• HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരത്ത് ലഹരിമരുന്നും അനധികൃത മദ്യവും കൈവശംവെച്ചതിന് എട്ട് പേർക്കെതിരെ കേസ്

തിരുവനന്തപുരത്ത് ലഹരിമരുന്നും അനധികൃത മദ്യവും കൈവശംവെച്ചതിന് എട്ട് പേർക്കെതിരെ കേസ്

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കൈവശം സൂക്ഷിച്ചവർക്കെതിരെ കേസെടുത്തത്

  • Share this:

    തിരുവനന്തപുരം: ഹാഷിഷ് ഓയിൽ, കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിമരുന്ന് കൈവശംവെച്ച എട്ടുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. അഡീഷണൽ എക്സൈസ് കമ്മീഷണറുടെ(എന്ഫോഴ്സ്മെന്റ്) നിർദ്ദേശാനുസരണം തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ കൈവശം സൂക്ഷിച്ച കുറ്റത്തിന് നാലു പേർക്കെതിരെ എൻഡിപിഎസ് കേസും അബ്കാരി നിയമത്തിന് വിരുദ്ധമായ പ്രവർത്തിച്ചതിന് നാലു പേർക്കെതിരെ അബ്കാരി കേസുമെടുത്തത്.

    തിരുവനന്തപുരം എക്സൈഡ് സർക്കിള്‍ ഇൻസ്പെക്ടറും പാർട്ടിയും കരമനയിൽ വാടകയ്ക്ക് താമസിക്കുന്ന അയ്യപ്പൻ(40) എന്നയാളില്‍ നിന്ന് 256 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണിതെന്ന് എക്സൈസ് പറയുന്നു.

    ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി എൽ ഷിബുവിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ വടക്കേ അരയതുരുത്തിൽ കായൽവാരം വീട്ടിൽനിന്ന് കഞ്ചാവ് പിടികൂടി. ഇവിടുത്തെ താമസക്കാരനായ സുനിൽകുമാറിന്‍റെ മകൻ സൂരജിനെ(23) അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ അജിഷിന്റെ നേതൃത്വത്തിൻ വിഴിഞ്ഞം മുക്കോല ഭാഗത്തു നടത്തിയ പരിശോധനയിൽ കഞ്ചാവ് കടത്തികൊണ്ട് വന്ന കല്ലിയൂർ മുട്ടയ്ക്കാട് വട്ടവിള കീർത്തിഭവനിൽ മണിയൻ എന്നയാളുടെ മകൻ അനിലിനെ(46) ഒന്നാം പ്രതിയായും തിരുവനന്തപുരം തിരുവല്ലം കീഴൂർ വട്ടവിള കുളവരമ്പു മേലെ എറത്തു വീട്ടിൽ രതീഷിനെ(42) രണ്ടാം പ്രതിയായും കേസെടുത്തു.

    നെടുമങ്ങാട് എക്സൈസ് റേഞ്ച് ഓഫീസ് സംഘം വിജയൻ, ബിനു എന്നിവരുടെ പേരിൽ അബ്കാരി നിയമലംഘനത്തിന് കേസെടുത്തു. കഴക്കൂട്ടം എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും ബാലകൃഷ്ണന്‍ എന്നയാളെ മദ്യവില്പ്പന നടത്തിയതിന് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു. വർക്കല എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും 6.5 ലിറ്റര്‍ സ്പിരിറ്റുമായി അഗീഷ് എന്നയാളെ കസ്റ്റഡിയിലെടുത്തു. ജില്ലയിൽ വ്യാപകമായി നടത്തിയ പരിശോധനയിൽ 99 COTPA കേസുകള്‍ എടുത്തിട്ടുണ്ട്. 19800 രൂപയുടെ പുകയിലെ വിരുദ്ധ പ്രവര്‍ത്തനങ്ങൾക്ക് ‌ പിഴ ചുമത്തിയതായും തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ സലീം അറിയിച്ചു.

    Published by:Anuraj GR
    First published: