പോപ്പുലർ ഫ്രണ്ട് (Poupular Front) സംസ്ഥാന കമ്മിറ്റി അംഗവും കൈവെട്ടുകേസിലെ പ്രതിയുമായിരുന്ന എം കെ അഷറഫ് എന്ന തമർ അഷറഫിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അറസ്റ്റ് ചെയ്തു. ഡൽഹിയിലേക്ക് ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയശേഷം ഇന്നലെയായിരുന്നു അറസ്റ്റ്. മൂവാറ്റുപുഴയിലെ ഇയാളുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിന്റെയും അന്വേഷണങ്ങളുടെയും തുടർ നടപടിയായാണ് അറസ്റ്റ് എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ഡിസംബർ എട്ടിന് ഡൽഹിയിൽനിന്നുള്ള ഇഡിയുടെ അംഗങ്ങൾ ഉൾപ്പെടുന്ന സംഘം മൂവാറ്റുപുഴയിലെ അഷറഫിന്റെ വീട്ടിൽ റെയ്ഡിന് എത്തിയത് സംഘർഷാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. രാവിലെ കൊറിയറുകാരൻ എന്നപേരിൽ ഒരാൾ എത്തി തമർ അഷറഫിനെ അന്വേഷിച്ചു കവർ കൈമാറി ആൾ സ്ഥലത്ത് ഉണ്ട് എന്ന് ഉറപ്പു വരുത്തി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുകയായിരുന്നു. എന്നാൽ അപകടം മണത്തതോടെ അഷറഫ് സ്ഥലത്തുനിന്നു മുങ്ങുകയും അഞ്ഞൂറോളം വരുന്ന പ്രവർത്തകർ വീടുവളയുകയും ചെയ്തു.
Also Read-
എം കെ അഷ്റഫിന്റെ അറസ്റ്റ് ആര്എസ്എസ് ഗൂഢാലോചന; ED ഓഫീസിലേക്ക് മാർച്ച് നടത്തും: Popular Front
ആദ്യ ഘട്ടത്തിൽ സ്ത്രീകളും കുട്ടികളും മാത്രമാണു വീട്ടിലുള്ളത് എന്നതിനാൽ റെയ്ഡ് അനുവദിക്കാനാകില്ലെന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നിലപാടെടുത്തു. ഇതിനു വഴങ്ങാതിരുന്ന സംഘം അകത്തു കയറി പരിശോധന നടത്തിയതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രാദേശിക പൊലീസിൽ പോലും അറിയിക്കാതെയായിരുന്നു അന്നത്തെ റെയ്ഡ്. ഇതിനിടെ മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ് ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തിയെങ്കിലും റെയ്ഡ് ആരംഭിച്ചിരുന്നു.
ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടായി. ഇതിനിടെ അഷറഫിന്റെ പിതാവിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ബന്ധുക്കൾ അറിയിച്ചതോടെ ഇയാളെ പിൻവാതിലിലൂടെ പുറത്തെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോയി. ഉച്ചയ്ക്ക് 12 വരെ നീണ്ട റെയ്ഡിനിടെ മഹസർ ഒപ്പിടുന്നതിനായി എസ്ബിഐ ബ്രാഞ്ച് മാനേജരെയും തഹസിൽദാരെയും വിളിച്ചു വരുത്തിയിരുന്നു. ഇവരെ തടയാനും പ്രവർത്തകരുടെ ഭാഗത്തുനിന്നു ശ്രമമുണ്ടായി.
തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ പ്രതിയായിരുന്ന അഷറഫിനെ എൻഐഎ അറസ്റ്റു ചെയ്തിരുന്നെങ്കിലും കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയെന്നും ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ഇയാൾക്കെതിരെ എൻഐഎ ചുമത്തിയിരുന്ന കുറ്റം.
അതേസമയം എം കെ അഷറഫിനെ ഇഡി അറസ്റ്റ് ചെയ്തത് അന്യായമായാണെന്നും മുൻകൂട്ടി തയാറാക്കിയ ആർഎസ്എസ് തിരക്കഥയുടെ ഭാഗമാണെന്നും പോപ്പുലർ ഫ്രണ്ട് ആരോപിച്ചു. ചോദ്യം ചെയ്യാൻ എന്ന പേരിൽ വിളിച്ചു വരുത്തിയശേഷമാണ് വഞ്ചനാപരമായി അറസ്റ്റു ചെയ്തത്. സമാനമായി പോപ്പുലർഫ്രണ്ട് പ്രവർത്തകൻ ബി.പി. അബ്ദുൾ റസാഖിനെയും അടുത്തിടെ ഇഡി അറസ്റ്റു ചെയ്തിരുന്നു. സംഘടനയ്ക്കെതിരെ ബിജെപി സർക്കാർ നടത്തുന്ന രാഷ്ട്രീയ പ്രേരിതവും ഗൂഢനീക്കങ്ങളുടെ ഭാഗവുമാണ് നടപടിയെന്നും പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ പറഞ്ഞു. അറസ്റ്റിൽ പ്രതിഷേധിച്ച് 18ന് ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.