കോട്ടയം: അഞ്ച് ലക്ഷം രൂപയുടെ ആനുകൂല്യം നൽകാമെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ സ്വര്‍ണ വള തട്ടിയെടുത്തു. വൈക്കം റ്റിവിപുരം സ്വദേശിനി സുമതിയുടെ കൈയ്യിലെ വളയാണ് ആനുകൂല്യത്തിന്റെ പേരിൽ ഊരി വാങ്ങി തട്ടിപ്പുകാരൻ കടന്നു കളഞ്ഞത്. സുമതി വൈക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ വൈക്കം കച്ചേരി കവലയിൽ ബസ് കാത്ത് നിൽക്കുമ്പോഴായിരുന്നു സംഭവം.
ബന്ധുവിന്റെ അയൽക്കാരനെന്ന് പറഞ്ഞ് പരിചയപ്പെട്ട് താമസ സ്ഥലവും വിവരങ്ങളും തിരക്കുകയായിരുന്നു. 80 കഴിഞ്ഞ രോഗിയായ സുമതിക്ക് 5 ലക്ഷം രൂപ ആനുകൂല്യം കിട്ടുന്ന പദ്ധതിയുടെ അവസാന ദിവസമിന്നാണെന്ന് പറഞ്ഞ് രണ്ടായിരം രൂപ അടക്കണമെന്നും പറഞ്ഞു. വിശ്വസിപ്പിക്കാൻ തന്റെ ഭാര്യയെന്ന് പേരിൽ ഒരു സ്ത്രീയുമായി ഫോണിൽ സംസാരിപ്പിച്ചു. എന്നാൽ കേൾവി കുറവുള്ള സുമതിക്ക് റോഡിൽ വച്ചുള്ള സംസാരമൊന്നും കേൾക്കാനായില്ല. ഇതിനിടെ സുമതിയുടെ വീട്ടിലുള്ളവരോട് ഫോണിൽ വിഷയം സംസാരിച്ചതായും ധരിപ്പിച്ചു.
Also read-കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ; ബാങ്കിലെത്തിയത് 500 രൂപയുടെ ഏഴു കള്ളനോട്ടുകൾ
പിന്നീട് റോഡിൽ നിന്ന് സമീപത്തെ മിനി സിവിൽ സ്റ്റേഷന്റെ മതിൽ കെട്ടിനുള്ളിലേക്ക് കൊണ്ടുപോയ ശേഷം വളയും 5 ലക്ഷം രൂപയുടെ ആനുകൂല്യവും നാളെ കൊണ്ടുവരാമെന്ന് പറഞ്ഞ് വള ഊരി വാങ്ങിയെന്നുമാണ് സുമതി പറയുന്നത്. തുടർന്ന് റ്റിവിപുരത്തിനുള്ള ബസിൽ കയറ്റിവിട്ട ശേഷമാണ് തട്ടിപ്പുകാരൻ കടന്നത്.അവിവാഹിതയായ സുമതി സഹോദരന്റെ മക്കളുടെ കൂടെയാണ് താമസം. വൈക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.