നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മലപ്പുറം വേങ്ങരയിൽ വ്യാജ ഹാൻസ് നിർമാണ ഫാക്ടറി ; ഉടമയടക്കം നാലു പേരെ പോലീസ് പിടികൂടി

  മലപ്പുറം വേങ്ങരയിൽ വ്യാജ ഹാൻസ് നിർമാണ ഫാക്ടറി ; ഉടമയടക്കം നാലു പേരെ പോലീസ് പിടികൂടി

  സംസ്ഥാനത്ത് ആദ്യമായി ആണ് ഇത്തരത്തില്‍ ഹാന്‍സ് നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തുന്നത്. ഇവിടെ നടത്തിയ പരിശോധനയില്‍ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു

  • Share this:
  മലപ്പുറം:വേങ്ങരയില്‍(vengara) നിരോധിത ലഹരി ഉല്‍പ്പന്നമായ ഹാന്‍സിന്റെ(Hans) വ്യാജ ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലാണ് യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ഫാക്ടറി പ്രവര്‍ത്തിച്ചത്. ഉടമയും 3 ജീവനക്കാരും അറസ്റ്റില്‍.സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് ഹാന്‍സ് എത്തിക്കുന്നത് ഈ ഫാക്ടറിയില്‍ നിന്ന് ആണ്.ഉടമ പട്ടാമ്പി വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ, ജീവനക്കാരായ വേങ്ങര വലിയോറ അഫ്‌സല്‍, കൊളപ്പുറം സ്വദേശി സുഹൈല്‍, ഡല്‍ഹി സ്വദേശി അസ്ലം എന്നിവരാണ് അറസ്റ്റിലായത്.

  സംസ്ഥാനത്ത് ആദ്യമായി ആണ് ഇത്തരത്തില്‍ ഹാന്‍സ് നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തുന്നത്. ഇവിടെ നടത്തിയ പരിശോധനയില്‍ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.  സംഭവത്തെ പറ്റി പോലീസ് ഇങ്ങനെ വിശദീകരിക്കുന്നു. ബീഡി കമ്പനി എന്ന വ്യാജേന ആയിരുന്നു വേങ്ങര വട്ടപ്പൊന്തയില് എന്ന സ്ഥലത്താണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടില്‍ ആയിരുന്നു ' ഫാക്ടറി ' പ്രവര്‍ത്തിച്ചിരുന്നത്.

  ചില സൂചനകളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ആണ് ഈ കേന്ദ്രത്തിലേക്ക് പോലീസ് എത്തിയത്. അന്വേഷണ സംഘം എത്തിയ സമയത്തും ഫാക്ടറി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇടപാടുകാര്‍ എന്ന വ്യാജേന എത്തിയ പോലീസ് ഹാന്‍സ് നിര്‍മാണ ഫാക്ടറിയുടെ പ്രവര്‍ത്തനം മുഴുവന്‍ വിശദമായി മനസിലാക്കി. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുക ആയിരുന്നു.

  പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കണ്‍കടവന്‍ അഫ്‌സല്‍, (30), തിരൂരങ്ങാടി എ.ആര്‍ നഗര്‍ സ്വദേശി കഴുങ്ങും തോട്ടത്തില്‍ മുഹമ്മദ് സുഹൈല്‍ ( 25) അന്യസംസ്ഥാന തൊഴിലാളി ഡല്‍ഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്പി പ്രദീപിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്.  5 ലക്ഷത്തോളം വില വരുന്ന 2 യൂണിറ്റുകളാണ് 5 മാസത്തോളമായി രാവും പകലും ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ബാംഗ്ലൂരില്‍ നിന്നും ഉണക്ക മത്സ്യം കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്‌കൃത പുകയില വസ്തുക്കള്‍ ഇവിടെ എത്തിച്ചിരുന്നത്.

  ഡല്‍ഹിയില്‍ നിന്നും പാക്കിംഗിനുള്ള വസ്തുക്കളും എത്തിച്ചിരുന്നു. തുടര്‍ന്ന് പുകയില ഹാന്‍സ് ആക്കി കവറുകളില്‍ നിറച്ചിരുന്നത് യന്ത്ര സഹായത്താല്‍ ആണ്.രാത്രിയില്‍ ഫാക്ടറിയില്‍ എത്തുന്ന സംഘം വില കൂടിയ ആഡംബര വാഹനങ്ങളിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തികൊണ്ടു പോയിരുന്നത്.

  ബീഡി നിര്‍മ്മാണം എന്നാണ് പ്രതികള്‍ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത് . അത് കൊണ്ട് തന്നെ പുകയിലയുടെ ഗന്ധം ആര്‍ക്കും സംശയം ഉണ്ടാക്കിയിരുന്നില്ല. മുഖ്യ പ്രതിയും കേന്ദ്രത്തിന്റെ ഉടമയും പട്ടാമ്പി വല്ലപ്പുഴ സ്വദേശി ഹംസ ആണ്.100 ചാക്കോളം ഹാന്‍സ് പിടികൂടിയ സംഭവത്തില്‍ പട്ടാമ്പിയില്‍ ഹംസക്ക് എതിരെ കേസുണ്ട്.  മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി പി.എം പ്രദീപ്, വേങ്ങര ഇന്‍സ്പക്ടര്‍ എം മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി .സഞ്ജീവ് എന്നിവരടങ്ങുന്ന സംഘം ആണ് പ്രതികളെ പിടികൂടിയത്.
  Published by:Jayashankar AV
  First published:
  )}