മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ചത് അപകട കാരണം; ശ്രീറാമിനെതിരെ കുറ്റപത്രം

കുറ്റപത്രം സമർപ്പിച്ചത് സസ്പെൻഷൻ നീട്ടിയതോടെ

News18 Malayalam | news18-malayalam
Updated: February 1, 2020, 5:26 PM IST
  • Share this:
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. അപകട സമയത്ത് ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണ് രണ്ടാം പ്രതി. വഞ്ചിയൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Also Read- മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; ശ്രീറാം വെങ്കിട്ടരാമന്‍റെ സസ്പെൻഷൻ മൂന്നു മാസം കൂടി നീട്ടി

വഫ ഫിറോസ് നിരന്തരം ഗതാഗത നിയമം ലംഘിക്കുന്ന വ്യക്തിയാണെന്നു കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ 100 സാക്ഷികളാണ് ഉള്ളത്. 84 രേഖകളും 72 തൊണ്ടിമുതലുകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. വിശദമായ ഫോറന്‍സിക് പരിശോധനാ ഫലങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.

2019 ആഗസ്റ്റ് മൂന്നിന്  പുലർച്ചെ 12.55നാണ് കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമടക്കം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. അപകടശേഷം ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കാന്‍ വൈകിയത് പൊലീസിന്റെ വീഴ്ചയായി  കോടതി വിലയിരുത്തുകയുമുണ്ടായി.

കഴിഞ്ഞ ദിവസം ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് സർക്കാരിന് ശുപാർശ നൽകിയിരുന്നു. കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയായിരുന്നു ശുപാർശ. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ശുപാർശ തള്ളുകയും  സസ്പെൻഷൻ കാലാവധി മൂന്ന് മാസം കൂടി നീട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 1, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍