മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ പിടിയിലായ വ്യാജ ഡോക്ടർ നോർത്ത് പറവൂർ സ്വദേശി രതീഷ് ഉപയോഗിച്ചിരുന്നത് ഇതേ പേരുള്ള മറ്റൊരു ഡോക്ടറുടെ റെജിസ്ട്രേഷൻ നമ്പർ. ആരെങ്കിലും പരിശോധന നടത്തിയാലും പിടിക്കപ്പെടാതിരിക്കാൻ വേണ്ടി കൃത്യമായ ആസൂത്രണം നടത്തിയാണ് ഇയാൾ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയത്. ഇയാള് അവ്യക്തമായ സീൽ ആണ് ഉപയോഗിച്ചിരുന്നത് എന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇ.സി.ജി അടക്കമുള്ള ചികിത്സാ രീതികൾ ഇയാൾ പുസ്തകങ്ങൾ വായിച്ചും ഇൻ്റർനെറ്റിൽ പരിശോധിച്ചുമാണ് മനസ്സിലാക്കിയിരുന്നത് . മേഖലയിൽ മറ്റു പ്രധാന ഹോസ്പിറ്റലുകളില്ലാത്തതിനാൽ സാധാരണക്കാരടക്കം നിരവധി ആളുകളാണ് നിത്യേന ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയിരുന്നത്.
രതീഷ് യഥാർത്ഥ ഡോക്ടറല്ല എന്ന കാര്യം ഹോസ്പിറ്റൽ ഉടമയായ ഷാഫിയും മാനേജർ സമീറും മനസ്സിലാക്കിയിരുന്നു. ഇതോടെ ഇവിടെ നിന്നും പോകാൻ ശ്രമിച്ച രതീഷിനെ ഷാഫി ഭീഷണിപ്പെടുത്തി ഹോസ്പിറ്റലിൽ തന്നെ തുടരാൻ നിർബന്ധിക്കുകയായിരുന്നു. ഷാഫി രതീഷിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
Also Read-മലപ്പുറം വഴിക്കടവിൽ 5 വർഷം ചികിത്സിച്ച ‘പ്രീഡിഗ്രി’ ഡോക്ടർ പിടിയിൽ
രതീഷ് മറ്റെവിടെയെങ്കിലും ചികിത്സ നടത്തിയിരുന്നോ എന്നും അന്വേഷിച്ചു വരുന്നുണ്ട്. 2018 മുതൽ ആണ് രതീഷ് ഇവിടെ ഡോക്ടർ ചമഞ്ഞ് ചികിത്സിക്കാൻ തുടങ്ങിയത്. പോലീസ് പരിശോധന നടത്തിയ ഇന്നലെ മാത്രം ഇയാൾ 37 രോഗികളെ പരിശോധിച്ചിരുന്നു. മുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. അമീൻ ഫൈസലിൻ്റെ സാന്നിദ്ധ്യത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഫാർമസിസ്റ്റ് അടക്കമുള്ള മതിയായ അടിസ്ഥാന സൗകര്യമില്ലാതെയാണ് ഹോസ്പിറ്റൽ നടത്തിവന്നിരുന്നത്. ആശുപത്രിക്ക് എതിരെ നടപടി എടുക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് പ്രകാരം ആശുപത്രി റെജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ആണ് വകുപ്പ് പരിശോധിക്കുക.ഇത് വരെ പരാതികൾ ഉയരാതിരുന്ന സാഹചര്യത്തിൽ ആണ് ആരോഗ്യ വകുപ്പ് മുൻപ് അന്വേഷണം നടത്താതിരുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
Also Read-ഐസ്ക്രീമിൽ വിഷം കലർത്തിയത് കുട്ടിയുടെ മാതാവിനെ കൊലപ്പെടുത്താൻ; പൃതൃസഹോദരി അറസ്റ്റിൽ
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈഎസ്പിസാജു.കെ.അബ്രഹാമിൻ്റെ നിർദ്ദേശപ്രകാരം വഴിക്കടവ് പോലീസും നിലമ്പൂർ ഡാൻസാഫും ചേർന്ന് അതീവ രഹസ്യമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. വഴിക്കടവ് സി ഐ മനോജ് പറയറ്റ ,എസ് ഐ വേണു.ഒ.കെ, എ എസ് ഐ മനോജ്, സിപിഒമാരായ വിനീഷ്, ഹരിപ്രസാദ്, ജിതിൻ, ഡാൻസാഫ് അംഗങ്ങളായ സുനിൽ. എൻ.പി അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് എതിരെ ആൾമാറാട്ടം , തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾക്ക് ആണ് കേസ് എടുത്തത്. പ്രതികളെ നിലമ്പൂർ കോടതിയിൽ ആണ് ഹാജരാക്കുക. പ്രതികളെ തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Fake doctor arrested, Malappuram