ജിഷാദ് വളാഞ്ചേരി
മലപ്പുറം: പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ലഹരി നല്കി ക്രൂരമായി മര്‍ദിച്ചതായി പരാതി. യുവതിയെ പ്രണയിച്ചതിന് സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് പ്രവാസി യുവാവിനെ മർദിച്ചത്. പണവും തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകളും ഫോണും കവര്‍ന്ന സംഘം നഗ്നനാക്കി ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിദേശത്തുനിന്ന് അവധിക്കെത്തിയ കോലളമ്പ് സ്വദേശി 23കാരനായ ഫര്‍ഹല്‍ അസീസിനെ ഡിസംബര്‍ 24ന് വൈകീട്ട് ഏഴോടെയാണ് സുഹൃത്തുക്കളായ രണ്ടുപേര്‍ ചേര്‍ന്ന് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയത്. രാത്രി കോലളമ്പിലെ വയലില്‍ നേരം പുലരുവോളം ഇരുപതോളം പേര് ചേര്‍ന്ന് മര്‍ദിച്ച ശേഷം കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടിലെ അടച്ചിട്ട മുറിയിലും മര്‍ദനം തുടര്‍ന്നു.
അതിനിടെ, മൊബൈലും പണവും രേഖകളും കവര്‍ന്ന സംഘം പൂര്‍ണനഗ്നനാക്കി വീഡിയോ ചിത്രീകരിക്കുകയും പിറ്റേന്ന് ശരീരം മുഴുവന്‍ പരിക്കുകളോടെ ചങ്ങരംകുളം കോലിക്കരയില്‍ ഇവരുടെ വാടകവീടിന് മുന്നില്‍ ഉപേക്ഷിക്കുകയുമായിരുന്നു. സംഘത്തിന്റെ ഭീഷണി ഭയന്ന് ബൈക്കില്‍നിന്ന് വീണതാണെന്നാണ് ആദ്യം യുവാവ് വീട്ടുകാരോട് പറഞ്ഞിരുന്നത്. കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ശരീരം മുഴുവന്‍ അടിയേറ്റ പാടുകള്‍ കാണുകയും എഴുന്നേറ്റ് നില്ക്കാന്പോലും കഴിയാത്ത അവസ്ഥ വരുകയും ചെയ്തതോടെയാണ് സംഭവം ബന്ധുക്കളടക്കം അറിഞ്ഞത്.
ലഹരി ഉപയോഗിച്ചിരുന്ന സംഘം എം.ഡി.എം.എ മയക്കുമരുന്ന് തന്റെ മൂക്കിലേക്ക് വലിപ്പിച്ചാണ് മര്‍ദിച്ചതെന്നും യുവാവ് പറഞ്ഞു. സംഭവം പുറത്ത് പറഞ്ഞാല്‍ നഗ്നവിഡിയോ പുറത്ത് വിടുമെന്നും ജീവിക്കാന്‍ സമ്മതിക്കില്ലെന്നും സംഘം ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. സംഘത്തില്‍പെട്ട യുവാവിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്ന ഫര്‍ഹലിനെ ഈ വിഷയം സംസാരിക്കാനാണെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ട് പോയത്. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.