• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | കൊണ്ടോട്ടിയിലെ ലഹരി കടത്ത് മാഫിയ  സംഘത്തലവൻ പണ്ടാരി ലത്തീഫ് പിടിയിൽ

Arrest | കൊണ്ടോട്ടിയിലെ ലഹരി കടത്ത് മാഫിയ  സംഘത്തലവൻ പണ്ടാരി ലത്തീഫ് പിടിയിൽ

പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.

  • Share this:
കൊണ്ടോട്ടിയിലെ ലഹരി കടത്ത് മാഫിയ  സംഘത്തലവൻ പണ്ടാരി ലത്തീഫ് പിടിയില്‍. കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ബ്രൗൺഷുഗർ വില്പന നടത്തിവന്ന ലഹരിക്കടത്ത് സംഘത്തലവൻ കൊണ്ടോട്ടി ഓമാനൂർ സ്വദേശി പറമ്പൻ കുന്നൻ ലത്തീഫ് (43) എന്ന പണ്ടാരി ലത്തീഫിനെയാണ്  കൊണ്ടോട്ടി ഇൻസ്പക്ടർ പ്രമോദ്  അറസ്റ്റു ചെയ്തത് .  ഇയാൾ തേഞ്ഞിപ്പലം ഭാഗത്ത് കാറിൽ സഞ്ചരിക്കവെ പിന്തുടർന്ന് അതി സാഹസികമായാണ് പിടികൂടിയത്.ഇയാളുടെ കാറും പോലീസ് പിടിച്ചെടുത്തു.

പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. ഇയാളുടെ സംഘത്തിൽപ്പെട്ട കരിപ്പൂർ സ്വദേശി ജംഷാദ് അലി (33) ,കോഴിക്കോട്  മായനാട് സ്വദേശി കമ്മണപറമ്പ നജ്മു സാക്കിബ്(33) എന്നിവരെ 2 ആഴ്ച മുൻപ്  അരക്കിലോ ബ്രൗൺ ഷുഗറുമായി  കൊണ്ടോട്ടി ബസ്റ്റാൻ്റ് പരിസരത്തുനിന്നും പിടികൂടിയിരുന്നു.

Also Read- മലപ്പുറത്ത് മയക്കു മരുന്ന് വേട്ട തുടർന്ന് പോലീസ്; വേങ്ങരയിൽ പിടികൂടിയത് 780 ഗ്രാം MDMA

അന്തർദേശീയ മാർക്കറ്റിൽ 20 ലക്ഷത്തോളം രൂപ വില വരുന്ന,   ബ്രൗൺ ഷുഗർ ആണ് ഇവരിൽ നിന്നും കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജസ്ഥാനിൽ നിന്നും ലഹരി എത്തിക്കാൻ വേണ്ട പണം നൽകിയത് ലത്തീഫാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനു മുൻപും പലതവണ ഇയാൾക്കു വേണ്ടി മയക്കുമരുന്ന് കടത്തികൊണ്ടു വന്നിരുന്നതായി പിടിയിലായവർ പറഞ്ഞു.

വിഷു - ഈസ്റ്റർ ഉത്സവ ആഘോഷങ്ങൾക്കിടെയുള്ള ചില്ലറ വില്പനക്കായാണ് രാജസ്ഥാനിൽ നിന്ന്  പ്രതികൾ മയക്കുമരുന്ന്  കൊണ്ടുവന്നത്.  പിടിയിലായ നജ്മു സാക്കിബ്  3 വർഷം മുൻപ് ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തികൊണ്ടു വരുന്നതിനിടെ അവിടെ പിടിയിലായിട്ടുണ്ട്.  ഈ കേസില്‍ 2 വർഷത്തോളം ഇയാള്‍ ജയിലിലായിരുന്നു. 6 മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. 2018 ലും 2019 ലും കോഴിക്കോട് എക്സൈസ് ബ്രൗൺഷുഗറുമായി നജ്മു ഷാക്കിബിനെ പിടികൂടിയിരുന്നു. ഒരു കേസിൽ ഇയാൾക്ക് ശിക്ഷ ലഭിച്ചിട്ടുമുണ്ട്.

Also Read- സ്ത്രീകളെന്ന വ്യാജേന സോഷ്യൽ മീഡിയ വഴി സൗഹൃദം; ഹണി ട്രാപ്പിലൂടെ 48കാരന് നഷ്ടമായത് അരക്കോടിയോളം രൂപ

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ജംഷാദ് അലിയുടെ പേരിൽ കരിപ്പൂർ സ്റ്റേഷനിൽ പോക്സോ കേസും നിലവിൽ ഉണ്ട്. കൊണ്ടോട്ടി കേന്ദ്രീകരിച്ച്  ഇവർ ഉൾപ്പെട്ട വൻ ലഹരിക്കടത്ത് സംഘം പ്രവർത്തിക്കുന്നതായി പോലീസിന്  വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ പിടിയിലായ സംഘത്തലവൻ ടൗണിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് സൂചനയുണ്ട്.  ഇതിൻ്റെ മറവിലാണ് ബസ്റ്റാൻ്റ് പരിസരത്ത് ലഹരി കച്ചവടം നടത്തി വന്നിരുന്നത്.

കുറഞ്ഞ കാലയാളവിനിടയിലുള്ള പ്രതിയുടെ സാമ്പത്തിക വളർച്ചയും , സ്വത്തുക്കളെ കുറിച്ചും അന്വേഷിച്ചു വരികയാണെന്നും അന്വേഷണ സംഘം അറിയിച്ചു.  ലഹരിയുടെ   ഉറവിടത്തെപറ്റിയും,  പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെയും,   പ്രതികൾക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയവരെ  കുറിച്ചും  അന്വേഷണം ഊർജ്ജിതമാക്കി.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എഎസ്പി ഷാഹുൽ ഹമീദ്, കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ് എന്നിവരുടെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി ഇൻസ്പക്ടർ പ്രമോദിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡാണ്  പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത് .
Published by:Arun krishna
First published: