തിരുവനന്തപുരം: കരമനയില്വഴിയോര മത്സ്യക്കച്ചവടക്കാരിയുടെ മീന്‍ പോലീസ് തട്ടിത്തെറിപ്പിച്ചതായി പരാതി. കരമന പാലത്തിനു സമീപം വൈകിട്ട് മീന്‍ വില്‍പ്പന നടത്തിയിരുന്ന ആളായിരുന്നു മരിയ പുഷ്പം. വലിയതുറ സ്വദേശിയായ മരിയ ചൊവ്വാഴ്ച വൈകിട്ട് കരമന പാലത്തിനുസമീപം മീന്‍ വില്‍ക്കുന്നതിനിടയില്‍ കരമന പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇവിടെ മീന്‍ വില്‍പ്പന പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. കരമന പാലത്തിലെ മീന്‍ വില്‍പ്പന ആള്‍ക്കൂട്ടത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. മറ്റൊരു സ്ഥലത്തേക്ക് മാറണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.എന്നാല്‍ ബുധനാഴ്ച വൈകിട്ടും അതേ സ്ഥലത്താണ് മരിയ പുഷ്പം മീന്‍ വില്‍പ്പന നടത്തിയത്. അഞ്ചരയോടെ സ്ഥലത്തെത്തിയ കരമന പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ വന്ന് മീന്‍ തട്ടിത്തെറിപ്പിച്ചതായാണ് പരാതി. മത്സ്യം ചിതറിക്കിടക്കുന്നത് കണ്ടതോടെ നാട്ടുകാരും വലിയ പ്രതിഷേധവുമായി രംഗത്തെത്തി. മരിയ പുഷ്പത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാട്ടുകാര്‍ വലിയ പ്രതിഷേധമുയര്‍ത്തി. ഇതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മരിയ പുഷ്പവുമായി സംസാരിച്ചു. രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ മീന്‍ തട്ടിത്തെറിപ്പിച്ചുവെന്ന് മരിയാപുഷ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
മീന്‍ തട്ടിത്തെറിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മരിയാ പുഷ്പം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മരിയാ പുഷ്പത്തിന് ഉറപ്പുനല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മരിയ പുഷ്പത്തെ കരമന പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി മൊഴി രേഖപ്പെടുത്തി. മീന്‍ തട്ടിത്തെറിപ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മരിയാ പുഷ്പം. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജുവിന് പരാതി നല്‍കുമെന്നും മരിയാ പുഷ്പം പറഞ്ഞു.നേരത്തെ ആറ്റിങ്ങലില്‍ വഴിയോര മത്സ്യ കച്ചവടക്കാരിയുടെ മത്സ്യം തട്ടിത്തെറിപ്പിച്ച സംഭവം വിവാദമായിരുന്നു. ആറ്റിങ്ങല്‍ നഗരസഭയിലെ രണ്ട് ജീവനക്കാരാണ് മത്സ്യം തട്ടിത്തെറിപ്പിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ സംഭവം കരമനയിലും ആവര്‍ത്തിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Thiruvananthapuram