കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി. സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് കത്തയച്ച കേസിൽ എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ അറസ്റ്റിൽ. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ സേവ്യർ, ജോണിയുടെ പേരിൽ കത്ത് എഴുതുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ചു. നേരത്തെ സേവ്യറാണ് കത്തിന് പിന്നിലെന്ന് ജോണി ആരോപിച്ചിരുന്നു.
ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് കത്തിന്റെ ഉറവിടംതേടി സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥർ ജോണിന്റെ വീട്ടിലെത്തിയത്. കത്തിന്റെ ഫോട്ടോ മൊബൈലില്‍ കാണിച്ചു. വായിച്ചുകേള്‍പ്പിച്ചു. ഈ കത്തെഴുതിയത് താനല്ലെന്ന് കത്തില്‍ രേഖപ്പെടുത്തിയ പേരും ഫോണ്‍ നമ്പറുമുള്ള കലൂര്‍ കതൃക്കടവ് സ്വദേശി എന്‍ ജെ ജോണി പറഞ്ഞിരുന്നു. തുടർന്നുനടന്ന അന്വേഷണത്തിലാണ് കതൃക്കടവ് സ്വദേശിയായ സേവ്യറിനെ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്.
Also Read- പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോയുടെ ദൂരം കൂട്ടി
കത്ത് താന്‍ എഴുതിയതല്ലെന്ന് 72കാരനായ ജോണി പറഞ്ഞു. തന്റെ കൈയക്ഷരമല്ല ഇതെന്നും വ്യക്തിവൈരാഗ്യംമൂലം മറ്റാരെങ്കിലും ചെയ്തതാകാമെന്നും പറഞ്ഞു. കൈപ്പട കണ്ടിട്ട് തനിക്കൊരാളെ സംശയമുണ്ടെന്നും പൊലീസിനെ അറിയിച്ചു. ഇതേത്തുടർന്നാണ് സേവ്യറെ കസ്റ്റഡിയിലെടുത്തത്.
പോലീസ് ജോണിയുടെ കൈയക്ഷരത്തിന്റെ സാംപിള്‍ ശേഖരിച്ചു. കത്തെഴുതിയെന്ന് സംശയിക്കുന്ന സേവ്യർ എഴുതിയ മറ്റൊരു കത്ത് വീട്ടിലുണ്ടായിരുന്നു. ഇത് പോലീസിന് കൈമാറി. രണ്ടുകൈയക്ഷര സാംപിളുകളും ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കി.
വധഭീഷണിക്കത്ത് വന്ന സാഹചര്യത്തില്‍ സിറ്റി പോലീസ് കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. ജോണിയുടെ കുടുംബം ഉള്‍പ്പെടുന്ന പള്ളിയിലെ പ്രാർഥനാ ഗ്രൂപ്പ് യോഗത്തില്‍ വരവുചെലവ് കണക്കുകള്‍ സംബന്ധിച്ച് സേവ്യറുമായി വാക്‌തര്‍ക്കമുണ്ടായിരുന്നതായി കുടുംബം ആരോപിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.