• HOME
  • »
  • NEWS
  • »
  • crime
  • »
  • ഒറ്റമൂലി വൈദ്യന്റെ അരുംകൊല; തെളിവിനായി ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ പോലീസ് പരിശോധന

ഒറ്റമൂലി വൈദ്യന്റെ അരുംകൊല; തെളിവിനായി ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ പോലീസ് പരിശോധന

മുഖ്യപ്രതികളിലൊരാളായ നൗഷാദിന്റെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. പാരമ്പര്യ വൈദ്യൻ ഷാബ ഷെറീഫ് ക്രൂര പീഡനത്തിനൊടവിൽ കൊല്ലപ്പെട്ടത് ഷൈബിൻറെ വീട്ടിൽ വച്ചാണ്

  • Share this:
ഒറ്റമൂലി രഹസ്യം സ്വന്തമാക്കാൻ മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യനെ (murder of a traditional physician) കൊലപ്പെടുത്തിയ കേസിൽ പ്രതികൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി അന്വേഷണ സംഘം. പ്രധാന പ്രതികളിലൊരായ നൗഷാദുമായി മുഖ്യപ്രതി ഷൈബിൻ അഷ്റഫിൻ്റെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തി. വീട്ടിലെ ടൈലുകൾ പൊളിച്ചു മാറ്റിയതായും ഷാബാ ഷെരീഫിനെ തടങ്കലിൽ പാർപ്പിച്ചു പീഡിപ്പിച്ച് കൊന്ന മുറിയുടെ ഘടന തന്നെ മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തി.

രാവിലെ 11.15 ഓടെ ആണ് നൗഷാദിനെ തെളിവെടുപ്പിനായി ഷൈബിൻ അഷ്റഫിന്റെ വീട്ടിലെത്തിച്ചത്. പോലീസിന് പുറമേ ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പിന് എത്തിയിരുന്നു. ഷാബാ ശരീഫിൻ്റെ കൊലപാതകം സ്ഥിരീകരിക്കാവുന്ന തെളിവുകൾക്കായി  അദ്ദേഹത്തെ താമസിപ്പിച്ചിരുന്ന മുറിയിലും വീടിൻ്റെ മറ്റു ഭാഗങ്ങളിലും  പരിശോധന നടത്തി.

വീടിൻ്റെ ശുചിമുറിയുടെ പൈപ്പ് പൊട്ടിച്ചും സമീപത്തെ മണ്ണെടുത്തും  പരിശോധിച്ചു. രക്തക്കറയോ കേസിന് സഹായകരമാകുന്ന മറ്റെന്തെങ്കിലും തെളിവുകളോ ഇവിടെ നിന്ന് ലഭിക്കുമോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. കൊലപാതക ശേഷം  തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ വലിയ ശ്രമങ്ങൾ നടത്തിയതായി പൊലീസ് കണ്ടെത്തി. മൃതദേഹം വെട്ടിനുറുക്കിയ ശുചി മുറിയുടെ ടൈലുകൾ, ക്ലോസറ്റ് എന്നിവയടക്കം മാറ്റി സ്ഥാപിച്ചതായി അന്വേഷണത്തിൽ ബോധ്യമായി.

കൊല ചെയ്ത 2020 ഒക്ടോബറിന് ശേഷം വീട് പല തവണ പെയ്ന്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. രക്തക്കറ മായ്ക്കാനുള്ള നീക്കമായിരുന്നു ഇതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.  കൊലപാതകക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെ കുറിച്ചുള്ള  നിർണായക വിവരങ്ങൾ ലഭിച്ചത് നാഷാദിൽ നിന്നാണ്. അതിനാലാണ് നൗഷാദിനെ ആദ്യം കസ്റ്റഡിയിൽ വാങ്ങി തെളിവുകളുപ്പ് നടത്തുന്നത്.

മൈസൂര്‍ സ്വദേശിയും പാരമ്പര്യ ചികിത്സാ വൈദ്യനുമായ ഷാബാ ശെരീഫിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം ഷൈബിന്‍ അഷ്റഫ്, നിഷാദ്, ഷിബാബുദ്ദീന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. കേസിൽ നിലവിൽ ഒൻപതു പേരാണ് പ്രതിപട്ടികയിൽ ഉള്ളത്. മറ്റ് അഞ്ച് പേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

2020 ഒക്ടോബറിലാണ് ഷൈബിൻ അഷ്റഫ്  നിലമ്പൂരിലെ വീട്ടിൽ തടങ്കലിൽ പാർപ്പിച്ച ഷാബ ഷെരീഫ് ക്രൂരമായ മർദ്ദനത്തിനൊടുവിൽ കൊല്ലപ്പെട്ടത്. മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി മനസ്സിലാക്കി വിപണനം ചെയ്യാനായിരുന്നു ഷൈബിൻ അഷ്റഫിൻ്റെ ഉദ്ദേശം. ഇതിന് വേണ്ടി 2019ൽ പാരമ്പര്യ വൈദ്യനെ മൈസൂരിൽ നിന്നും പ്രതികൾ തട്ടിക്കൊണ്ടു വന്നു.

ഒന്നേകാൽ വർഷത്തോളം നീണ്ട പീഡനങ്ങൾക്ക് ഒടുവിൽ ഷാബ ഷരീഫ് കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം പ്രതികൾ വെട്ടി നുറുക്കി പുഴയിൽ എറിയുകയായിരുന്നു. ഷൈബിൻ കൂട്ടുപ്രതികൾക്കെതിരെ മോഷണത്തിന് പരാതി നൽകിയതിനെ തുടർന്ന് നൗഷാദ് ഷാബ ഷെരീഫിൻ്റെ കൊലപാതകം പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതോടുകൂടി ഒന്നര വർഷത്തിന് ശേഷം കൊടും ക്രൂരകൃത്യം പുറം ലോകം അറിഞ്ഞു. ഷാബ ഷെരീഫിനെ തടങ്കലിൽ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും നൗഷാദ് പോലീസിന് കൈമാറിയിട്ടുണ്ട്.
Published by:user_57
First published: