നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാപ്രദർശനമെന്ന് പരാതി; പ്രതിഷേധവുമായി പിജി വിദ്യാർഥിനികൾ

  മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാപ്രദർശനമെന്ന് പരാതി; പ്രതിഷേധവുമായി പിജി വിദ്യാർഥിനികൾ

  നഗ്നത പ്രദർശനം നടത്തിയ ആളുടെ ദൃശ്യം വിദ്യാർഥിനികൾ മൊബൈലിൽ പകർത്തി മെൻസ് ഹോസ്റ്റലിലെ സഹപാഠികൾക്ക് അയച്ചു നൽകി.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പിജി വനിതാ ഹോസ്റ്റലിന് മുന്നിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു. ഇവിടെയെത്തി വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തുന്ന സംഭവം പതിവായിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്നാണ് വിദ്യാർഥിനികളുടെ പരാതി. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം വിദ്യാർഥിനികൾ പന്തംകൊളുത്തി പ്രകടനവുമായി രംഗത്തെത്തി. സാമൂഹ്യവിരുദ്ധർ നഗ്നത പ്രദർശനം നടത്തുന്ന സംഭവത്തിൽ പരാതി നൽകിയിട്ടും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടപടി എടുക്കാൻ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

   രാത്രിയിൽ സുരക്ഷാ ജീവനക്കാരുടെ സഹായം ലഭിക്കാറില്ലെന്നും വിദ്യാർഥിനികൾ പറയുന്നു. നിരീക്ഷണ ക്യാമറകളും ചുറ്റുമതിലും ഇല്ലാത്ത സാഹചര്യമാണ് പിജി വനിതാ ഹോസ്റ്റലിലുള്ളത്. നഗ്നത പ്രദർശനം നടത്തിയയാളെ മെൻസ് ഹോസ്റ്റലിലെ സഹപാഠികളുടെ സഹായത്തോടെ കഴിഞ്ഞ ദിവസം പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഒരാഴ്ച മുമ്പ് മറ്റൊരാൾ ഓട്ടോയിലെത്തി വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ ശേഷം കടന്നു കളഞ്ഞിരുന്നു. ഹോസ്റ്റലിന് ചുറ്റുമതിൽ ഇല്ലാത്തതുകൊണ്ടാണ് സാമൂഹ്യവിരുദ്ധർ ഇവിടേക്ക് കടന്നുവരുന്നതെന്നും വിദ്യാർഥിനികൾ പറയുന്നു.

   പിജി വനിതാ ഹോസ്റ്റലിലേക്ക് വരുന്ന വഴിയിൽ സിസിടിവി ക്യാമറകളുണ്ട്. ഇത് പരിശോധിച്ച്, പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിനും പൊലീസിനും വിദ്യാർഥിനികൾ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

   നഗ്നത പ്രദർശനം ലൈംഗിക അധിക്ഷേപമല്ലെന്ന പ്രിൻസിപ്പലിന്‍റെ പരാമർശം അതിനിടെ വിവാദമാകുകയും ചെയ്തിരുന്നു. വിദ്യാർഥി സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചയ്ക്കിടെയാണ് ഇത്തരമൊരു പരാമർശം പ്രിൻസിപ്പൽ നടത്തിയത്. ഇതേത്തുടർന്ന് എസ് എഫ് ഐയുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിനെതിരെ വിദ്യാർഥികൾ രംഗത്തെത്തി. ഒടുവിൽ പ്രിൻസിപ്പൽ വിവാദപരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചതോടെയാണ് സമരം ഒത്തുതീർപ്പായത്. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വീണ്ടും ഹോസ്റ്റലിന് മുന്നിൽ നഗ്നത പ്രദർശനം അരങ്ങേറിയത്.

   Also Read- തുടയിൽ നായ മാന്തിയത് കാര്യമാക്കിയില്ല; യുവാവ് പേവിഷബാധയേറ്റ് മരിച്ചു

   നഗ്നത പ്രദർശനം നടത്തിയ ആളുടെ ദൃശ്യം വിദ്യാർഥിനികൾ മൊബൈലിൽ പകർത്തി മെൻസ് ഹോസ്റ്റലിലെ സഹപാഠികൾക്ക് അയച്ചു നൽകി. ഇതേത്തുടർന്ന് അവർ സ്ഥലത്തെത്തിയാണ് നഗ്നത പ്രദർശിപ്പിച്ചയാളെ പിടികൂടിയതും മെഡിക്കൽ കോളേജ് പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തത്. അതേസമയം വിദ്യാർഥിനികളുടെ പ്രതിഷേധം അനാവശ്യമാണെന്നും, ഒരു സുരക്ഷാ ജീവനക്കാരനെ കൂടി വനിതാ ഹോസ്റ്റലിൽ നിയോഗിച്ചതായും പൊലീസ് പെട്രോളിങ് പതിവാക്കാനുമുള്ള നടപടി കൈക്കൊണ്ടതായും അധികൃതർ അറിയിച്ചു.
   Published by:Anuraj GR
   First published:
   )}