• HOME
  • »
  • NEWS
  • »
  • crime
  • »
  • പാമ്പുകളും കുരങ്ങും ആമയും; കോടികളുടെ മയക്കുമരുന്നും; ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്

പാമ്പുകളും കുരങ്ങും ആമയും; കോടികളുടെ മയക്കുമരുന്നും; ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്

അഞ്ച് ഇനം പെരുമ്പാമ്പ് കുഞ്ഞുങ്ങള്‍, മധ്യ ആഫ്രിക്കയില്‍ കണ്ടുവരുന്ന ചെറു കുരങ്ങ്, സീഷ്യല്‍സ് ദ്വീപില്‍ കാണപ്പെടുന്ന ഒരിനം ആമ എന്നിവയെല്ലാം ഇയാളുടെ ബാഗില്‍ ഉണ്ടായിരുന്നു

  • Last Updated :
  • Share this:
    ചെന്നൈ: കഴിഞ്ഞ ദിവസം വിവിധ രാജ്യങ്ങളിൽനിന്ന് എത്തിയ വിമാനയാത്രികരിൽനിന്ന് ചെന്നൈ വിമാനത്താവളത്തിൽവെച്ച് അധികൃതർ പിടികൂടിയത് കോടികളുടെ മയക്കുമരുന്നും പാമ്പും കുരങ്ങും ആമയും. എത്യോപ്യയില്‍ നിന്നെത്തിയ ഇക്ബാല്‍ പാഷയില്‍ നിന്നാണ് 100 കോടി വിലമതിക്കുന്ന മയക്കുമരുന്നുകള്‍ പിടികൂടിയത്. കൂടാതെ തായ്‌ലന്‍ഡില്‍ നിന്ന് എത്തിയ തമിഴ്‌നാട് സ്വദേശിയുടെ ലഗേജിൽനിന്നാണ് 20 പാമ്പുകളെയും കുരങ്ങിനെയും ഉൾപ്പടെ എക്‌സോട്ടിക് അനിമല്‍സ് വിഭാഗത്തില്‍പ്പെടുന്ന ചെറു ജീവികളേയും പിടികൂടിയത്. 6.02 കിലോഗ്രാം കൊക്കെയ്ന്‍, 3.57 കിലോഗ്രാം ഹെറോയ്ന്‍ എന്നിവയും കസ്റ്റംസ് പരിശോധനയിൽ പിടിച്ചെടുത്തു.

    ചെന്നൈ വിമാനത്താവളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു കഴിഞ്ഞ ദിവസം. അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയിൽ 100 കോടിക്കുമേല്‍ വില വരുന്ന വസ്തുക്കലാണ് ഇക്ബാൽ പാഷ എന്നയാളിൽനിന്ന് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരില്‍ നിന്ന് അടുത്തിടെയായി മയക്കുമരുന്ന് കൂടിയ അളവില്‍ പിടിച്ചതിനെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ നിന്നു വരുന്നവരുടെ പരിശോധന കൂടുതൽ ശക്തമാക്കിയിരുന്നു.

    പരിശോധനയ്ക്കിടെ പരസ്പരവിരുദ്ധമായി സംസാരിച്ചതോടെയാണ് ഇക്ബാൽ പാഷയുടെ ശരീരവും ലഗേജും കസ്റ്റംസുകാർ വിശദമായി പരിശോധിച്ചത്. ഇതോടെയാണ് വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ഇയാൾ ആർക്കുവേണ്ടിയാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായി കസ്റ്റംസ് അറിയിച്ചു. ഇക്ബാൽ പാഷയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അധികൃതരും ചോദ്യം ചെയ്യുന്നുണ്ട്.

    തായ്ലൻഡിൽനിന്ന് എത്തിയ യാത്രക്കാരനിൽനിന്നാണ് 20 വിഷരഹിത പാമ്പുകള്‍, രണ്ട് ആമകള്‍, ഒരു ചെറുകുരങ്ങ് അടക്കം 23 ചെറു ജീവികളെ കണ്ടെത്തിയത്. തായ് എയര്‍ലൈന്‍സില്‍ വന്നിറങ്ങിയ മുഹമ്മദ് ഷക്കീല്‍ എന്ന തമിഴ്‌നാട് രാമനാഥപുരം സ്വദേശിയുടെ ബാഗില്‍ നിന്നാണ് ഇവയെ പിടികൂടിയത്. തായ്‌ലന്‍ഡില്‍ ഇവയെ കൈവശം വയ്ക്കുന്നതും വ്യാപാരവും അനുവദനീയമാണെങ്കിലും ഇന്ത്യയിൽ ഇതിന് വിലക്കുണ്ട്. അരുമയായി വളര്‍ത്താനും അന്ധവിശ്വാസികളുടെ ആഭിചാരക്രിയകള്‍ക്കും മറ്റുമാണ് ഇത്തരം ചെറുജീവികളെ ഉപയോഗിച്ചുവരുന്നത്.

    Also Read- 'ഞാന്‍ ഒരു ചൈനക്കാരനാണ്, തീവ്രവാദിയല്ല'; ഡല്‍ഹി കോടതിയോട് Huawei ഇന്ത്യ സിഇഒ

    മുഹമ്മദ് ഷക്കീല്‍ എന്തിനാണ് ഇവയെ കൊണ്ടുവന്നത് എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. വിവിധ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തുവരുന്നു. അഞ്ച് ഇനം പെരുമ്പാമ്പ് കുഞ്ഞുങ്ങള്‍, മധ്യ ആഫ്രിക്കയില്‍ കണ്ടുവരുന്ന ചെറു കുരങ്ങ്, സീഷ്യല്‍സ് ദ്വീപില്‍ കാണപ്പെടുന്ന ഒരിനം ആമ എന്നിവയെല്ലാം ഇയാളുടെ ബാഗില്‍ ഉണ്ടായിരുന്നു. ഇവയെ തായ്‌ലന്‍ഡിലേക്ക് തിരിച്ചയക്കാനും അതിനുള്ള ചെലവ് ഇദ്ദേഹത്തില്‍ നിന്ന് ഈടാക്കാനും സെന്‍ട്രല്‍ ഫോറസ്റ്റ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.
    Published by:Anuraj GR
    First published: