയിരിക്കുന്ന ലൊക്കേഷന്‍ കൃത്യമല്ല എന്നും അതുകൊണ്ട് തന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ലൊക്കേഷന്‍ കൃത്യമായി ഷെയര്‍ ചെയ്യണമെന്നും പറഞ്ഞ് കസ്റ്റമറുടെ നമ്പര്‍ കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി.

  അതിനുശേഷം പതിയെ അവരുമായി സൗഹ്യദം സ്ഥാപിച്ച ശേഷം ഇയാള്‍ ഇവരെ മയക്കുമരുന്നിന് അടിമകള്‍ ആക്കി വരികയായിരുന്നു. പഠിക്കുന്നതിന് കൂടുതല്‍ ഏകാഗ്രത കിട്ടുമെന്നും ബുദ്ധി കൂടുതല്‍ ഷാര്‍പ്പ് ആകുമെന്നും പറഞ്ഞ് പഠനത്തിന് അല്‍പം പിന്നില്‍ ഉള്ള വിദ്യാർഥി, വിദ്യാര്‍ത്ഥിനികളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ ഇവരെ മയക്കുമരുന്നിന് അടിമകള്‍ ആക്കിയിരുന്നത്.

  അര ഗ്രാമിന് 3000 രൂപയാണ് ഇയാള്‍ ഇടാക്കിയിരുന്നത്. ഇത്തരത്തില്‍ കെണിയില്‍ അകപ്പെട്ട ഒരു വിദ്യാർഥിനിയുടെ സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ എക്‌സൈസ് ഷാഡോ ടീം നിരീക്ഷിച്ചുവരികയായിരുന്നു. കലൂര്‍ സ്റ്റേഡിയം റൗണ്ട് റോഡില്‍ ലഹരി കൈമാറാന്‍ വന്ന ഇയാളെ എക്‌സൈസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.

  Also Read- Murder| കുടുംബവഴക്ക്; തൊടുപുഴയിൽ 54 കാരിയെ സഹോദരീ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു

  മാരക ലഹരിയിലായിരുന്ന ഇയാളെ മല്‍പിടിത്തത്തിലൂടെയാണ് എക്‌സൈസ് സംഘം കീഴ്‌പ്പെടുത്തിയത്. അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാര്‍ട്ടികളില്‍ ഉപയോഗിച്ച് വരുന്ന ‘പാര്‍ട്ടി ഡ്രഗ്' എന്ന വിളിപ്പേരുള്ള അതിമാരകമായ മെത്തലില്‍ ഡയോക്‌സി മെത്താഫിറ്റമിന്‍ ആണ് നിതിന്റെ പക്കല്‍ നിന്ന് പിടികൂടിയത്. ഇത് 0.5 ഗ്രാം (അരഗ്രാം) വരെ കൈവശം വച്ചാല്‍ 10 വര്‍ഷം വരെ കഠിനതടവ് ലഭിക്കുന്ന ഗൗരവമായ കുറ്റകൃത്യമാണ്. പ്രധാനമായും നിശാ പാര്‍ട്ടികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതിനാല്‍ 16 മുതല്‍ 24 മണിക്കൂര്‍ വരെ ഉന്‍മാദവസ്ഥയില്‍ നിര്‍ത്താന്‍ ശേഷിയുള്ള മാരക മയക്കുമരുന്നിനത്തില്‍പ്പെട്ടതാണ് പിടിച്ചെടുത്തത്.

  ഇതിന്റെ ഉപയോഗ ക്രമം പാളിയാല്‍ സൈലന്റ് അറ്റാക്ക് പോലുള്ളവ സംഭവിച്ച് മരണപ്പെടാന്‍ സാധ്യതയേറെയാണ്. ഇതരസംസ്ഥാനങ്ങളില്‍ പഠനത്തിനും മറ്റുമായി പോകുന്നവരില്‍ നിന്നാണ് ഇയാള്‍ എംഡിഎംഎ എത്തിച്ചിരുന്നത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ അറിയുവാന്‍ കഴിഞ്ഞതെന്ന് എക്‌സൈസ് അറിയിച്ചു. ഇത് സംബന്ധിച്ച് സമഗ്രമായ അനേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

  യുവാവിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചിരുന്നവരെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടിയിലുള്ള എക്‌സൈസിന്റെ സൗജന്യ കൗണ്‍സിലിംഗ് സെന്ററില്‍ എത്തിച്ച് കൗണ്‍സിലിങ്ങിന് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം എസ് ഹനീഫയുടെ നേതൃത്വത്തില്‍ അസി. ഇന്‍സ്‌പെക്ടര്‍ കെ ആര്‍ രാം പ്രസാദ്, പ്രിവന്റീവ് ഓഫീസര്‍ സുരേഷ്‌കുമാര്‍. എസ്, സിറ്റി മെട്രൊ ഷാഡോയിലെ എന്‍ ഡി ടോമി, എന്‍ ജി അജിത്ത്കുമാര്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ബി ജിതീഷ്, കെ എസ് സൗമ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
  Published by:Rajesh V
  First published: