പത്തനംതിട്ട: പിതാവിന്റെ മര്‍ദനമേറ്റ് അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ടയിലാണ് സംഭവം തമിഴ്നാട് രാജപാളയം ദമ്പതികളുടെ മകളാണ് മരിച്ചത്. ലഹരിക്ക് അടിമയായ പിതാവിന്റെ ക്രൂര മർദ്ദനമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്. ഇയാളെ പിന്നീട് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽ വീട്ടിലെ സ്ത്രീ കണ്ടത് ദേഹമാസകലം മുറിവേറ്റു ബോധമില്ലാതെ കിടക്കുന്ന കുട്ടിയെയാണ്. കടുത്ത ശ്വാസതടസവും ഉണ്ടായിരുന്നു ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇതിനിടെ കുട്ടിയുടെ അച്ഛനെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാർഥങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ജോലി സംബന്ധമായി ഏറെ കാലമായി പത്തനംതിട്ടയിൽ സ്ഥിരതാമസമാക്കിയവരാണ് മരിച്ച കുട്ടിയുടെ വീട്ടുകാർ.
Also Read-
അബദ്ധത്തിൽ വെടിയേറ്റ് സുഹൃത്ത് കൊല്ലപ്പെട്ടു; കുറ്റബോധം താങ്ങാനാകാതെ മൂന്ന് യുവാക്കൾ വിഷം കഴിച്ചു മരിച്ചു
കൊല്ലത്ത് ഉണ്ടായ ഞെട്ടിക്കുന്ന സംഭവത്തിൽ പ്രവാസിയായ മദ്ധ്യവയസ്ക്കനെ വീട്ടിലേക്കു വിളിച്ചു വരുത്തി വെട്ടിക്കൊന്ന ശേഷം ബന്ധു വീടിന് സമീപം കുഴിച്ചിട്ടു. കൊല്ലം ജില്ലയിലെ പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓയൂർ കരിങ്ങന്നൂർ ആറ്റൂർകോണത്താണ് സംഭവം. ആറ്റൂര്‍കോണം പള്ളിവടക്കതില്‍ ഹാഷിം(56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആറ്റൂര്‍കോണം സ്വദേശിയായ ഷറഫുദ്ദീന്, നിസാം എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഹാഷിമിനെ കാണാനില്ലെന്ന് കാട്ടി ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ബന്ധുക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയത്. മാർച്ച് 31ന് രാത്രി മുതൽ ഹാഷിമിനെ കാണാനില്ലെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഷറഫുദ്ദീനും നിസാമും പിടിയിലാകുന്നത്. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ചാരായം നൽകാമെന്ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയും മദ്യം നൽകിയ ശേഷം കൊടുവാളിന് ഷറഫുദ്ദീൻ ഹാഷിമിനെ കൊലപ്പെടുത്തുകയുമായിരുന്നു. അതിനു ശേഷം മൃതദേഹം മറവു ചെയ്യാനാണ് സുഹൃത്തായ നിസാമിന്റെ സഹായം ഷറഫുദ്ദീൻ തേടിയത്.
മുമ്പ് ഗൾഫിൽ ഒരുമിച്ച് ജോലി ചെയ്തിട്ടുള്ളവരാണ് ഷറഫുദ്ദീനും ഹാഷിമും. ആ സമയത്ത് ഷറഫുദ്ദീന് ഹാഷിം 20000 രൂപ കടമായി നൽകിയിരുന്നു. ലോക്ക് ഡൌൺ കാലത്ത് ജോലി നഷ്ടപ്പെട്ട് ഇരുവരും നാട്ടിലെത്തിയതോടെ ഷറഫുദ്ദീനോട് ഹാഷിം പണം തിരികെ ആവശ്യപ്പെട്ടു. കാണുമ്പോഴൊക്കെ പോക്കറ്റിൽ നിന്ന് അഞ്ഞൂറും ആയിരവും ഹാഷിം എടുത്തുകൊണ്ടുപോകുന്നതും പതിവായി. മുമ്പ് ചില ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ഹാഷിമിനോട് എതിർത്തു നിൽക്കാനുള്ള ധൈര്യം ഷറഫുദ്ദീന് ഇല്ലായിരുന്നു. ഇതോടെയാണ് ഹാഷിമിനെ തന്ത്രപരമായി വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ഷറഫുദ്ദീൻ തീരുമാനിച്ചത്.
ഇതുപ്രകാരമാണ് മാർച്ച് 31ന് വാറ്റു ചാരായം നൽകാമെന്ന് പറഞ്ഞു ഹാഷിമിനെ ഷറഫുദ്ദീൻ വിളിച്ചു വരുത്തുന്നത്. ഷറഫുദ്ദീന്റെ വീട്ടിൽ ചാരായം വാറ്റുന്നത് പതിവായിരുന്നു. അമിതമായി മദ്യപിച്ച് അർദ്ധോധാവസ്ഥയിലായതോടെ ഹാഷിമിനോട് അവിടെ കിടക്കാമെന്നും വീട്ടിലേക്കു രാവിലെ പോകാമെന്നും ഷറഫുദ്ദീൻ ആവശ്യപ്പെടുകയായിരുന്നു. ഉറക്കത്തിനിടെയാണ് കൊടുവാൾ കൊണ്ട് ഷറഫുദ്ദീൻ ഹാഷിമിനെ വെട്ടിക്കൊന്നത്. മരണം ഉറപ്പാക്കിയ ശേഷം നിസാമിനെ വിളിച്ചു വരുത്തിയ ശേഷം സമീപത്തുള്ള ബന്ധു വീടിന്റെ പിൻവശത്ത് വലിയ കുഴിയെടുത്ത് മൃതദേഹം അതിൽ ഇട്ടു മൂടുകയായിരുന്നു.
സംഭവം മറ്റാരും അറിയില്ലെന്ന മട്ടിൽ മുന്നോട്ടു പോകുന്നതിനിടെയാണ് ഷറഫുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഹാഷിമിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നായ മണംപിടിച്ച് ഷറഫുദ്ദീന്റെ വീട്ടിൽ എത്തുകയായിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ഷറഫുദ്ദീൻ കൊലപാതക കുറ്റം സമ്മതിച്ചത്. തുടർന്ന് മൃതദേഹം മറവു ചെയ്ത സ്ഥലവും ഷറഫുദ്ദീൻ കാണിച്ചു കൊടുത്തു. സഹായിയായ നിസാമിനെയും പൊലീസ് അറസ്റ്റു ചെയ്തു.
കൊട്ടാരക്കര ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ മൃതദേഹം ഇന്നു പുറത്തെടുക്കും. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു കൊണ്ടു പോകുമെന്ന് പൂയപ്പള്ളി പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.