പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ പൊലീസുകാർ ഉൾപ്പെടെയുള്ള ഉന്നതരെ കബളിപ്പിച്ചുകൊണ്ടിരുന്ന വ്യാജന്‍ പിടിയില്‍. ചെന്നൈ കോലാത്തൂര്‍ സ്വദേശിയായ സി വിജയന്‍ (40) ആണ് കേരള പൊലീസിന്റെ പിടിയിലായത്. ‘ചെന്നൈ ക്യൂ ബ്രാഞ്ചിലെ അസിസ്റ്റന്റ് കമ്മീഷ്ണര്‍’ എന്നാണ് വിജയന്‍ സ്വയം പരിചയപ്പെടുത്തുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും തോക്കും ഇയാള്‍ കൈവശം വച്ചിരുന്നു.
തമിഴ്‌നാട് ക്യൂബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ചമഞ്ഞ് കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളിലും ഡി വൈ എസ് പി ഓഫീസുകളിലും കയറി സ്വയം പരിചയപ്പെടുത്തി ബന്ധങ്ങള്‍ സ്ഥാപിക്കുകയാണ് ഇയാളുടെ രീതി. കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് കേരളത്തില്‍ വരുന്നത് എന്നാണ് പരിചയപ്പെടുത്തലില്‍ അറിയിക്കുന്നത്. അതേസമയം, ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പൊലീസില്‍ നിന്ന് ഇയാള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് അറിയുന്നത്.
രണ്ടു മാസം മുമ്പ് ഇയാൾ മൂന്നാര്‍ ഡി വൈ എസ് പി ഓഫീസില്‍ എത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി പരിചയപ്പെടുകയും സംസാരിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത ശേഷം അവിടെ നിന്നും പോകും. കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് വന്നതെന്നാണ് കട്ടപ്പനയിലും പറഞ്ഞത്. യൂണിഫോമിലും പൊലീസ് വാഹനത്തിലും എത്തുന്നതിനാല്‍ ആര്‍ക്കും സംശയവും തോന്നിയിരുന്നില്ല.
ഇത്തരത്തിൽ കഴിഞ്ഞദിവസം ഇയാള്‍ കട്ടപ്പന ഡി വൈ എസ് പി ഓഫീസിലും എത്തി. ഒരു കേസിന്റെ ഭാഗമായി കട്ടപ്പനയില്‍ എത്തിയപ്പോള്‍ ഡി വൈ എസ് പിയെ പരിചയപെടാമെന്നു കരുതി എന്ന് പറഞ്ഞാണ് ഡി വൈ എസ് പി വി എ നിഷാദ്‌മോനോട് പറഞ്ഞത്. സംസാരത്തിനിടയില്‍ എങ്ങനെയാണ് എത്തിയതെന്ന് നിഷാദ്മോൻ ചോദിക്കുകയും പൊലീസ് വാഹനത്തില്‍ ഒറ്റയ്ക്കാണ് വന്നതെന്ന് ഇയാൾ മറുപടിയും പറഞ്ഞു.
എന്നാല്‍, ഇയാള്‍ വന്ന വാഹനത്തിന്റെ നമ്പര്‍ കണ്ട് ഡി വൈ എസ് പി നിഷാദ് മോന് സംശയം തോന്നി. തുടർന്നുള്ള പരിശോധനയില്‍ വണ്ടി കോയമ്പത്തൂര്‍ രജിസ്‌ട്രേഷന്‍ ആണെന്നും സ്വകാര്യ വ്യക്തിയുടെ പേരിലുള്ളതാണെന്നും കണ്ടെത്തി.
സംശയ നിവാരണത്തിനായി ഡി വൈ എസ് പി നിഷാദ് മോന്‍ ഉടന്‍ തന്നെ തമിഴ്‌നാട് ക്യൂബ്രാഞ്ചുമായി ബന്ധപ്പെട്ടു. ഇങ്ങനെ ഒരു ഉദ്യോഗസ്ഥനെക്കുറിച്ച് കേട്ടറിവ് പോലുമില്ല എന്നായിരുന്നു അവരുടെ മറുപടി. തുടര്‍ന്ന് ഈ വിവരം ഉന്നത ഉദ്യോഗസ്ഥര്‍ക്കും തമിഴ്‌നാട് പോലീസിനും കൈമാറി. എന്നാല്‍ ഇതിനോടകം വിജയന്‍ കേരള അതിർത്തി കടന്നിരുന്നു.
Also Read- 'കാക്ക അനീഷിനെ കൊന്നത് ശല്യം സഹിക്ക വയ്യാതെ'; പിടിയിലായ യുവാക്കൾ പൊലീസിനോട്
തമിഴ്‌നാട് പോലീസിന് വിവരങ്ങള്‍ കൈമാറിയതിനെ തുടര്‍ന്ന് ഉത്തമപാളയത്ത് വെച്ച് തമിഴ്‌നാട് പൊലീസ് വ്യാജനെ അറസ്റ്റ് ചെയ്തു. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഗോവ മുന്‍ ഗവര്‍ണര്‍ കിരണ്‍ ബേദി, മറ്റ് പല പ്രമുഖരോടൊപ്പമുള്ളതുമായ ചിത്രങ്ങള്‍ എന്നിവ കണ്ടെത്തി.
രാഷ്ട്രീയ നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍, മറ്റു പ്രശസ്ത വ്യക്തികള്‍ തുടങ്ങിയവരുമായി വ്യാജ മേല്‍വിലാസം ഉപയോഗിച്ച് ഇയാള്‍ ബന്ധം പുലര്‍ത്തിയതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ബന്ധങ്ങള്‍ ഇയാള്‍ മറ്റ് രീതിയില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ എന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Idukki, Kattappana, Tamil Nadu Q branch