മലപ്പുറം: വാടക ക്വാർട്ടേഴ്സുകളിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെ വ്യാജ എസ് ഐ പിടിയിലായി. വേങ്ങര വലിയോറ പറങ്ങോടത്ത് സൈതലവിയെയാണ് (44) കുറ്റിപ്പുറം പൊലീസ് അറസ്റ്റു ചെയ്തത്. നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ ഇയാൾ.
ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുൻപ് ക്രൈംബ്രാഞ്ച് എസ് ഐ ആണെന്ന് പറഞ്ഞ് സൈതലവി വിവാഹം കഴിച്ചിരുന്നു. ഇവരുമൊത്ത് ഒരു മാസത്തിലധികമായി ചെമ്പിക്കലിൽ ഉള്ള ഒരു വാടക ക്വാർട്ടേഴ്സിലാണ് സൈതലവി താമസിച്ചിരുന്നത്. ഇതിനിടെയാണ് മയക്കുമരുന്ന് വിൽപ്പന സംഘങ്ങളേയും അനധികൃത താമസക്കാരേയും കണ്ടെത്തുന്നതിനായി കുറ്റിപ്പുറം പൊലീസിന്റെ പരിശോധന വാടക ക്വാർട്ടേഴ്സുകളിൽ നടക്കുന്നത്.
സൈതലവിയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിരവധി എടിഎം കാർഡുകളും സിം കാർഡുകളും കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 ൽ നടന്ന ഒരു ബലാൽസംഗ കേസിലും തട്ടിപ്പു കേസിലും ഇയാൾക്ക് വാറണ്ട് നിലനിൽക്കുന്നുണ്ടെന്ന് അറിയുന്നത്. സമാനമായ മറ്റൊരു കേസ് നിലമ്പൂർ സ്റ്റേഷനിലും ഉണ്ട്.
ഇടുക്കി, കോട്ടയം ഭാഗങ്ങളിൽ നിന്ന് സമാന രീതിയിൽ തട്ടിപ്പിനിരയായ സ്ത്രീകൾ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുന്നുണ്ട്. ഇയാൾക്ക് നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. മഞ്ചേരി സെഷൻസ് കോടതി പ്രതിയെ റിമാന്റ് ചെയ്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.