കൊച്ചി: കേരളതീരത്ത് പിടികൂടിയ 12000 കോടിയുടെ ലഹരിമരുന്നിൽ ഏറെയും അതി മാരകമായ മെതാംഫെറ്റാമിൻ. നാഡീവ്യവസ്ഥയെ തളർത്തുന്ന മെതാംഫെറ്റാമിൻ ഒരുതവണ ഉപയോഗിച്ചാൽ മാത്രം അതിന് അടിപ്പെടുമെന്നാണ് റിപ്പോർട്ട്. ഏകദേശം 2500 കിലോഗ്രാം മെതാംഫെറ്റാമിൻ പിടിച്ചെടുത്തതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വൃത്തങ്ങൾ അറിയിച്ചു ഇന്ത്യൻ നേവിയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും വലിയ ലഹരിമരുന്ന് പിടികൂടിയത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്.
കൊച്ചിയോട് ചേർന്ന് കേരളതീരത്താണ് ഇന്ത്യൻ നേവിയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് പരിശോധന നടത്തിയത്. ഒരു പാകിസ്ഥാൻ പൗരനെ കസ്റ്റഡിയിലെടുത്തതയാണ് റിപ്പോർട്ട്. 500 കിലോ ഹെറോയിൻ,529 കിലോ ഹാഷിഷ് എന്നിവയും പിടികൂടി. പാക്കിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നാണ് മദർ ഷിപ് വഴി ലഹരി കടത്തിയത്. ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ ഭാഗമായാണ് ഇത്രയും വലിയ മയക്കുമരുന്ന് പിടികൂടിയത്.
Also Read – Exclusive | കേരളതീരത്ത് 12000 കോടിയുടെ ലഹരിമരുന്ന് പിടികൂടി; രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ട
പരിശോധന തുടരുമെന്നും കൂടുതൽ പേർ വലയിലാകുമെന്നും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നീ തീരങ്ങൾ ലക്ഷ്യമിട്ടാണ് കപ്പൽ നീങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കസ്റ്റഡിയിലായ പാക് സ്വദേശിയെ ചോദ്യം ചെയ്തുവരികയാണെന്നും, നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രത്യേക നിർദേശപ്രകാരമാണ് പരിശോധന നടത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.