ഹീര ഗ്രൂപ്പ് സ്വർണ നിക്ഷേപതട്ടിപ്പ്: നൗഹീര ഷെയ്ഖും മോളി തോമസും അറസ്റ്റിൽ

പലിശ രഹിത ലാഭവിഹിതമെന്ന പേരിലാണ് കോഴിക്കോട് കേന്ദ്രീകരിച്ച് ഹീര ഗ്രൂപ്പ് കേരളത്തിൽ തട്ടിപ്പ് നടത്തിയത്

news18
Updated: May 15, 2019, 5:27 PM IST
ഹീര ഗ്രൂപ്പ് സ്വർണ നിക്ഷേപതട്ടിപ്പ്: നൗഹീര ഷെയ്ഖും മോളി തോമസും അറസ്റ്റിൽ
moly-Thomas_Heera-group1
  • News18
  • Last Updated: May 15, 2019, 5:27 PM IST IST
  • Share this:
ഹൈദരാബാദ്: മലബാർ ഉൾപ്പടെ കേന്ദ്രീകരിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ ഹൈദരാബാദിലെ ഹീര ഗ്രൂപ്പ് ഉടമയെയും മലയാളിയായ പ്രൈവറ്റ് സെക്രട്ടറിയെയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഹീര ഗ്രൂപ്പ് ഉടമ നൗഹീറ ഷെയ്ഖ്, പ്രൈവറ്റ് സെക്രട്ടറി മോളി തോമസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ മോളി തോമസിന്‍റെ ഭർത്താവ് ബിജു തോമസും അറസ്റ്റിലായിട്ടുണ്ട്. കള്ളപ്പണം തടയൽ ആക്ട് (പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട്, 2002-PMLA) പ്രകാരമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പത്രകുറിപ്പിൽ വ്യക്തമാക്കി. അറസ്റ്റിലായ മൂന്നുപേരെയും ഹൈദരാബാദ് മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജിന്‍റെ മുമ്പാകെ ഹാജരാക്കി. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇന്നുമുതൽ ഏഴുദിവസത്തേക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിൽ വിട്ടു. നൗഹീറ ഷെയ്ഖിന്റെ പ്രൈവറ്റ് സെക്രട്ടറിയായ മോളി തോമസ് എറണാകുളം സ്വദേശിനിയാണ്.

നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തുടർ അന്വേഷണം നടത്തിയത്. ലക്ഷകണക്കിന് നിക്ഷേപകരിൽനിന്ന് വൻ ലാഭം വാഗ്ദ്ധാനം ചെയ്താണ് ഹീര ഗ്രൂപ്പ് നിക്ഷേപം സ്വീകരിച്ചത്. 36 ശതമാനമാണ് ഇവർ വാഗ്ദ്ധാനംചെയ്ത ലാഭവിഹിതം. ഏകദേശം 3000 കോടി രൂപയാണ് ഇത്തരത്തിൽ ഹീര ഗ്രൂപ്പ് തട്ടിയെടുത്തത്. തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും സൌദി, യുഎഇ, ബഹറിൻ, ഒമാൻ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിൽനിന്നുള്ള പ്രവാസികളും തട്ടിപ്പിന് ഇരയായി. 1.72 ലക്ഷം പേരാണ് ലാഭം പ്രതീക്ഷിച്ച് നിക്ഷേപം നടത്തിയത്. എന്നാൽ പണം തട്ടിയെടുത്ത് ഹീര ഗ്രൂപ്പ് പ്രതിനിധികൾ മുങ്ങുകയായിരുന്നു. നിക്ഷേപമായി സ്വീകരിച്ച പണം നൗഹീര ഷെയ്ഖ് ഉൾപ്പടെയുള്ളവർ തങ്ങളുടെ വ്യക്തിഗത ബാങ്ക് അക്കൌണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.

മലബാറിൽ കോടികളുടെ തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പുമായി മലയാളി യുവതിക്ക് ബന്ധം

പലിശ രഹിത ലാഭവിഹിതമെന്ന പേരിലാണ് കോഴിക്കോട് കേന്ദ്രീകരിച്ച് ഹീര ഗ്രൂപ്പ് കേരളത്തിൽ തട്ടിപ്പ് നടത്തിയത്. ഹീര ഗോള്‍ഡ് എക്‌സിം കോഴിക്കോട് എം.കെ. റോഡില്‍ ഓഫീസ് തുറന്നാണ് പ്രവർത്തിച്ചത്. ഈ ഓഫീസ് പ്രവർത്തിച്ചുതുടങ്ങിയതുമുതൽ ഹീര ഗ്രൂപ്പിന്റെ ഹൈദരാബാദ് ഓഫീസിലേക്ക് വിളിക്കുമ്പോഴൊക്കെ നിക്ഷേപകരോട് സംസാരിച്ചിരുന്നത് മോളി തോമസായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

മോളി തോമസിന്‍റെ ഭർത്താവ് ബിജു തോമസും ഹീര തട്ടിപ്പിന്‍റെ കണ്ണിയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കേരളത്തിൽ സുവാൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നടത്തിയിരുന്ന ബിജു തോമസാണ് ഹീര ഗ്രൂപ്പിന്‍റെ നിക്ഷേപ പ്രവർത്തനങ്ങൾക്കുള്ള സോഫ്റ്റ് വെയർ നിർമ്മിച്ചു നൽകിയത്. ഈ സോഫ്റ്റ് വെയർ ഉപയോഗിച്ചും തട്ടിപ്പ് നടത്തിയതായി എൻഫോഴ്സ്മെന്‍റ് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ 24 കേന്ദ്രങ്ങളിലായി ഓഫീസുകൾ തുറന്നായിരുന്നു ഹീര ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പ് നടത്തിയത്. ഇവിടങ്ങളിലായി 182 ബാങ്ക് അക്കൗണ്ടുകളും കമ്പനി എടുത്തിരുന്നു. ഇതുകൂടാതെ ഗൾഫ് രാജ്യങ്ങളിലായി 10 അക്കൗണ്ടുകളും ഇവർ എടുത്തിട്ടുണ്ട്.

നൗഹീര ഷെയ്ഖ് കോഴിക്കോട്ട് എത്തിയപ്പോഴെല്ലാം മോളി തോമസും ഒപ്പമുണ്ടായിരുന്നു. കോഴിക്കോട്ടെ പ്രമുഖ റിസോര്‍ട്ടില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ നൗഹീരയടക്കമുള്ളവരുടെ പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതും മോളി തോമസാണ്. ഇഫ്താര്‍ വിരുന്നിനെത്തിയപ്പോള്‍ പർദ ധരിച്ചെത്തി മോളി തോമസ് നിക്ഷേപകരുടെ വിശ്വാസം ആർജിച്ചു. കോഴിക്കോടിന് പുറമെ കൊച്ചിയിലും ഹീര ഗ്രൂപ്പ് മേഖലാ ഓഫീസ് തുറന്നു. ഇവിടെ പ്രമുഖ ഹോട്ടല്‍ സമുച്ഛയം ഹീരക്ക് വേണ്ടി വാങ്ങിയത് മോളിയുടെ ഭര്‍ത്താവ് ബിജു തോമസാണ്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഹോട്ടല്‍ കെട്ടിടം ബാങ്ക് കൈവശപ്പെടുത്തി. ഹീര ഗ്രൂപ്പിനെതിരെ ഹൈദരാബാദിലുള്ള കേസില്‍ മോളി തോമസിനെ കസ്റ്റഡിയിലെടുത്തെങ്കിലും ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ കേസ് എൻഫോഴ്സ്മെന്‍റ് ഏറ്റെടുത്തതോടെയാണ് നൗഹീര ഷെയ്ഖ് ഉൾപ്പടെയുള്ളവർ വീണ്ടും അറസ്റ്റിലായത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading