ഇന്റർഫേസ് /വാർത്ത /Crime / ഭാര്യയുടെ അമിത വൃത്തി അസഹനീയമായി; ദിവസം 10 തവണവരെ കുളിക്കേണ്ടിവന്ന ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കി

ഭാര്യയുടെ അമിത വൃത്തി അസഹനീയമായി; ദിവസം 10 തവണവരെ കുളിക്കേണ്ടിവന്ന ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കി

News18 Malayalam

News18 Malayalam

കുട്ടികളെ ദിവസവും പലതവണ കുളിപ്പിക്കുമായിരുന്നു. ഭർത്താവ് നൽകുന്ന കറൻസി നോട്ടുകൾ പോലും കഴുകി ഉപയോഗിക്കുകയാണ് പതിവ്.

  • Share this:

ശരത് ശർമ കാളഗാരു

മൈസൂർ‌: ഭാര്യയുടെ അമിത വൃത്തി സഹിക്കാനാകാതെ വന്ന ഭർത്താവ് ഭാര്യയെ കൊന്ന് സ്വയം ജീവനൊടുക്കി. മൈസൂരിൽ ചൊവ്വാഴ്ചയാണ് സംഭവം. ഭാര്യ പുട്ടമണി (38)യെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ശാന്തമൂർത്തി (40) ജീവനൊടുക്കുകയായിരുന്നു. 15 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. തികഞ്ഞ യാഥാസ്ഥിതികയായ പുട്ടമണി കഠിന നിഷ്ഠകൾ പുലർത്തിയിരുന്നുവെന്നും ഇതിൽ സഹികെട്ടാണ് ഭർത്താവ് ക്രൂരകൃത്യം ചെയ്തതെന്നും അയൽവാസികളും ബന്ധുക്കളും പറയുന്നു.

'എന്റെ ജീവിതത്തിൽ പുട്ടമണിയെ പോലൊരാളെ ഞാൻ കണ്ടിട്ടില്ല. എട്ടുവർഷക്കാലമായി ഞാൻ അവരെ കാണുന്നു. കടുത്ത അന്ധവിശ്വാസമാണ് അവർ പിന്തുടരുന്നത്. അവരുടെ വീട്ടിലേക്ക് കാലെടുത്തുവയ്ക്കാൻ പോലും ഞങ്ങൾ ഭയപ്പെട്ടിരുന്നു. കാരണം വീട്ടിലേക്ക് കയറുന്നതിന് മുൻപ് കുളിക്കണമെന്ന് അവർ നിർബന്ധം പിടിക്കും' - ശാന്തമൂർത്തിയുടെ അയൽവാസിയായ പ്രഭു സ്വാമി ന്യൂസ് 18നോട് പറഞ്ഞു.

പുട്ടമണി കുട്ടികളെപോലും ദിവസവും പലതവണ കുളിപ്പിക്കുമായിരുന്നു. ഭർത്താവ് നൽകുന്ന കറൻസി നോട്ടുകൾ പോലും കഴുകി ഉപയോഗിക്കുകയാണ് പതിവ്. 'നോട്ട് കഴുകി ഉണക്കി ഉപയോഗിക്കുന്ന ആരെയെങ്കിലും ഈ ലോകത്ത് കാണാനാകുമോ? എന്നാൽ പുട്ടമണി അങ്ങനെയായിരുന്നു. വിവിധ ജാതി-മതക്കാർ തൊട്ടതുകൊണ്ട് നോട്ട് അശുദ്ധമായെന്നാണ് അവർ കരുതിയിരുന്നത്.'- ബന്ധുവായ രാജശേഖർ പുട്ടമണിയെ കുറിച്ച് പറയുന്നു.

Also Read- ഭാര്യയുമായി ബൈക്കിൽ പോയ യുവാവിന് നേരെ സദാചാര ആക്രമണം

'ശാന്തമൂർത്തി പലതവണ ഭാര്യയുടെ പെരുമാറ്റത്തെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. നിരന്തരം കുളിപ്പിക്കുന്നതുവഴി കുട്ടികൾ അസുഖബാധിതരാകുന്നത് പതിവായിരുന്നു. കടുത്ത നിഷ്ഠകളുടെയും അന്ധവിശ്വാസങ്ങളുടെയും പേരിൽ കടുത്ത പീഡനമാണ് ഭർത്താവും നേരിട്ടത്. ടോയിലറ്റിലോ കാലിത്തൊഴുത്തിലോ പോയാലും ആരെയെങ്കിലും സ്പർശിച്ചാലും കുളിച്ചശേഷം മാത്രമേ ഭർത്താവിനെ വീട്ടിൽ കയറ്റുമായിരുന്നുള്ളൂ. ഇതിന്റെ പേരിൽ ഇരുവരും വഴക്കിടാറുണ്ടായിരുന്നു''- രാജശേഖർ പറഞ്ഞു.

ചൊവ്വാഴ്ച ഫാമിൽ വെച്ചുണ്ടായ ചൂടേറിയ തർക്കത്തിനൊടുവിൽ ക്ഷമ നശിച്ച ഭർത്താവ് ശാന്തമൂർത്തി മൂർച്ചയേറിയ വാള് കൊണ്ട് പുട്ടമണിയെ വെട്ടുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ ശാന്തമൂർത്തി തൂങ്ങിമരിച്ചു. സ്കൂളിൽ നിന്ന് 12ഉം ഏഴും വയസ്സുള്ള കുട്ടികൾ മടങ്ങിയെത്തിയപ്പോഴാണ് അച്ഛൻ തൂങ്ങിനിൽക്കുന്നത് കണ്ടത്. കുട്ടികളുടെ നിലവിളികേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും ശാന്തമൂർത്തി മരിച്ച നിലയിലായിരുന്നു. തുടർന്ന് നടന്ന തെരച്ചിലിനൊടുവിലാണ് ഫാമിൽ പുട്ടമണിയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്താനുപയോഗിച്ച വാളുമായാണ് ശാന്തമൂർത്തി വീട്ടിലെത്തിയത്. വാളിലെ രക്തക്കറ കണ്ടാണ് പുട്ടമണിക്ക് അപായം സംഭവിച്ചുകാണുമെന്ന് ‌അയൽവാസികളും ബന്ധുക്കളും സംശയിച്ചത്.

'ചൊവ്വാഴ്ച രാവിലെ മുതൽ ദമ്പതികള്‍ വഴക്കിടുന്നത് ശ്രദ്ധിച്ചിരുന്നു. വീണ്ടും വീണ്ടും കുളിക്കാൻ പുട്ടമണി ആവശ്യപ്പെടുകയായിരുന്നു. പിന്നീട് കടയിൽ പോയി നെല്ല് വിറ്റശേഷം മടങ്ങിയെത്തിയ ശാന്തമൂർത്തി കാശ് ഭാര്യക്ക് കൈമാറി. ഈ പണം അവർ വെള്ളത്തിൽ കഴുകുന്നത് ഞാൻ കണ്ടു. കഷ്ടപ്പെട്ട് സമ്പാദിച്ച പണം വെള്ളത്തിലിട്ട് കഴുകിയതോടെ ശാന്തമൂർത്തിയുടെ ക്ഷമ നശിച്ചു. പിന്നീട് ഞാൻ പോയി. വളരെ കഴിഞ്ഞാണ് ദുരന്തത്തെ പറ്റി അറിയുന്നത്. '- അയൽവാസിയായ പ്രഭുസ്വാമി കൂട്ടിച്ചേർത്തു.

First published:

Tags: Husband and wife, Karnataka, Mysore S10p21