മൈസൂരുവിൽ എം ബി എ വിദ്യാർഥിനിയായ 22കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ അഞ്ചുപേരെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ എല്ലാവരും തമിഴ്നാട് ഈറോഡ് ജില്ലയിലെ സത്യമംഗലം സ്വദേശികളാണ്. ഒരാളെ പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു. കേസിലെ ആറുപ്രതികളും മോഷണം അടക്കമുള്ള കേസുകളിൽ സ്ഥിരം കുറ്റവാളികളാണെന്നും പൊലീസ് അറിയിച്ചു. കൂലിപ്പണിക്കാരായ ഇവരില്‍ ഒരാളൊഴിച്ച് എല്ലാവരും 25-30 വയസിന് ഇടയിലുള്ളവരാണ്. ഒരാൾക്ക് 17 വയസാണ്.
സംഘം സ്ഥിരമായി മൈസൂരു സന്ദർശിക്കുകയും അവിടെ നിന്ന് മോഷണവും പിടിച്ചുപറിയും നടത്തി സ്വദേശത്തേക്ക് മടങ്ങുകയും ചെയ്യുക പതിവാണെന്ന് ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പിടിച്ചുപറിയോ മോഷണമോ നടത്തിയ ശേഷം ചാമുണ്ഡി കുന്നിന് സമീപം ലളിതാദ്രി നഗറിൽ ഇവർ ഒത്തുകൂടാറുണ്ട്. യുവതിയെയും സുഹൃത്തിനെയും ആക്രമിക്കുമ്പോൾ ഇവരെല്ലാവരും മദ്യപിച്ച നിലയിലായിരുന്നു. രണ്ടുപേരെയും സംഘം ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോവുകയും ആൺ സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിന്റെ വീഡിയോ പകർത്തിയശേഷം ഇവരെ വിടുന്നതിന് മൂന്ന് ലക്ഷം രൂപ നൽകണമെന്നും ഭീഷണിപ്പെടുത്തി.
മൂന്നു ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം വെള്ളിയാഴ്ച വൈകിട്ടോടെ വിദ്യാർഥിനി ആശുപത്രി വിട്ടു. അവർ സ്വദേശമായ മുംബൈയിലേക്ക് മടങ്ങിയെന്നാണ് വിവരം. പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹപാഠി ബുധനാഴ്ച ആശുപത്രി വിട്ടിരുന്നു.
നേരത്തെ മലയാളികളായ എഞ്ചിനീയറിംഗ് വിദ്യാർഥികളെ കേസിൽ പൊലീസ് സംശയിച്ചിരുന്നു. ഇവർ കേരളത്തിലേക്ക് കടന്നുവെന്ന സംശയത്തെ തുടർന്ന് പൊലീസ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും എത്തി പരിശോധന നടത്തിയിരുന്നു. സംഭവം നടന്ന മൊബൈൽ ടവർ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് യഥാർത്ഥ പ്രതികൾ പിടിയിലായത്.
പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. എ ഡി ജി പി സി.എച്ച്. പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല. സംഭവ സ്ഥലത്തുനിന്നും ഡി എൻ എ സാംപിളും ശേഖരിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിർദേശ പ്രകാരം ഡി ജി പി പ്രവീൺ സൂദാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.