• HOME
  • »
  • NEWS
  • »
  • crime
  • »
  • EVIDENCE COLLECTION ON KOCHI MDMA CASE COMPLETE MM TV

കൊച്ചി മയക്കുമരുന്ന് കേസ്: പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി

മയക്കുമരുന്ന് നൽകിയത് ആരാണെന്ന് കണ്ടെത്താനായില്ല 

തെളിവെടുപ്പിന്റെ ദൃശ്യം

തെളിവെടുപ്പിന്റെ ദൃശ്യം

  • Share this:
കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്ന് പിടികൂടിയ കേസിലെ പ്രതികളുടെ ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. അഞ്ച് പ്രതികളെയും കോടതിയില്‍ ഹാജരാക്കും. ചെന്നൈയിലെത്തിച്ച് തെളിവെടുത്തെങ്കിലും ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ കൈമാറിയതാരാണെന്ന് കണ്ടെത്താനായിട്ടില്ല.

കൊച്ചിയില്‍ നിന്ന് പിടികൂടിയ മയക്കുമരുന്ന് ചെന്നൈയില്‍ നിന്ന് കൊണ്ടുവന്നതെന്നായിരുന്നു കേസില്‍ അറസ്റ്റിലായ പ്രതികള്‍ നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീമോനെയും മുഹമ്മദ് ഫവാസിനെയും ചെന്നൈയിലെത്തിച്ച് തെളിവെടുത്തത്. ഹോട്ടലിലെ ജീവനക്കാര്‍ ഇരുവരെയും തിരിച്ചറിഞ്ഞു.

കഴിഞ്ഞ പതിമൂന്നാം തിയതിയാണ് നാലംഗ സംഘം ഹോട്ടലില്‍ മുറിയെടുത്തത്. 14-ാം തിയതി ഇവര്‍ മടങ്ങുകയും ചെയ്‌തെന്ന് ഹോട്ടലിലെ രേഖകളില്‍ നിന്ന് വ്യക്തമായി. പ്രതികള്‍ പണം എടുത്ത എ.ടി.എം. കൗണ്ടറിലെത്തിയും എക്‌സൈസ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു.
ചെന്നൈയില്‍ നിന്ന് എം.ഡി.എം.എ. വാങ്ങിയെന്നായിരുന്നു പ്രതികള്‍ നല്‍കിയ മൊഴി. എന്നാല്‍ ഇവര്‍ക്ക് മയക്കുമരുന്ന് കൈമാറിയത് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.



മയക്കുമരുന്ന് നല്‍കിയവരെക്കുറിച്ച് അന്വേഷണം തുടരുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ടി.എം. കാസിം പറഞ്ഞു. അറസ്റ്റിലായ അഞ്ച് പ്രതികളെയും അഞ്ച് ദിവസത്തേയ്ക്കാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി എക്‌സൈസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നത്.

കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ  വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടില്ല. മൊഴികള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ മാത്രം കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയ രണ്ടുപേരെ നേരത്തെ വിട്ടയച്ചിരുന്നു. ഇതില്‍ തിരുവല്ല സ്വദേശി ത്വയ്ബയെ മയക്കുമരുന്ന് ഇടപാടില്‍ പങ്കുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. വിട്ടയച്ച രണ്ടാമത്തെയാളെ വൈകാതെ ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തും.

കൊച്ചി കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്നും എം.ഡി.എം.എ. പിടികൂടിയ സംഭവത്തിൽ ത്വയ്ബയെയും മുഹമ്മദ് ഫൈസലിനെയും വെറുതെ വിട്ടതിനെതുടർന്നായിരുന്നു അട്ടിമറി നടന്നുവെന്ന ആരോപണം ഉയർന്നത്. ഇത് ശരിവെക്കുന്നതാണ് എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തിന്റെ കണ്ടെത്തൽ.

ത്വയ്ബയും ശബ്‌നയും മുഹമ്മദ് ഫവാസും ശ്രീമോനും ചേർന്നാണ് മയക്കുമരുന്ന് ചെന്നൈയിൽനിന്ന് മയക്കുമരുന്ന് വാങ്ങിയത്. തുടർന്ന് കാർ മാർഗ്ഗം ഇത് കൊച്ചിയിലെത്തിച്ചു. എക്സൈസ് പിടികൂടുമ്പോൾ  ഫ്ലാറ്റിൽ മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്ന് ത്വയ്ബയ്ക്ക് അറിയാമായിരുന്നു. പിന്നീട് ഉദ്യോഗസ്ഥരുടെ സഹായത്താൽ കേസിൽ നിന്ന് ഒഴിവാകുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

മയക്കുമരുന്ന് പിടികൂടുമ്പോൾ അറസ്റ്റിലായ മറ്റ് പ്രതികൾക്കൊപ്പം ത്വയ്ബ നിൽക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങളും എക്സൈസ് പരിശോധിച്ചു. ഇതിനുശേഷമാണ് രാവിലെ  കൊച്ചിയിലെ എക്സൈസ്  ഓഫീസിലേക്ക് ത്വയ്ബയെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയത്. നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ത്വയ്ബ കുറ്റം സമ്മതിച്ചു. പിന്നീട്  അറസ്റ്റ് രേഖപ്പെടുത്തി.

ഫ്ലാറ്റിൽ വന്ന് പോയവർക്കും ഇടപാടിൽ പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി.എം. കാസിം പറഞ്ഞു. ചെന്നൈയിൽ നിന്ന് മരുന്ന് കൊണ്ടുവന്നതിനെക്കുറിച്ച് ത്വയ്ബക്ക് അറിയാമായിരുന്നുവെന്ന് കേസിൽ അറസ്റ്റിലായ ശബ്‌ന അന്വേഷണസംഘത്തിന് മൊഴിനൽകിയിരുന്നു. ത്വയ്ബയെ കേസിൽ നിന്ന് ഒഴിവാക്കിയതിനെ ശബ്ന ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എക്സൈസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ഫവാസ് നേരത്തെ കോഴിക്കോട് കഞ്ചാവ് കടത്തിയ കേസിലും പ്രതിയാണ്.
Published by:user_57
First published:
)}