മുംബൈ: മകളുടെ വാട്സ്ആപ് സ്റ്റാറ്റസിനെ (WhatsApp Status) ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അമ്മയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പാൽഘട്ട് ജില്ലയിലാണ് സംഭവം. മരിച്ച സ്ത്രീയുടെ മകളുടെ വാട്സ് ആപ് സ്റ്റാറ്റസുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.
ഫെബ്രുവരി 10 നായിരുന്നു സംഭവം. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ മനപൂർവമായ നരഹത്യയ്ക്ക് പൊലീസ് അറസ്റ്റ് ചെയ്തു. പാൽഘട്ടിലെ ബോയിസറിലുള്ള ശിവാജി നഗറിലുള്ള നാൽപ്പത്തിയെട്ടുകാരിയായ ലീലാവതി ദേവി പ്രസാദ് മരിച്ചത്.
ലീലാവതി ദേവിയുടെ മകൾ പ്രീതി പ്രസാദ് (20) ആണ് വാട്സ് ആപ്പിൽ സ്റ്റാറ്റസ് ഇട്ടത്. പ്രീതിയുടെ അയൽവാസിയായ 17 വയസ്സുകാരിയുമായി ബന്ധപ്പെട്ടതായിരുന്നു സ്റ്റാറ്റസ്. സ്റ്റാറ്റസ് കണ്ട് പെൺകുട്ടിയും അമ്മയും സഹോദരനും പ്രീതിയുടെ വീട്ടിൽ എത്തുകയായിരുന്നു. സംസാരം തർക്കത്തിലേക്കും പിന്നാലെ കയ്യാങ്കളിയിലേക്കും എത്തി.
ഇതിനിടയിൽ ലീലാവതിയുടെ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ലീലാവതി മരണപ്പെടുകയായിരുന്നു. ലീലാവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും കയ്യാങ്കളിയിലുണ്ടായ പരിക്കാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി.
മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയൽവാസികളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കും അമ്മയ്ക്കും സഹോദരനുമെതിരെ സെക്ഷൻ 304 പ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
വാട്സ് ആപ് സ്റ്റാറ്റസ് എന്താണെന്ന് വെളിപ്പെടുത്താനാകില്ലെന്നും എന്നാൽ പ്രതീയുടെ സുഹൃത്തായ പതിനേഴുകാരി അതിനെ വ്യക്തിപരമായി എടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും ബോയിസർ പൊലീസ് സ്റ്റേഷൻ ഹെഡ് ഇൻസ്പെക്ടർ സുരേഷ് കദം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തായാകാത്ത പെൺകുട്ടിയെ ദുര്ഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റും.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.