കോഴിക്കോട്: ജാമ്യത്തിലിറങ്ങി രണ്ടാം ദിവസം സംഘം ചേർന്ന് വാഹന മോഷണം നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. അമ്പലമോഷണങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ കുറ്റിക്കാട്ടൂർ സ്വദേശി തായിഫ് (22), ഫറോക്ക് സ്വദേശികളായ സഹോദരൻമാർ ഷിഹാൽ (21) ഫാസിൽ (23) എന്നിവരും ഇവരുടെ പിതാവ് ഫൈസലുമാണ് പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെ കൊളത്തറ സ്വദേശിയുടെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ട ബൈക്ക് മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. കസബ പൊലീസ് റജിസ്റ്റർ ചെയ്ത വാഹനമോഷണ കേസിൽ കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുകയായിരുന്ന തായിഫിനെ ഫൈസലാണ് ജാമ്യത്തിലിറക്കിയത്. മലപ്പുറം ജില്ലയിൽ റജിസ്റ്റർ ചെയ്ത വാഹനമോഷണ കേസിൽ അടുത്തിടെയാണ് ഷിഹാലിന് ജാമ്യം ലഭിച്ചത്. ഫൈസൽ ഗൾഫിൽ നിന്നും നാട്ടിലെത്തിയതായിരുന്നു. തായിഫ് ജാമ്യത്തിലിറങ്ങിയതിന്റെ രണ്ടാം ദിവസമാണ് കൊളത്തറയിൽ ബൈക്ക് മോഷണം നടത്തിയത്.
മോഷ്ടിച്ച ബൈക്കുമായി മലപ്പുറത്തും തുടർന്ന് ഫറോക്കിലുള്ള രഹസ്യ സങ്കേതത്തിലുമാണ് സൂക്ഷിച്ചിരുന്നത്. സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെകുറിച്ച് സിറ്റി ക്രൈം സ്ക്വാഡ് അന്വേഷണം നടത്തുന്നതിനിടെ വാഹന ഉടമ തന്റെ വാഹനം റോഡിൽവച്ച് കണ്ടതാണ് വഴിത്തിരിവായത്. ഷിഹാലിനെ സിറ്റി ക്രൈം സ്ക്വാഡിന്റെ സഹായത്തോടെ നല്ലളം പൊലീസ് പിടികൂടി വാഹനം കണ്ടെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.