ന്യൂഡൽഹി: ആറുവയസുകാരിയായ മകളെ അച്ഛൻ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായി അമ്മയുടെ പരാതി. വനിതാ കമ്മീഷനിൽ പരാതി നൽകിയതോടെ ഇയാൾ നാട്ടിലേക്ക് മുങ്ങിയെന്നും പരാതിയിൽ പറയുന്നു. ഡൽഹി സരിത വിഹാറിൽ താമസിക്കുന്ന മലപ്പുറംസ്വദേശിക്കെതിരെ പോക്സോ നിയമമനുസരിച്ച് പൊലീസ് കേസെടുത്തു.
കേസെടുത്തെങ്കിലും ജനുവരിയിൽ കേരളത്തിലേക്ക് മുങ്ങിയ ഇയാളെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. ഡൽഹി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ഇയാൾ ശ്രമം തുടങ്ങിയതോടെയാണ് കോട്ടയം സ്വദേശിനിയായ ഇയാളുടെ ഭാര്യ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്.
എട്ടുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കുറച്ചുകാലമായി ഡൽഹിയിൽ അതിഥി മന്ദിരവും ദക്ഷിണേന്ത്യൻ റസ്റ്റോറന്റും നടത്തുകയാണ് ഇയാൾ. നഴ്സായിരുന്ന ഭാര്യ ഹോട്ടൽ നടത്തിപ്പിൽ സഹായിക്കാനായി ജോലി ഉപേക്ഷിച്ചു. ഹോട്ടലിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി പുലർച്ചെ സ്ഥിരമായി തന്നെ ചന്തയിലേക്ക് അയച്ച ശേഷമാണ് മകളോട് ഇയാൾ ലൈംഗിക അതിക്രമം കാട്ടിയിരുന്നതെന്നും ഇവര് പറഞ്ഞു.
കുട്ടി വേദനിക്കുന്നതായി പറഞ്ഞപ്പോഴാണ് വിവരമറിഞ്ഞത്. തുടർന്ന് ജനുവരി നാലിന് പൊലീസിൽ പരാതി നൽകി. അതുകൊണ്ട് ഫലമില്ലെന്ന് കണ്ട് ജനുവരി 24ന് വനിതാ കമ്മീഷൻ മുഖേന പരാതി നൽകി. ഇതറിഞ്ഞ ഉടൻ ഇയാൾ ഡൽഹിയിൽ നിന്ന് മുങ്ങുകയായിരുന്നു.
സാകേത് കോടതി ഉത്തരവിട്ടതിനെ തുടർന്ന് മാർച്ച് ആറിനാണ് പൊലീസ് എഫ്ഐആർ ഫയൽ ചെയ്തത്. പോക്സോ നിയമമനുസരിച്ച് കേസെടുക്കാൻ വൈകിയതിന് സരിത വിഹാർ പൊലീസിനോട് കോടതി റിപ്പോർട്ടും തേടിയിരുന്നു. എയിംസിൽ നടത്തിയ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.