കോട്ടയം: പൊൻകുന്നം ഇളങ്ങുളത്ത് എക്സൈസിന്‍റെ വമ്പൻ ചാരായ വേട്ട. ഇരുനില വീട് കേന്ദ്രീകരിച്ച് ഹൈടെക് വ്യാജമദ്യം നിർമ്മിക്കുന്നതിനിടെ എക്സൈസ് സംഘം അവിടെയെത്തിയത്. വീടിന്റെ രണ്ടാം നിലയിൽ വാറ്റികൊണ്ടിരുന്ന യുവാവ് എക്‌സൈസ് സംഘത്തിന്റെ വാഹനം കണ്ട് രണ്ടാംനിലയുടെ പിൻവാതിലിലൂടെ ചാടി സമീപത്തുള്ള റബ്ബർ തോട്ടത്തിലൂടെ ഓടി മറഞ്ഞതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.
ലോക്ക്ഡൗൺ സമയത്ത് മദ്യശാലകൾ അടഞ്ഞു കിടക്കുന്ന സാഹചര്യം മുതലെടുത്തു വ്യവസായിക അടിസ്ഥാനത്തിൽ നാളുകളായി വ്യാജചാരായ നിർമ്മാണം നടത്തി വന്നിരുന്നതായി വിവരം ലഭിച്ചെന്ന് എക്സൈസ് പറയുന്നു. കാഞ്ഞിരപ്പള്ളി ഇളങ്ങുളം കരയിൽ പൗർണമി വീട്ടിൽ രാമചന്ദ്രൻ നായരുടെ മകൻ അശോക് കുമാറിന്‍റെ വീട്ടിൽ നിന്നുമാണ് വ്യാജമദ്യ നിർമ്മാണത്തിന്റെ വൻ ശേഖരം കണ്ടെത്തിയത്.
സെക്കന്റ് ഹാൻഡ് വാഹന കച്ചവടത്തിന്റെ മറവിൽ ആവശ്യക്കാർക്ക് 2000 മുതൽ 2500 രൂപയ്ക്കു വരെയാണ് പ്രതി ചാരായം വിറ്റിരുന്നത്. പ്രതിയുടെ വീട്ടിൽ നിന്നും 20 ലിറ്റർ വാറ്റ് ചാരായവും 385 ലിറ്റർ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തി വെച്ചിരുന്ന വാഷും ഗ്യാസ് സിലിണ്ടറും സ്റ്റൗഉം മറ്റു വ്യാജ മദ്യ നിർമ്മാണ സാമഗ്രികളും ചാരായം വിറ്റ വകയിൽ സൂക്ഷിച്ചിരുന്ന 23000 രൂപയും കണ്ടെടുത്തു.
എക്സൈസ് അശോക് കുമാറിനെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് ദിവസമായി പ്രതി എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സഞ്ജീവ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത്. K. നന്ദ്യാട്ട് സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീലേഷ് V. S, അഭിലാഷ് M. G, നിമേഷ് K. S ഡ്രൈവർ M. K. മുരളീധരൻ എന്നിവർ പങ്കെടുത്തു.
ലോക്ക് ഡൗണിന്റെ മറവിൽ വീടിനുള്ളിൽ ചാരായം വാറ്റിയ പ്രതി എക്സൈസ് പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് നടത്തിയ റെയ്ഡിൽ മൂന്ന് ലിറ്റർ ചാരായവും 200 ലിറ്റർ വാഷുംവാറ്റുപകരണങ്ങളും കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് പാലാ കിഴപറയാർ അഞ്ചാനിക്കൽ സിനോ ജോസഫ് (37) നെതിരെ കേസെടുത്തു. വീടിന്റെ കുളിമുറിയിൽ സൂക്ഷിച്ചിരുന്ന 200 ലിറ്ററിന്റെ ബാരലിൽ നിറയെ വാഷും സംഘം കണ്ടെത്തി.
ഐ ബി പ്രിവന്റീവ് ഓഫീസർ അരുൺ ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് നടത്തിയ റെയ്ഡിലാണ് 3 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. എക്സൈസ് സംഘം സിനോയുടെ വീട്ടിൽ റെയ്ഡിന് ചെല്ലുമ്പോൾ വീടിന്റെ അടുക്കളയിൽ ലൈവായി വാറ്റുന്ന തിരക്കിലായിരുന്നു സിനോ. വീടിന്റെ കുളിമുറിയിൽ സൂക്ഷിച്ചിരുന്ന 200 ലിറ്ററിന്റെ ബാരലിൽ നിറയെ വാഷും സംഘം കണ്ടെത്തി.
പാലാ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ ഷാഡോ സംഘം ദിവസങ്ങളായി സിനോയെ നിരീക്ഷിച്ചു വരികയായിരുന്നു ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കള്ളവാറ്റ് നടക്കാൻ സാധ്യത കണക്കിലെടുത്ത് എക്സൈസ് സംഘം റേഞ്ച് പരിധിയിൽ നീരീക്ഷണം വ്യാപകമാക്കിയിരുന്നു.
Also Read- കന്യാകുമാരി മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തിൽ വൻ അഗ്നിബാധ; ചിത്രങ്ങൾ കാണാം
ഒരു ലിറ്റർ ചാരായം 1800 മുതൽ 2000 രൂപ ഈടാക്കിയിരുന്നു സിനോ വില്പന നടത്തിയിരുന്നത്. റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി. ആനന്ദ രാജിന്റെ നേതൃത്വത്തിൽ ബി ആനന്ദ് രാജ് , കണ്ണൻ സി, വിനോദ് കുമാർ വി, ഷിബു ജോസഫ്, നന്ദു എം.എൻ, സാജിദ് പി.എ , സിനി ജോൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Excise raid, Kerala Excise, Kottayam, Ponkunnam, Wash Seized