തിരുവനന്തപുരം:
ഫേസ്ബുക്ക് ഹണിട്രാപ്പിൽ മുന്നറിയിപ്പുമായി ഹൈടെക്ക് ക്രൈം എൻക്വയറി സെൽ. തട്ടിപ്പുകാർ ഇതിനായി പുതിയ വഴികള്‍ കണ്ടെത്തിയിരിക്കുകയാണെന്നും സെൽ വ്യക്തമാക്കുന്നു.
ആകർഷണീയമായ ചിത്രങ്ങളുള്ളതും, അപരിചിതവുമായ ഫേസ്ബുക്ക് പ്രൊഫലുകളിൽ നിന്നും ആദ്യം ഫ്രണ്ട് റിക്വസ്റ്റുകൾ വരും. അത്തരം ഫ്രണ്ട് റിക്വസ്റ്റുകൾ അക്സപ്റ്റ് ചെയ്യുന്നതോടെ അവർ മെസ്സെഞ്ചറിലൂടെ ചാറ്റ് ചെയ്യുകയും, വിശ്വാസ്യത നേടിയെടുക്കുകയും ചെയ്യും. ഒപ്പം വാട്സാപ്പ് നമ്പറും കരസ്ഥമാക്കുന്നു.
തുടർന്ന് വാട്സാപ്പിലുടെ ചാറ്റ് ചെയ്യുകയും, വീഡിയോ കോൾ ഉൾപ്പടെ നടത്തുകയും, അശ്ലീല മെസ്സേജുകൾ അയക്കുകയും ചെയ്യും. പലവിധ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ അവരുടെ നഗ്ന വീഡിയോകൾ എന്ന് തോന്നിക്കുന്ന വീഡിയോകൾ പ്രദർശിപ്പിച്ച് പ്രലോഭിപ്പിക്കുകയും, നഗ്നത പ്രദർശിപ്പിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങൾ വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിക്കുന്നത് അവർ റിക്കോർഡ് ചെയ്യുകയും, അതിനു ശേഷം അത് നിങ്ങളുടെ ബന്ധുക്കൾക്കും, കുടുബക്കാർക്കും, സുഹൃത്തുകൾക്കും അയച്ച് നൽകുമെന്ന് ഭീഷണിപ്പെടുത്തി നിങ്ങളിൽ നിന്നും പണം തട്ടുന്നു (ഗൂഗിൾ പേ പോലുള്ള ആപ്ലിക്കേഷനുകളിലൂടെ പണം നൽകാൻ ആവശ്യപ്പെടുന്നു). ഇത്തരത്തിലാണ് ട്രാപ്പിലാക്കുന്നതെന്ന് ഹൈടെക് ക്രൈം എൻക്വയറി സെൽ പറയുന്നു.
പണം നൽകാൻ കൂട്ടാക്കാത്ത പക്ഷം ഈ വീഡിയോകൾ യൂടൂബിൽ അപ്ലോഡ് ചെയ്ത് മാനഹാനിയുണ്ടാക്കി, കുടുബ/സാമൂഹ്യ ബന്ധങ്ങൾ തകരുന്ന അവസ്ഥ വരെ സംജാതമാക്കുന്നു.
ഉത്തരേന്ത്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചില ലോബികൾ ഇത്തരം തട്ടിപ്പുമായി ഇപ്പോൾ സജീവമാണെന്നാണ് ഹൈടെക് ക്രൈം എൻക്വയറി സെൽ പറയുന്നത്. അടുത്തിടെ കേരളത്തിലേ ഒട്ടേറെ ആൾക്കാർ ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും മാനഹാനിയും, വീഡിയോ പരസ്യപ്പെടുത്തുമെന്ന ഭീഷണിയും ഭയന്ന് പരാതി നൽകുന്നതിന് പോലും ആൾക്കാർ വിമുഖത കാണിക്കുന്നുണ്ടെന്ന് സെൽ വ്യക്തമാക്കുന്നു.
ഹൈടെക് ക്രൈം എൻക്വയറി സെൽ മുന്നറിയിപ്പുകൾ ഇങ്ങനെയാണ്അപരിചിതമായ ഫേസ്ബുക്ക് പ്രഫൈലുകളിൽ നിന്നും, നമ്പറുകളിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന ഓരോ റിക്വസ്റ്റും അക്സപ്റ്റ് ചെയ്ത് സ്വയം ഹണിട്രാപ്പുകളിൽ പെടാതിരിക്കുവാൻ ശ്രദ്ധിക്കുക.
സോഷ്യൽ മീഡിയയിൽ നിങ്ങൾ നൽകുന്ന വിവരങ്ങൾ പിൻതുടർന്ന് കുറ്റവാളികൾ നിങ്ങളെ വലയിൽ വീഴ്ത്തിയേക്കാം.
ആയതിനാൽ സോഷ്യൽ മീഡിയയിൽ നിങ്ങളുടെ വ്യക്തി വിവരങ്ങൾ ഒന്നും തന്നെ പരസ്യമാകാതിരിക്കാൻ ശ്രദ്ധിക്കണം.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. ചിന്തിക്കേണ്ടത് നിങ്ങളാണ്...! സോഷ്യൽ മീഡിയകളിൽ അപരിചിതരുമായുള്ള വഴിവിട്ട ബന്ധം ചിലപ്പോൾ നിങ്ങളെ ചതിക്കുഴികളിൽപ്പെടുത്തിയേക്കാം. ഇത്തരത്തിൽ ചതിയിൽ വീഴാതിരിക്കാൻ സ്വയം മുൻകരുതലെടുക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.