നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പാലായിൽ മകന്റെ ദേഹത്ത് അച്ഛൻ ആസിഡൊഴിച്ചു; 75 ശതമാനം പൊള്ളലേറ്റ മകൻ ഗുരുതരാവസ്ഥയിൽ

  പാലായിൽ മകന്റെ ദേഹത്ത് അച്ഛൻ ആസിഡൊഴിച്ചു; 75 ശതമാനം പൊള്ളലേറ്റ മകൻ ഗുരുതരാവസ്ഥയിൽ

  സംഭവത്തിൽ പിതാവ് ഗോപാലകൃഷ്ണൻ ചെട്ടിയാരെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.

  അറസ്റ്റിലായ ഗോപാലകൃഷ്ണൻ ചെട്ടിയാർ

  അറസ്റ്റിലായ ഗോപാലകൃഷ്ണൻ ചെട്ടിയാർ

  • Share this:
  കോട്ടയം: പാലായിൽ കുടുംബ വഴക്കിനെ തുടർന്ന് അച്ഛൻ മകന്റെ ശരീരത്തിൽ ആസിഡൊഴിച്ചു. 75 ശതമാനം പൊള്ളലേറ്റ മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പാലാ അന്തിനാട് കാഞ്ഞിരത്തുംകുന്നേൽ ഷിനു ആണ് പിതാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.  ഇന്നലെ പുലർച്ചെയാണ് സംഭവം അരങ്ങേറിയത്.  സംഭവത്തിൽ പിതാവ് ഗോപാലകൃഷ്ണൻ ചെട്ടിയാരെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.

  സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ- പിതാവ് ഗോപാലകൃഷ്ണൻ ചെട്ടിയാരും മകൻ ഷിനുവും സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരവും ഇരുവരും തമ്മിൽ ഏറെനേരം വഴക്കുണ്ടായി. പ്രശ്നങ്ങൾക്ക് താൽക്കാലിക വിരാമമിട്ട് ഷിനു ഉറങ്ങാൻ പോയി. എന്നാൽ പുലർച്ചെ പിതാവ് ഗോപാലകൃഷ്ണൻ ചെട്ടിയാർ ആസിഡ് എടുത്തു ഷിനുവിന്റെ ശരീരത്ത് ഒഴിക്കുകയായിരുന്നു. ആസിഡ് വീണ പൊള്ളലേറ്റ ഷിനു ബഹളം വച്ചതോടെ ആണ് നാട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് ഗുരുതരാവസ്ഥയിലായ ഷിനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  അതീവ ഗുരുതരാവസ്ഥയിലാണ് ഷിനു. കോട്ടയം മെഡിക്കൽ കോളേജിൽ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ഉള്ള എല്ലാ ശ്രമങ്ങളും നടക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. 75 ശതമാനം  പൊള്ളൽ ഉണ്ട് എന്നത് ഗുരുതര സാഹചര്യം ആണ്. അതുകൊണ്ടുതന്നെ ഏറ്റുമാനൂർ മജിസ്ട്രേറ്റ് വിവരമറിയിച്ചതനുസരിച്ച് പൊലീസ് ഷിനുവിന്റെ മരണമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പിതാവ് ശരീരത്തിൽ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് സിനു നൽകിയ മൊഴി.

  സംഭവശേഷം ഗോപാലകൃഷ്ണൻ ചെട്ടിയാർ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. മകനെ ആക്രമിച്ച ശേഷം ഓട്ടോയിൽ കയറിയാണ് ഇയാൾ രക്ഷപ്പെട്ടത് എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇന്നലെ രാത്രി മുതൽ തന്നെ പാലാ പോലീസ് ഇയാൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിരുന്നു. ഇയാൾ പല സ്ഥലങ്ങളിലും എത്തിയതായി വിവരം ഉണ്ടായിരുന്നുവെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താനായിരുന്നില്ല. ഇന്ന് ഉച്ചക്ക് 2 മണിക്കാണ് ഗോപാലകൃഷ്ണൻ ചെട്ടിയാരെ പാലാ പോലീസ് നാടകീയമായി പിടികൂടുന്നത്. പാലാ സർക്കിൾ ഇൻസ്പെക്ടർ കെ പി തോംസൺ മഫ്ചതിയിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്.

  Also Read- യുവതിയെ ബലാത്സംഗം ചെയ്ത് കോഴിയുടെ രക്തം കുടിപ്പിച്ചു; ഭർത്താവും പിതാവും അറസ്റ്റിൽ

  ഗോപാലകൃഷ്ണൻ ചെട്ടിയാരെ പാലാ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ക്രൂരമായ ആക്രമണത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഏതായാലും അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിൽ ആണ് നാട്ടുകാർ. പലപ്പോഴും  വഴക്കുകൾക്ക് ഇരുവരും കാരണമാകാറുണ്ട് എന്നും നാട്ടുകാർ പോലീസിനോട് പറഞ്ഞിട്ടുണ്ട്. വഴക്കുമായി ബന്ധപ്പെട്ട ദൃക്സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്താൻ നീക്കം നടത്തുന്നുണ്ട്. ചോദ്യംചെയ്യൽ പൂർത്തിയായാൽ ഇന്നുതന്നെ ഇയാളെ കോടതിയിൽ ഹാജരാക്കും. ഷിനുവിന്റെ ആരോഗ്യനില പരിഗണിച്ചശേഷം  കൂടുതൽ വകുപ്പുകൾ  പിതാവായ ഗോപാലകൃഷ്ണൻ ചെട്ടിയാർക്കെതിരെ ചുമത്താൻ ആണ് പൊലീസ് നീക്കം നടത്തുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം  തുടർ നടപടി സ്വീകരിക്കുമെന്ന് പാല സി ഐ കെ പി തോംസൺ ന്യൂസ് 18 നോട് പറഞ്ഞു.
  Published by:Rajesh V
  First published:
  )}